ന്യൂദല്‍ഹി: ലോകത്തെ ഏറ്റവും വലിയ എണ്ണ സംസ്‌ക്കരണ ശാലയായ സൗദി അരാംകോയ്ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് എണ്ണ ഉല്‍പാദനത്തിലുണ്ടായ കുറവുമൂലം അസംസ്‌കൃത എണ്ണ വില കുത്തനെ ഉയര്‍ന്നു. വില 20 ശതമാനം വര്‍ധിച്ച് ബാരലിന് 70 ഡോളറായി. 28 വര്‍ഷത്തിടെ അസംസ്‌കൃത എണ്ണയുടെ വിലയില്‍ ഒറ്റ ദിവസം കൊണ്ടുണ്ടാകുന്ന ഏറ്റവും വലിയ വിലവര്‍ധനവാണിത്. വില ബാരലിന് 80 ഡോളര്‍ വരെ ഉയര്‍ന്നേക്കുമെന്നാണ് സൂചന. ഇന്ത്യന്‍ വിപണിയിലും എണ്ണ വില വരും ദിവസങ്ങളില്‍ കുത്തനെ ഉയര്‍ന്നേക്കും.
സൗദിയില്‍ എണ്ണ ഉല്‍പാദനം പൂര്‍വ്വസ്ഥിതിയിലാവാന്‍ ദിവസങ്ങളോളം എടുക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. സൗദി അറേബ്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അതുകൊണ്ടുതന്നെ ഇന്ത്യന്‍ വിപണിയില്‍ ഇത് വലിയ പ്രതിഫലനങ്ങള്‍ ഉണ്ടാക്കും.
മുമ്പ് ഇറാഖ് കുവൈറ്റ് യുദ്ധകാലത്താണ് എണ്ണ വില ഇത്രയധികം കൂടിയത്. ആഗോള വിപണിയില്‍ ക്രൂഡോയില്‍ വിലയില്‍ ഒിരു ഡോളര്‍ കൂടിയാല്‍ ഇന്ത്യയുടെ ഇറക്കുമതിച്ചിലവില്‍ 10700 കോടി രൂപ വര്‍ധിയ്ക്കും. നിലവില്‍ ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ക്രൂഡോയിലിന് വിപണിയില്‍ ബാരലിന് 60.04 ഡോളറാണ് വില. സൗദി പ്രതിസന്ധിയോടെ ഇന്ത്യയുടെ ഇറക്കുമതിച്ചെലവില്‍ 60,000 കോടിയോളം രൂപയുടെ വര്‍ധനയുണ്ടാവും.
ഇറാന്‍,വെനസ്വേല എന്നിവിടങ്ങളില്‍ നിന്ന് പ്രതിദിനം ആറു ലക്ഷത്തോളം ബാരല്‍ ക്രൂഡോയിലാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഇരു രാജ്യങ്ങളിലും അമേരിക്ക ഉപരോധം തീര്‍ത്തതോടെ എണ്ണ ഇറക്കുമതി നിര്‍ത്തലാക്കാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെയാണ് ഇന്ത്യക്ക് സൗദി,യു.എസ് എന്നീ രാജ്യങ്ങളെ ആശ്രയിക്കേണ്ടി വന്നത്. പ്രതിദിനം രണ്ടു ലക്ഷം ബാരല്‍ എണ്ണയാണ് ആരാംകോയില്‍ നിന്ന് മാത്രം ഇന്ത്യക്ക് അധികമായി ലഭിക്കുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ