യൂറോപ്യന്‍ യൂണിയന്റെ റഷ്യന്‍ എണ്ണ നിരോധനം; എണ്ണ വില ഉയരുന്നു
World News
യൂറോപ്യന്‍ യൂണിയന്റെ റഷ്യന്‍ എണ്ണ നിരോധനം; എണ്ണ വില ഉയരുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 1st June 2022, 7:59 am

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ മൂന്നില്‍ രണ്ട് ഭാഗവും നിരോധിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചതിന് പിന്നാലെ ആഗോള തലത്തില്‍ എണ്ണ വില ഉയരുന്നു.

ബ്രസല്‍സില്‍ വെച്ച് നടക്കുന്ന ഉച്ചകോടിയുടെ ആദ്യ ദിവസമായ തിങ്കളാഴ്ചയായിരുന്നു റഷ്യന്‍ എണ്ണ നിര്‍ത്തലാക്കുന്നത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഇതിന് പിന്നാലെ ചൊവ്വാഴ്ച എണ്ണ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി.

കൊവിഡിന്റെ ഭാഗമായുണ്ടായിരുന്ന നിയന്ത്രണങ്ങളില്‍ ചൈന ഇളവ് വരുത്തിയതും എണ്ണ വില ഉയരാന്‍ കാരണമായതായാണ് വിലയിരുത്തപ്പെടുന്നത്.

ബ്രന്റ് ക്രൂഡ് ഓയിലിന്റെ വിലയില്‍ ബാരലിന് 2.11 ഡോളറിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ബാരലിന് 123.78 ഡോളറാണ് വില.

നേരത്തെ, യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മൈക്കല്‍ ആയിരുന്നു 90 ശതമാനം റഷ്യന്‍ എണ്ണയുടെയും ഇറക്കുമതി നിര്‍ത്തലാക്കാന്‍ തീരുമാനമെടുത്ത വിവരം പുറത്തുവിട്ടത്.

യൂറോപ്യന്‍ യൂണിയന്‍ റഷ്യക്ക് മേല്‍ ചുമത്തിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ഉപരോധ മാര്‍ഗമാണ് ഇത്.

യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുക, റഷ്യയുടെ വരുമാന മാര്‍ഗങ്ങള്‍ക്ക് തടയിടുക എന്നിവയാണ് നിരോധനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് പറഞ്ഞിരുന്നു.

റഷ്യന്‍ സ്റ്റേറ്റ് ഉടമസ്ഥതയിലുള്ള മൂന്ന് ബ്രോഡ്കാസ്റ്റര്‍മാരെ നിരോധിക്കുക, ഉക്രൈനിലെ യുദ്ധ കുറ്റകൃത്യങ്ങളില്‍ ഉത്തരവാദികളായ റഷ്യക്കാരെ നിരോധിക്കുക എന്നീ നടപടികളിലേക്കും ഇ.യു ഇതിനൊപ്പം കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ തീരുമാനപ്രകാരം അംഗരാജ്യങ്ങളായ 27 രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനിലേക്കുള്ള റഷ്യന്‍ എണ്ണയുടെ ഇറക്കുമതി നിരോധിക്കുന്നതിന് സമ്മതം നല്‍കും. അതേസമയം പൈപ്പ്ലൈന്‍ വഴിയുള്ള ക്രൂഡ് ഓയില്‍ ഡെലിവറിക്ക് ഇതില്‍ നിന്നും ഇളവ് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Content Highlight: Oil prices rise after European Union bans Russian oil imports