ന്യൂദല്‍ഹി: വിവിധ സംസ്ഥാനങ്ങളിലെ തുറമുഖങ്ങളിലൂടെ വെളിച്ചെണ്ണ കയറ്റുമതി ചെയ്യാന്‍ അനുവദിക്കണമെന്ന വാണിജ്യ മന്ത്രാലയ നിര്‍ദേശം കേരളവുമായി ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര മന്ത്രിസഭ കൃഷി മന്ത്രാലയത്തെ ചുമതലപ്പെടുത്തി. []
നിലവില്‍ കൊച്ചി തുറമുഖംവഴി മാത്രമാണ് വെളിച്ചെണ്ണ കയറ്റുമതി അനുവദിക്കുന്നത്. ഭക്ഷ്യ എണ്ണകളില്‍ വെളിച്ചെണ്ണയ്ക്കു മാത്രമാണ് അടുത്ത കാലത്ത് വിലയിടിവുണ്ടായത്.
സൊയാബീന്‍ എണ്ണ, കടുകെണ്ണ, കടലയെണ്ണ, സൂര്യകാന്തി എണ്ണ എന്നിവയ്ക്ക് ആഭ്യന്തര വിപണിയില്‍ കഴിഞ്ഞ ആറു മാസത്തില്‍ 13 മുതല്‍ 20% വരെ വില വര്‍ധിച്ചു. ഇക്കാലയളവില്‍ വെളിച്ചെണ്ണ വില 4.7% കുറഞ്ഞു.
ആഭ്യന്തര ഉല്‍പാദനത്തിലും ഗണ്യമായ കുറവുണ്ടാവും. അതുകൊണ്ടുതന്നെ പൊതുവില്‍ ഭക്ഷ്യ എണ്ണയുടെ കയറ്റുമതിക്കുള്ള നിരോധനം തുടരാന്‍ കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.
തമിഴ്‌നാട്, ആന്ധ്ര, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ തുറമുഖങ്ങളിലൂടെയുള്ള കയറ്റുമതിയും നേപ്പാള്‍-ഇന്ത്യ, ഭൂട്ടാന്‍-ഇന്ത്യ അതിര്‍ത്തികള്‍ വഴിയുള്ള വ്യാപാരവും അനുവദിക്കുന്നത് വെളിച്ചെണ്ണയ്ക്ക് മെച്ചപ്പെട്ട വില ഉറപ്പാക്കുന്ന നടപടിയാകുമെന്നാണ് നാളികേര വികസന ബോര്‍ഡിന്റെ നിലപാട്.
ഭക്ഷ്യ എണ്ണ ഉല്‍പാദനം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 19.2 ദശലക്ഷം ടണ്‍ കുറവായിരിക്കുമെന്നാണ് കണക്കാക്കുന്നത്. ഫലത്തില്‍, ഉപയോഗത്തിനൊത്ത ഉത്പാദനമുണ്ടാവില്ല.
റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കു ഭക്ഷ്യ എണ്ണയ്ക്ക് കിലോഗ്രാമിന് 15 രൂപ സബ്‌സിഡി കൊടുക്കുന്നത് നിര്‍ത്തലാക്കണമെന്ന് ധനമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സബ്‌സിഡി തുടരണമെന്ന ഭക്ഷ്യ മന്ത്രാലയത്തിന്റെ വാദത്തെ പ്രധാനമന്ത്രിയും അനുകൂലിച്ചു.