ഓയിലും ഗ്യാസും ദൈവത്തിന്റെ വരദാനങ്ങള്‍; COP29 വേദിയില്‍ അസര്‍ബൈജാന്‍ പ്രസിഡന്റ്
World News
ഓയിലും ഗ്യാസും ദൈവത്തിന്റെ വരദാനങ്ങള്‍; COP29 വേദിയില്‍ അസര്‍ബൈജാന്‍ പ്രസിഡന്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th November 2024, 12:26 pm

ബാക്കു: ഐക്യരാഷ്ട്രസഭയുടെ 29ാമത് കാലാവസ്ഥ ഉച്ചകോടിയില്‍ വിചിത്രമായൊരു പ്രസ്താവനയുമായി ആതിഥേയ രാജ്യമായ അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവ്. ഹരിത ഗൃഹ വാതകങ്ങളും ഫോസില്‍ ഇന്ധനങ്ങളും കുറയ്ക്കുന്നതിനായുള്ള നടപടികള്‍ തീരുമാനിക്കാനായി ചേര്‍ന്ന ലോക രാജ്യങ്ങളുടെ വാര്‍ഷിക ഉച്ചകോടില്‍ ഓയിലും ഗ്യാസും ദൈവത്തിന്റെ വരദാനങ്ങളാണെന്നാണ് ഇല്‍ഹാം അലിയേവ് ഉച്ചകോടി വേദിയില്‍ വെച്ച് പറഞ്ഞത്.

എണ്ണ, ഗ്യാസ്, കാറ്റ്, സൂര്യന്‍, സ്വര്‍ണം, വെള്ളി ഇവയെല്ലാം പ്രകൃതി വിഭവങ്ങള്‍ ആണെന്നും അതിനാല്‍ തന്നെ ഇത്തരം വിഭവങ്ങള്‍ വിപണിയില്‍ എത്തിക്കുന്ന രാജ്യങ്ങളെ കുറ്റപ്പെടുത്തേണ്ട ആവശ്യമില്ലെന്നും കാരണം അവ വിപണിയുടെ നിലനില്‍പ്പിന് തന്നെ ആവശ്യമാണെന്നുമായിരുന്നു ഇല്‍ഹാം അലിയേവ് സമ്മേളന വേദിയില്‍ വെച്ച് പറഞ്ഞത്.

അസര്‍ബൈജാന്റെ കാര്‍ബണ്‍ ബഹിര്‍ഗമനത്തെ വിമര്‍ശിച്ച യൂറോപ്യന്‍ മാധ്യമങ്ങളോട് ഇല്‍ഹാം, ഫോസില്‍ ഇന്ധനങ്ങളുടെ ശേഖരമുള്ള രാജ്യങ്ങളെ കുറ്റപ്പെടുത്തേണ്ട ആവശ്യമില്ലെന്നും പറഞ്ഞു.

അസര്‍ബൈജാന്‍ പ്രസിഡന്റിന്റെ തൊട്ടു മുമ്പ് വേദിയില്‍ സംസാരിച്ച ഐക്യരാഷ്ട്രസഭ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറസ് ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കുന്നത് തെറ്റായ നിലപാടാണെന്ന് പറഞ്ഞിരുന്നു. ഈ വര്‍ഷം കാലാവസ്ഥ വ്യതിയാനം മൂലം അതികഠിനമായ ചൂടും റെക്കോര്‍ഡ് താപനിലയുമാണ് ലോകത്ത് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യവസായികമായി എണ്ണ ഉല്‍പ്പാദനം ആരംഭിച്ച അസര്‍ബൈജാന് നിലവില്‍ ഏഴ് ബില്യണ്‍ ബാരല്‍ എണ്ണ ശേഖരമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഓയില്‍, ഗ്യാസ് ഉല്‍പ്പാദനത്തില്‍ നിന്നുള്ള വരുമാനം രാജ്യത്തിന്റെ ജി.ഡി.പിയുടെ 35 ശതമാനത്തോളം വരും. അസര്‍ബൈജാന്റെ കയറ്റുമതിയുടെ 75 ശതമാനവും പോകുന്നത് യൂറോപ്യന്‍ വിപണികളിലേക്കാണ്.

അതേസമയം ഇന്ന് ബക്കുവില്‍ ആരംഭിച്ച ഉച്ചകോടിയില്‍ യു.എസ്, ചൈന, ഫ്രാന്‍സ് എന്നീ രാജ്യങ്ങളൊന്നും പങ്കെടുക്കില്ല. ഇവര്‍ക്ക് പുറമെ ഇന്ത്യയുടേയും ഇന്തോനേഷ്യയുടെയും പ്രധാനമന്ത്രിമാരും പങ്കെടുക്കില്ല എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Content Highlight: Oil and gas are a ‘gift of god’ says Azerbaijan President