സംഘപരിവാറിന്റെ പരിപാടിയില്‍ പങ്കെടുത്തത് കേരളത്തിന്റെ രാഷ്ട്രീയ സംസ്‌കാരത്തിന് അടിവരയിടാന്‍; കെ.ജി. മാരാര്‍ പുസ്തക പ്രകാശനച്ചടങ്ങ് വിവാദത്തില്‍ ജോണ്‍ ബ്രിട്ടാസ്
തിരുവനന്തപുരം: ആര്‍.എസ്.എസ് നേതാവ് കെ.ജി. മാരാരെ കുറിച്ചുള്ള പുസ്തക പ്രകാശനച്ചടങ്ങില്‍ പങ്കെടുത്തതില്‍ വിശദീകരണവുമായി ജോണ്‍ ബ്രിട്ടാസ് എം.പി. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍ അല്‍പസമയത്തിനകം ഈ പോസ്റ്റ് ജോണ്‍ ബ്രിട്ടാസ് പിന്‍വലിച്ചു.
സംഘപരിവാര്‍ പദ്മവ്യൂഹത്തിലേക്കാണ് പോകുന്നത് എന്നറിഞ്ഞിട്ടും ഞാന്‍ ഈ പരിപാടിയില്‍ പങ്കെടുത്തത് കേരളത്തിന്റെ രാഷ്ട്രീയ സംസ്‌കാരത്തിന് അടിവരയിടാനാണ്. വിയോജിപ്പുകള്‍ ഉണ്ടെങ്കിലും ഒരുമിച്ചിരിക്കാന്‍ കഴിയുന്നത് ഇന്ന് കേരളത്തില്‍ മാത്രമാണ്. അതുകൂടി നഷ്ടപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു.
കെ. കുഞ്ഞിക്കണ്ണന്റെ ഉദ്യമത്തെ അഭിനന്ദിക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ പുസ്തകത്തിലെ നിരവധി ആഖ്യാനങ്ങളോട് തനിക്കുള്ള വിയോജിപ്പും താന്‍ വ്യക്തമാക്കിയെന്നും ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു.
ആര്‍.എസ്.എസ് നേതാവായ കെ.ജി. മാരാരെക്കുറിച്ചെഴുതിയ പുസ്തകപ്രകാശന ചടങ്ങില്‍ പങ്കെടുത്തതിനും, ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയോടൊപ്പം വേദി പങ്കിട്ടതിനും വ്യാപകമായ പ്രതിഷേധമായിരുന്നു ബ്രിട്ടാസിനെതിരെ ഉയര്‍ന്നു വന്നിരുന്നത്.
‘കണ്ണൂര്‍ ജയിലില്‍ കഴിയവെ മുസ്‌ലിം സഹതടവുകാര്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ പായവിരിച്ച് നല്‍കിയ രാഷ്ട്രീയ സൗഹൃദത്തിനുടമയാണ് മാരാര്‍. ഇന്ന് ആ രാഷ്ട്രീയാന്തരീക്ഷം മാറി.
കെ. ജി. മാരാരെക്കുറിച്ച് കെ കുഞ്ഞിക്കണ്ണന്‍ രചിച്ച ‘കെ. ജി. മാരാര്‍; മനുഷ്യപ്പറ്റിന്റെ പര്യായം’ എന്ന പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കുകയും ഗോവ ഗവര്‍ണര്‍ അഡ്വ പി. എസ്. ശ്രീധരന്‍പിള്ളയില്‍ നിന്നും പുസ്തകം ഏറ്റു വാങ്ങുകയും ചെയ്തു.
സംഘപരിവാര്‍ പദ്മവ്യൂഹത്തിലേക്കാണ് പോകുന്നത് എന്നറിഞ്ഞിട്ടും ഞാന്‍ ഈ പരിപാടിയില്‍ പങ്കെടുത്തത് കേരളത്തിന്റെ രാഷ്ട്രീയ സംസ്‌കാരത്തിന് അടിവരയിടാനാണ്. വിയോജിപ്പുകള്‍ ഉണ്ടെങ്കിലും ഒരുമിച്ചിരിക്കാന്‍ കഴിയുന്നത് ഇന്ന് കേരളത്തില്‍ മാത്രമാണ്. അതുകൂടി നഷ്ടപ്പെടുത്തരുത്.
രാഷ്ട്രീയ സൗമനസ്യവും സൗഹൃദവും നമ്മള്‍ തിരിച്ചുവിളിക്കേണ്ടതുണ്ട്. കെ. കുഞ്ഞിക്കണ്ണന്റെ ഉദ്യമത്തെ അഭിനന്ദിക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ പുസ്തകത്തിലെ നിരവധി ആഖ്യാനങ്ങളോട് എനിക്കുള്ള വിയോജിപ്പും ഞാന്‍ വ്യക്തമാക്കി.
ജസ്റ്റിസ് ജോസഫ് വിതയത്തില്‍ കമ്മീഷന്‍, 1991 ഉണ്ടാക്കിയ കോലീബി സഖ്യം തുടങ്ങിയ വിഷയങ്ങളൊക്കെ സംസാരിച്ചു.