മമ്മൂട്ടിയെ ആരും പേടിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം ആരെയും പിടിച്ച് തിന്നുകയൊന്നുമില്ലെന്നും നടനും സംവിധായകനുമായ സോഹന്‍ സീനുലാല്‍. മമ്മൂട്ടിയെ എല്ലാവര്‍ക്കും പേടിയാണെന്നാണല്ലോ പറയുന്നതെന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ലെറ്റ്‌സ് ടോക്ക് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നമുക്ക് ഉദാഹരണമായി എടുക്കാം. അയാള്‍ തന്റെ കര്‍ത്തവ്യങ്ങള്‍ കൃത്യമായി ചെയ്യുകയാണെങ്കില്‍ നമുക്ക് പുള്ളിയെ പേടി കാണും. അയാള്‍ ഒരു കൈക്കൂലിക്കാരനാണെങ്കില്‍, കൃത്യസമയത്ത് ജോലിക്ക് വരാത്ത ആളാണെങ്കില്‍ നമ്മള്‍ക്കും അയാളെ പേടിയില്ലാതെ ആവും.
നമ്മള്‍ ആരും അയാളെ ശ്രദ്ധിക്കാതെ വരും. ഒരാള്‍ കൃത്യമായി അയാളുടെ കര്‍ത്തവ്യങ്ങള്‍ ചെയ്യുമ്പോള്‍ നമുക്ക് ഉണ്ടാകുന്ന ബഹുമാനം അതാണ് ഞാന്‍ പറഞ്ഞ പേടി. അതുപോലെ തന്നെയാണ് മമ്മൂക്കയുടെ കാര്യം. അദ്ദേഹത്തിനോട് നമുക്ക് പേടി കലര്‍ന്ന ബഹുമാനമാണ് എപ്പോഴും.
ആ ബഹുമാനത്തെ നമുക്ക് പേടി എന്ന് വ്യാഖ്യാനിക്കാം എന്നു മാത്രമേയുള്ളു. അല്ലാതെ മമ്മൂക്ക നമ്മളെ പിടിച്ച് തിന്നാനൊന്നും വരില്ല. നമ്മുടെ ഒരു കാര്യങ്ങളിലും അദ്ദേഹം ഇടപെടാന്‍ വരാറില്ല. പക്ഷെ ഒരു അച്ചടക്കം മമ്മൂക്കക്ക് ഉണ്ട്. ഷൂട്ടിന് വരുന്ന സമയത്തിന്റെ കാര്യത്തില്‍ വരെ ആ കൃത്യത അദ്ദേഹം പാലിക്കും.
ഏതെങ്കിലും ഒരു ലൊക്കേഷനില്‍ നാളെ എപ്പോഴാണ് വരേണ്ടതെന്ന് മമ്മൂക്ക ചോദിച്ചാല്‍ അവര്‍ക്ക് ടെന്‍ഷനായിരിക്കും. കാരണം അദ്ദേഹം കൃത്യ സമയത്ത് വരും. അതുകൊണ്ട് അവര്‍ക്ക് താമസിക്കാന്‍ പറ്റില്ലല്ലോ. പല നടന്മാരും ഒമ്പത് മണിക്ക് വരാന്‍ പറഞ്ഞാല്‍ വരുന്നത് പതിനൊന്ന് മണിക്കായിരിക്കും. എന്നാല്‍ മമ്മൂക്ക അങ്ങനെയല്ല.
അതുകൊണ്ട് തന്നെ അദ്ദേഹത്തിനോട് ഒരു സമയം പറയുമ്പോള്‍ ആലോചിച്ച് പറയണം. അതുപോലെ തന്നെ സിനിമയില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ അദ്ദേഹത്തിന് പ്രോപ്പറായ സ്‌ക്രിപ്റ്റ് വേണം എന്ന നിര്‍ബന്ധമുണ്ട്. അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ കൊണ്ടും സിനിമയോടുള്ള താല്‍പര്യം കൊണ്ടും അദ്ദേഹം ഇത് പറയുമ്പോള്‍ ആര്‍ക്കും എതിര്‍ത്ത് പറയാന്‍ പറ്റില്ല.
അല്ലാതെ അതൊന്നും മമ്മൂക്കയോടുള്ള പേടികൊണ്ടല്ല. ബാക്കിയുള്ള സെറ്റിലൊക്കെ ഡയലോഗ് തെറ്റിയാല്‍ നല്ല വഴക്ക് കിട്ടും. എന്നാല്‍ മമ്മൂക്കയുള്ള സെറ്റിലാണെങ്കില്‍ എല്ലാരും പറയും മമ്മൂക്കയെ കണ്ടിട്ടാണ് ഡയലോഗ് മറന്നതെന്ന്. ലേറ്റായി വന്നാല്‍ പോലും മമ്മൂക്കയെ പേടിച്ചിട്ടാണ് എന്ന് പറയുന്നവരുണ്ട്.
എന്താ മോളെ താമസിച്ച് വന്നത് എന്നൊന്നും ചോദിക്കാന്‍ അദ്ദേഹത്തിന് അറിയില്ല. എന്താടോ ഇത്ര താമസിച്ചത് എന്നായിരിക്കും അദ്ദേഹം ചോദിക്കുക. അദ്ദേഹത്തിന്റെ ശബ്ദവും പ്രശ്‌നമാണ്,’സോഹന്‍ സീനുലാല്‍ പറഞ്ഞു.
CONTENT HIGHLIGHT: SOHAN SEENULAL ABOUT MAMOOTTY