ഡെറാഡൂണ്‍: സില്‍ക്യാര തുരങ്ക ദൗത്യം അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്ന് അധികൃതര്‍. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായ തുരങ്കത്തിലെ ഡ്രില്ലിങ് പൂര്‍ത്തീകരിച്ചെന്നും ചൊവ്വാഴ്ച രാത്രിയോടെ ദൗത്യം വിജയത്തിലേക്ക് എത്തുമെന്നുമാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനം മനുഷ്യകരുത്തിന്റെ വിജയമാണെന്ന് അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു.
നിലവില്‍ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ തുരങ്കത്തിന്റെ ഉള്‍വശത്തേക്ക് 57 മീറ്റര്‍ ദൂരത്തില്‍ രക്ഷാദൗത്യ കുഴല്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇനി കേവലം അവശിഷ്ട്ടങ്ങള്‍ നീക്കം ചെയ്യാന്‍ മാത്രമേ ബാക്കിയുള്ളുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.
കുടുങ്ങി കിടക്കുന്ന 41തൊഴിലാളികളുടെ ആരോഗ്യ സംബന്ധമായ കാര്യങ്ങള്‍ അതിവേഗത്തില്‍ കൈകാര്യം ചെയ്യുന്നതിനായി തുരങ്കത്തിന്റെ സമീപ പ്രദേശങ്ങളിലായി ഡോക്ടര്‍മാരുടെ സംഘവും, ആംബുലന്‍സുകളായും, മറ്റു സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ തൊഴിലാളികള്‍ക്ക് അടിയന്തര ചികിത്സ നല്‍കുന്നതിനായി മെഡിക്കല്‍ സംഘവും രക്ഷാദൗത്യ സംഘത്തോടൊപ്പം തുരങ്കത്തിന്റെ ഉള്ളിലേക്ക് കടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. തൊഴിലാളികളുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയതിന് ശേഷം ആംബുലസുകളില്‍ തൊഴിലാളികളെ പുറത്തെത്തിക്കും.
ഇതിനോടകം തന്നെ എസ്.ഡി.ആര്‍.എഫ് സംഘം തുരങ്കത്തിന്റെ ഉള്ളിലേക്ക് കടന്നതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അവശിഷ്ട്ടങ്ങള്‍ നീക്കം ചെയ്യുന്നതിനും തൊഴിലാളികളെ പുറത്തിറക്കുന്നതിനും എന്‍.ഡി.ആര്‍.എഫ് സംഘവും എത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
ഉത്തരാഖണ്ഡില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ടണല്‍ ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് കവാടത്തില്‍ നിന്ന് 200 മീറ്റര്‍ അകലത്തിലാണ് തുരങ്കം തകര്‍ന്നത്. ഈ സമയം 2,800 മീറ്റര്‍ അകലെയായിരുന്നു തൊഴിലാളികള്‍. തുരങ്കത്തില്‍ കുടുങ്ങിയവരില്‍ ഏറെയും ബീഹാറില്‍ നിന്നും ജാര്‍ഖണ്ഡില്‍ നിന്നുമുള്ള തൊഴിലാളികളാണ്.