ഇസ്രഈല്‍ സൈന്യം പിന്‍മാറിയ പ്രദേശങ്ങളില്‍ നിന്ന് 2000 പേരെ കാണാനില്ല; അന്വഷണം ആവശ്യപ്പെട്ട് ഗസയിലെ സിവില്‍ ഡിഫന്‍സ് വക്താവ്
World News
ഇസ്രഈല്‍ സൈന്യം പിന്‍മാറിയ പ്രദേശങ്ങളില്‍ നിന്ന് 2000 പേരെ കാണാനില്ല; അന്വഷണം ആവശ്യപ്പെട്ട് ഗസയിലെ സിവില്‍ ഡിഫന്‍സ് വക്താവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 21st April 2024, 5:22 pm

ജെറുസലേം: ഇസ്രഈല്‍ സൈന്യം പിന്‍മാറിയ ഗസയിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് 2000ത്തോളം ആളുകളെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഗസയിലെ സിവില്‍ ഡിഫന്‍സ് വക്താവ് മേജര്‍ മഹ്‌മൂദ് ബാസലിന്റെതാണ് വെളിപ്പെടുത്തല്‍. ഖാന്‍ യൂനുസില്‍ നിന്ന് ഇസ്രഈല്‍ സേന പിന്‍മാറിയതിന് പിന്നാലെ കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തിയെന്നും 2000ത്തോളം ആളുകളെ കാണാതായെന്നും ബാസല്‍ പറഞ്ഞു.

കാണാതായ ആളുകൾ എവിടെയാണന്നോ തടങ്കലില്‍ ആയിരിക്കുമോ അതോ അവരെയും കൂട്ടക്കുരുതി ചെയ്തതാണോ എന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗസയില്‍ നിന്ന് പിന്‍മാറുന്നതിന് മുമ്പ് ഇസ്രഈല്‍ സൈന്യം മൃതദേഹങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് വികൃതമാക്കിയതിന് ശേഷം കുഴിച്ചിട്ടെന്നും അദ്ദേഹം പറഞ്ഞു. 150 മൃതദേഹങ്ങളാണ് ഖാന്‍ യൂനൂസിലെ അല്‍നാസര്‍ ആശുപത്രി പ്രദേശത്ത് നിന്ന് കണ്ടെടുത്തത്.

മരിച്ചവരില്‍ പലരെയും നഗ്നരായാണ് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ മാരക ആയുധങ്ങള്‍ ഉപയോഗിച്ച് വികൃതമാക്കിയെന്നും ബാസല്‍ പറഞ്ഞു. ഗുരുതരമായ ഈ മനുഷ്യാവകാശ ലംഘനങ്ങള്‍ പരിശോധിക്കാനും ആക്രമങ്ങളില്‍ ഉപയോഗിച്ച ആയുധങ്ങള്‍ ഏതാണെന്ന് തിരിച്ചറിയാനും ഒരു അന്താരാഷ്ട്ര സമിതി രൂപീകരിച്ച് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Content Highlight: Officials reveal shocking figures in Gaza after Israeli Occupation retreat