അനുകൂല കാലാവസ്ഥയായിതിനാല്‍ കൂടുതല്‍ ആളുകളെ രക്ഷപ്പെടുത്താനാവുമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ കരുതുന്നത്. ലിബിയന്‍ തലസ്ഥാനമായ ട്രിപോളിയില്‍ നിന്നും ഏകദേശം 110 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്. കഴിഞ്ഞ ഏപ്രിലില്‍ 800 ഓളം കുടിയേറ്റക്കാരുമായി പോയ മത്സ്യബന്ധനബോട്ടും അപകടത്തില്‍ പെട്ടിരുന്നു. രണ്ട് കള്ളക്കടത്തുകാരടക്കം 28 പേര് മാത്രമാണ് രക്ഷപ്പെട്ടത്.
താങ്ങാവുന്നതിലും കൂടുതല്‍ ആളുകളുമായാണ് ഇത്തരത്തില്‍ മത്സ്യബന്ധനബോട്ടുകള്‍ പുറപ്പെടുന്നത്. മുങ്ങിയ ബോട്ടിലും ഇത്തരത്തില്‍ ആളുകളെ നിറച്ചിരുന്നുവെന്ന് ഇറ്റാലിയന്‍ നാവികസേന പറയുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി കണ്ടെയിനര്‍ കപ്പല്‍ സമീപിച്ചപ്പോള്‍ ഈ ബോട്ട് തലകീഴായി മറിഞ്ഞുവെന്നും നാവികസേന പറയുന്നു. ഉള്ളിലകപ്പെട്ടയാളുകളെ രക്ഷപ്പെടുത്തുന്നത് ശ്രമകരമായ ജോലിയാണെന്നും നാവികസേന അധികൃതര്‍ വ്യക്തമാക്കുന്നു.
ഈ വര്‍ഷം തുടക്കം മുതല്‍ 2000 ഓളം അനധികൃത കുടിയേറ്റക്കാര്‍ മരിച്ചിട്ടുണ്ടെന്ന് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ പറയുന്നു. എന്നാല്‍ കൃത്യമായ കണക്ക് ഇതുവരെ വ്യക്തമല്ല. സുരക്ഷിതമായ അഭയസ്ഥാനം, ബന്ധുക്കള്‍, ജോലി എന്നിവ പ്രതീക്ഷിച്ചാണ് ഭൂരിഭാഗം ആളുകളും ഇത്തരത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറുന്നത്.