Kerala News
വ്യവസ്ഥകളില്‍ തിരുത്ത്; അരുമാനൂര്‍ നായിനാര്‍ദേവ ക്ഷേത്രത്തില്‍ ഷര്‍ട്ട് ധരിച്ചെത്തി ഭാരവാഹികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 26, 08:32 am
Sunday, 26th January 2025, 2:02 pm

കൊല്ലം: ക്ഷേത്രത്തിലെ വ്യവസ്ഥകള്‍ തിരുത്തി കൊല്ലം അരുമാനൂര്‍ നായിനാര്‍ദേവ സ്ഥാനം. പുരുഷന്മാര്‍ ഷര്‍ട്ട് ധരിച്ചുകൊണ്ട് ക്ഷേത്രത്തില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥ ഭാരവാഹികള്‍ പിന്‍വലിച്ചു.

ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദയുടെ ആഹ്വാനം ഉള്‍ക്കൊണ്ടാണ് തീരുമാനമെന്ന് ക്ഷേത്ര ഭാരവാഹികള്‍ പ്രതികരിച്ചു. ഇനിമുതല്‍ നായിനാര്‍ദേവ ക്ഷേത്രത്തില്‍ പുരുഷന്മാര്‍ക്ക് ഷര്‍ട്ട് ധരിച്ചും പ്രവേശിപ്പിക്കാം.

ക്ഷേത്രത്തിന്റെ 91ാമത് വാര്‍ഷികോത്സവത്തിന്റെ കൊടിയേറ്റത്തോട് അനുബന്ധിച്ചാണ് ക്ഷേത്ര കമ്മിറ്റിയുടെ തീരുമാനം. തീരുമാനത്തെ തുടര്‍ന്ന് ക്ഷേത്ര ഭാരവാഹികളും ഭക്തരും ഷര്‍ട്ട് ധരിച്ച് ക്ഷേത്രത്തിനകത്ത് പ്രവേശിക്കുകയും ചെയ്തു.

ശിവഗിരി തീത്ഥാടന സമ്മേളനത്തില്‍ ശ്രീനാരായണ ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ധരിച്ച് കയറാന്‍ പാടില്ലെന്ന വ്യവസ്ഥ ഒഴിക്കണമെന്നാണ് സ്വാമി സച്ചിദാനന്ദ ആവശ്യപ്പെട്ടത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, ശിവഗിരി സമ്മേളനത്തില്‍ ക്ഷേത്രങ്ങളില്‍ ഉടുപ്പ് ഊരി ദര്‍ശനം നടത്തണെമെന്ന വ്യവസ്ഥയുണ്ടെന്നും മറ്റുള്ളവയെ പോലെ ഇത് കാലാന്തരങ്ങളില്‍ മാറുമെന്ന് പറഞ്ഞിരുന്നു. സനാതന ധര്‍മത്തെയും വര്‍ണശ്രമത്തെയും മുഖ്യമന്ത്രി നിശിതമായി വിമര്‍ശിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്കാണ് ഇടയാക്കിയത്. ഇതിന് പിന്നാലെയാണ് സ്വാമി സച്ചിദാനന്ദയും ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ധരിച്ച് കയറാന്‍ പാടില്ലെന്ന വ്യവസ്ഥ ഒഴിക്കണമെന്ന് പറഞ്ഞത്. ഗുരുവിന്റെ അനുയായി എന്ന നിലയില്‍ അഭിപ്രായം പറയാന്‍ തനിക്ക് സ്വാതന്ത്ര്യമുണ്ടെന്നും സച്ചിദാനന്ദ പറഞ്ഞിരുന്നു.

കേരള സമൂഹത്തില്‍ ഒന്നാകെ മാറ്റങ്ങളും പരിഷ്‌കാരങ്ങളും വരേണ്ടതുണ്ടെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞിരുന്നു. യേശുദാസിനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു സ്വാമി സച്ചിദാനന്ദയുടെ ഈ പരാമര്‍ശം.

ക്ഷേത്രങ്ങളിലും ഉത്സവങ്ങളിലും ആനയും വെടിക്കെട്ടും വേണ്ടെന്ന് കോടതി തന്നെ പറഞ്ഞെന്നും നൂറ് വര്‍ഷം മുമ്പ് ശ്രീനാരായണ ഗുരുവും ഇതേകാര്യം പറഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

ഗുരുവും നമുക്ക് കരിയും കരിമരുന്നും വേണ്ടെന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ അത് കോടതികളും അംഗീകരിച്ചു. പക്ഷെ സുകുമാരന്‍ നായരെപ്പോലുള്ള ആളുകള്‍ ഇപ്പോഴും അത് അംഗീകരിച്ചിട്ടില്ലെന്നും ഇപ്പോഴും അവര്‍ നൂറു വര്‍ഷം പുറകിലാണെന്നുമാണ് സ്വാമി സച്ചിദാനന്ദ പറഞ്ഞത്.

Content Highlight: Officials and devotees wear shirts in Sree Nainar deva temple in arumanoor