ന്യൂദല്‍ഹി: ഇന്നത്തെ സാഹചര്യത്തില്‍ ഔദ്യോഗിക സുരക്ഷാ നിയമം അപ്രധാനമാണെന്നും, ഇതിന്റെ ആവശ്യകത പുനപരിശോധിക്കണമെന്നും ഇന്ത്യയുടെ മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി. ബി.ജി വര്‍ഗീസ് അനുസ്മരണ ചടങ്ങില്‍ ദേശീയവാദ കാലത്തെ മാധ്യമപ്രവര്‍ത്തനം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ദേശീയ സുരക്ഷാ നിയമം പോലെ പുരാതനവും അപ്രധാനവുമായ പല നിയമങ്ങളും നമുക്കുണ്ട്. ഒരാളെ ശിക്ഷിക്കണമെന്ന് ഉദ്ദേശിച്ചാല്‍ വെറുതെ ഉപയോഗിക്കുന്ന ഒരു ആയുധമാണിത്”- അദ്ദേഹം പറഞ്ഞു.
റഫാല്‍ കരാറിലെ ക്രമക്കേടുകള്‍ തുറന്നു കാട്ടി “ദ ഹിന്ദു” പത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിച്ച രേഖകളെ അടിസ്ഥാനപ്പെടുത്തിയതാണെന്നും ഇത് ഔദ്യോഗിക രഹസ്യ നിയമ പ്രകാരം കുറ്റകരമാണെന്നും വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രത്തിനെതിരെ കേസെടുക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് രേഖകള്‍ പുറത്തുവിട്ട ഹിന്ദു പത്രത്തിനെതിരെ പ്രോസിക്യൂഷന്‍ നടപടിയുണ്ടാവുമെന്ന അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിന്റെ പ്രസ്താവനയ്‌ക്കെതിരെ എഡിറ്റേഴ്സ് ഗില്‍ഡ് രംഗത്തെത്തിയിരുന്നു. എ.ജിയുടെ പ്രസ്താവന മാധ്യമപ്രവര്‍ത്തനത്തിന് എതിരാണെന്നും ഇത് പുറത്ത് വിട്ട മാധ്യമങ്ങള്‍ക്കെതിരെ സ്രോതസ് വെളിപ്പെടുത്തുന്നതിനായി ഔദ്യോഗിക രഹസ്യ നിയമം പ്രയോഗിക്കുന്നത് ആക്ഷേപകരമാണെന്നും എഡിറ്റേര്‍സ് ഗില്‍ഡ് പറഞ്ഞിരുന്നു.
രഹസ്യ സ്വഭാവമുള്ള ആ രേഖകള്‍ മോഷ്ടിച്ചതാണെന്നും പ്രതിരോധ മന്ത്രാലയവുമായും ദേശസുരക്ഷയുമായും ബന്ധപ്പെട്ട രേഖകള്‍ മോഷ്ടിച്ചവര്‍ക്കെതിരെ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും മോഷ്ടിക്കാന്‍ സഹായിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെയും പത്രത്തിനെതിരെയും പ്രോസിക്യൂഷന്‍ നടപടിയുണ്ടാകുമെന്നും എ.ജി പറഞ്ഞിരുന്നു.
അതേസമയം റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് പുറത്തുവിട്ട രേഖകളുടെ ഉറവിടം വെളിപ്പെടുത്തില്ലെന്ന് “ദി ഹിന്ദു” ചെയര്‍മാന്‍ എന്‍.റാം വ്യക്തമാക്കിയിരുന്നു. “നിങ്ങള്‍ അതിനെ മോഷ്ടിക്കപ്പെട്ട രേഖകളെന്ന് വിളിച്ചോളൂ… ഞങ്ങള്‍ക്കതില്‍ ഒന്നുമില്ല. രേഖകളുടെ ഉറവിടം സംബന്ധിച്ച് ഒരു വിവരവും ആര്‍ക്കും ലഭിക്കാന്‍ പോകുന്നില്ല. രേഖകള്‍ സ്വയം സംസാരിക്കുന്നുണ്ട്.” എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് രേഖകള്‍ പ്രസിദ്ധീകരിച്ചതെന്നും, കോടതിയിലെ വാദങ്ങളെക്കുറിച്ച് പറയാന്‍ താല്‍പ്പര്യമില്ലെന്നുമായിരുന്നും പ്രസിദ്ധീകരിച്ചതെല്ലാം ആധികാരികമായ രേഖകളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാല്‍ പിന്നീട് ഇവ മോഷ്ടിക്കപ്പെട്ടിട്ടില്ലെന്നും, രേഖകളുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി മന്ത്രാലയത്തിന്റെ പുറത്തു പോയതാണെന്നും എ.ജെ കോടതിയെ പിന്നീട് ബോധിപ്പിച്ചിരുന്നു.