മേപ്പാടി: വയനാട്ടിലെ പുത്തുമലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ ഔദ്യോഗികമായി അവസാനിപ്പിച്ചു. 18 ദിവസത്തിന് ശേഷമാണ് തെരച്ചില്‍ അവസാനിപ്പിച്ചത്.
ഇനിയും കണ്ടെത്താനുള്ളവരെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ പട്ടികയില്‍ ഉല്‍പെടുത്തി ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം അനുവദിക്കും.
ഇതുവരെ 12 പേരെയാണ് പുത്തുമലയില്‍ കണ്ടെത്തിയത്. അഞ്ച് പേരെ കൂടിയാണ് ഇനിയും കണ്ടെത്താനുള്ളത്. ഓഖി ദുരന്തസമയത്ത് സ്വീകരിച്ച രീതി അവലംബിച്ച് പുത്തുമലയില്‍ ദുരന്തത്തിനിരയായ 17 പേര്‍ക്കും തുല്യമായ നഷ്ടപരിഹാരം നല്‍കാനാണ് തീരുമാനം.
ഹംസ എന്നയാള്‍ക്ക് വേണ്ടിയാണ് ഇന്ന് തെരച്ചില്‍ നടത്തിയത്. എന്നാല്‍ ആരെയും കണ്ടെത്താനായിരുന്നില്ല. ഫയര്‍ഫോഴ്സും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് പച്ചക്കാട് മേഖലയിലാണ് തെരച്ചില്‍ നടത്തിയത്.
പുത്തുമലയില്‍ തെരച്ചില്‍ അവസാനിപ്പിക്കാമെന്ന് കാണാതായ അഞ്ചു പേരില്‍ നാലു പേരുടെയും കുടുംബങ്ങള്‍ ഞായറാഴ്ച അറിയിച്ചിരുന്നു. അതേസമയം ഒരിടത്തു കൂടി തെരച്ചില്‍ നടത്തണമെന്ന് ദൂരന്തത്തില്‍പ്പെട്ട ഹംസയുടെ മകന്‍ പറഞ്ഞിരുന്നു. ഇതനുസരിച്ചാണ് പച്ചക്കാട് ഭാഗത്ത് തെരച്ചില്‍ നടത്തിയത്. അടുത്ത ദിവസം ഇവരുടെ ബന്ധുവിന്റെ വീട്ടില്‍ വിവാഹം ഉള്ളതിനാലാണ് തെരച്ചില്‍ ഇന്നത്തേക്ക് മാറ്റിയത്.
പുത്തുമലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി മേപ്പാടി പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനങ്ങളുയര്‍ന്നത്.