റബ്ബര്‍ കര്‍ഷകരെ സഹായിക്കാനുള്ള ഒരു ഇടപെടലുമുണ്ടായിട്ടില്ല; കേന്ദ്ര മന്ത്രിയുടെ ഔദ്യോഗിക അറിയിപ്പ് പുറത്ത്
national news
റബ്ബര്‍ കര്‍ഷകരെ സഹായിക്കാനുള്ള ഒരു ഇടപെടലുമുണ്ടായിട്ടില്ല; കേന്ദ്ര മന്ത്രിയുടെ ഔദ്യോഗിക അറിയിപ്പ് പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd March 2023, 9:54 pm

ന്യൂദല്‍ഹി: റബ്ബര്‍ കര്‍ഷകരെ സഹായിക്കാന്‍ ഒരിടപെടലും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയലിന്റെ ഔദ്യോഗിക അറിയിപ്പ്. ബജറ്റ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഇടത് എം.പിമാര്‍ കഴിഞ്ഞ മാസം മന്ത്രിയെ കണ്ട് വിഷയത്തില്‍ ചര്‍ച്ച നടത്തുകയും നിവേദനം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിനുള്ള മറുപടിയിലാണ് കേന്ദ്രം റബ്ബര്‍ കര്‍ഷകരെ സഹായിക്കാനുള്ള ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് പീയുഷ് ഗോയല്‍ പറയുന്നത്. മാര്‍ച്ച് 15ന് മന്ത്രി എഴുതിയ കത്ത് എളമരം കരീം എം.പി പുറത്തുവിട്ടു.

റബ്ബറിന് താങ്ങുവില പ്രഖ്യാപിക്കണം എന്ന കര്‍ഷകരുടെ ദീര്‍ഘകാലമായുള്ള ആവശ്യവും നടപ്പിലാക്കാന്‍ സാധിക്കില്ലെന്ന് മന്ത്രിയുടെ മറുപടിയില്‍ പറയുന്നുണ്ട്.

റബ്ബര്‍ കര്‍ഷകരുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നയം എന്താണ് എന്ന് വ്യക്തമാക്കുന്നതാണ് പീയുഷ് ഗോയലിന്റെ ഈ മറുപടിയെന്ന് എളമരം കരീം എം.പി പറഞ്ഞു. ബി.ജെ.പിയുടെ കപട വാഗ്ദാനങ്ങളില്‍ അറിഞ്ഞോ അറിയാതെയോ വീണുപോകുന്നവര്‍ ഈ മറുപടി കാണണമെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എളമരം കരീം എം.പിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ദുരിതത്തിലായ റബ്ബര്‍ കര്‍ഷകരെ സഹായിക്കാന്‍ ഒരിടപെടലും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല എന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയല്‍ ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്. റബ്ബര്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിലെ പൊള്ളത്തരം തുറന്നുകാണിച്ചുകൊണ്ടും ഈ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ടും ഇടത് എം.പിമാര്‍ കഴിഞ്ഞ മാസം മന്ത്രിയെ കണ്ട് ചര്‍ച്ച നടത്തുകയും നിവേദനം സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

ആ നിവേദനത്തിനുള്ള മറുപടിയിലാണ് കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്ന മന്ത്രിയുടെ പ്രസ്താവനയുള്ളത്. മാര്‍ച്ച് 15ന് മന്ത്രി എഴുതിയ കത്ത് കഴിഞ്ഞ ദിവസമാണ് ലഭിച്ചത്. കേന്ദ്രസര്‍ക്കാര്‍ നയത്തില്‍ മാറ്റങ്ങള്‍ പ്രതീക്ഷിച്ച കര്‍ഷക സമൂഹത്തോടുള്ള വെല്ലുവിളിയാണ് ഈ മറുപടി എന്ന് നിസംശയം പറയാം.

മിശ്രിതറബ്ബര്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ബജറ്റില്‍ നടത്തിയ പ്രഖ്യാപനം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രമായിരുന്നു. ആസിയാന്‍ കരാറിനെ തുടര്‍ന്ന് തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും നികുതി ഇളവോടുകൂടി ഇന്ത്യയിലേക്ക് നിര്‍ബാധം റബ്ബര്‍ ഇറക്കുമതി സാധ്യമായതിന്റെ ഫലമായാണ് കേരളത്തിലെ ഉള്‍പ്പെടെ റബ്ബര്‍ കര്‍ഷകര്‍ ദുരിതത്തിലായത്.

ഇന്ത്യയിലെ മിശ്രിതറബ്ബര്‍ ഇറക്കുമതിയുടെ 88 ശതമാനം ആസിയാന്‍ രാജ്യങ്ങളില്‍ നിന്നുമാണ്. ഈ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി ഇന്ത്യ-ആസിയാന്‍ സ്വതന്ത്ര വ്യാപാര കരാറിന്റെ പരിധിയില്‍ വരുന്നതിനാല്‍ മിശ്രിതറബ്ബര്‍ ഇറക്കുമതി ചുങ്കം ഉയര്‍ത്തിക്കൊണ്ട് കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നടത്തിയ പ്രഖ്യാപനംകൊണ്ട് കര്‍ഷകര്‍ക്ക് ഒരു പ്രയോജനവും ഉണ്ടാവില്ല എന്നതാണ് വസ്തുത. ഈ നിലപാട് തിരുത്തണമെന്നും ആസിയാന്‍ രാജ്യങ്ങളില്‍നിന്നുള്‍പ്പെടെയുള്ള ഇറക്കുമതിക്ക് നികുതി വര്‍ധിപ്പിക്കണമെന്നുമായിരുന്നു ഞങ്ങള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അത് സാധ്യമല്ല എന്ന് മന്ത്രി ഔദ്യോഗികമായിത്തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.

 

റബ്ബറിന് താങ്ങുവില പ്രഖ്യാപിക്കണം എന്ന കര്‍ഷകരുടെ ദീര്‍ഘകാലമായുള്ള ആവശ്യവും നടപ്പിലാക്കാന്‍ സാധിക്കില്ല എന്നും മന്ത്രിയുടെ മറുപടിയിലുണ്ട്. കേന്ദ്രസര്‍ക്കാര്‍ താങ്ങുവില പ്രഖ്യാപിക്കുന്ന 25 കാര്‍ഷികവിളകളുടെ കൂട്ടത്തില്‍ റബ്ബര്‍ ഉള്‍പ്പെടുന്നില്ല. വിവിധ മാനദണ്ഡങ്ങള്‍ പ്രകാരമാണ് ഓരോ വിളയെയും എം.എസ്.പി പരിധിയില്‍ ഉള്‍പ്പെടുത്തുന്നത് എന്നും റബ്ബറിനെ അതില്‍ ഉള്‍പെടുത്താന്‍ സാധിക്കില്ല എന്നും മന്ത്രിയുടെ മറുപടിയില്‍ വിശദമാക്കുന്നുണ്ട്.
ബിജെപിയുടെ കോര്‍പ്പറേറ്റ് അനുകൂല, കര്‍ഷക വിരുദ്ധ നയങ്ങള്‍ക്ക് അടിവരയിടുന്ന മറുപടിയാണ് പീയുഷ് ഗോയല്‍ നല്‍കിയത്.

രാജ്യത്തെ തൊഴിലാളികളെയും കര്‍ഷകരെയും മറന്നുകൊണ്ടുള്ള ഭരണമാണ് കേന്ദ്രം നടത്തുന്നത് എന്ന വസ്തുത ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. പിന്നോക്കക്കാരെയും മത ന്യൂനപക്ഷങ്ങളെയും ആക്രമിച്ചും തമ്മിലടിപ്പിച്ചും തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കുകയാണ് ബി.ജെ.പിയും സംഘപരിവാറും ചെയ്തുകൊണ്ടിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകസ്‌നേഹം എന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള പൊള്ളയായ പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങുന്നു. കോര്‍പ്പറേറ്റ് മുതലാളിമാരുടെ താല്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ സാധാരണക്കാരുടെ വരുമാനം ഇല്ലാതാക്കുന്ന നയം തിരിച്ചറിയുകയും ആ നയങ്ങളെ ജനങ്ങളെ അണിനിരത്തി ചെറുക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്.

ബി.ജെ.പിയുടെ കപട വാഗ്ദാനങ്ങളില്‍ അറിഞ്ഞോ അറിയാതെയോ വീണുപോകുന്ന, സമൂഹത്തിലെ ഉന്നതസ്ഥാനീയരായ ചിലരെങ്കിലും നമുക്കിടയിലുണ്ട്. കര്‍ഷകരെ സഹായിക്കാന്‍ ബി.ജെ.പി നടപടികള്‍ സ്വീകരിക്കും എന്ന പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന അത്തരക്കാര്‍ക്കുള്ള ഒരു ഓര്‍മപ്പെടുത്തല്‍ കൂടിയാണ് റബ്ബര്‍ കര്‍ഷകരുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നയം എന്താണ് എന്ന് വ്യക്തമാക്കുന്ന കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയലിന്റെ ഈ മറുപടി.

സര്‍ക്കാരിന്റെ അവകാശവാദം പോലെ റബ്ബര്‍ കര്‍ഷകരെ സഹായിക്കണം എന്നതാണ് ലക്ഷ്യമെങ്കില്‍ മിശ്രിത റബ്ബറിന്റെയും സ്വാഭാവിക റബ്ബറിന്റെയും ഇറക്കുമതി തീരുവ ഒരുപോലെ ഉയര്‍ത്തുകയും റബ്ബറിന് താങ്ങുവില പ്രഖ്യാപിക്കുകയുമാണ് ചെയ്യേണ്ടത്. അതൊന്നും സാധിക്കില്ല എന്ന് അര്‍ധശങ്കയ്ക്കിടയില്ലാതെ മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നു. ഇതിന്റെകൂടി വെളിച്ചത്തില്‍ കര്‍ഷകരെയും തൊഴിലാളികളെയും രാജ്യത്തെ സാധാരണക്കാരെയും വഞ്ചിക്കുന്ന ബി.ജെ.പി സര്‍ക്കാരിനെതിരായ സമരത്തില്‍ മുഴുവന്‍ ആളുകളും അണിനിരക്കണം. യോജിച്ച പ്രക്ഷോഭത്തിലൂടെ മാത്രമേ ജനവിരുദ്ധ നയങ്ങള്‍ തിരുത്താന്‍ സാധിക്കൂ.

Content Highlight: official notification of the Union Minister is out, There has been no intervention to help rubber farmers