| Friday, 24th May 2019, 8:42 pm

ഒടുവില്‍ ഔദ്യോഗിക ഫലപ്രഖ്യാപനമെത്തി; ബി.ജെ.പിക്ക് 303, കോണ്‍ഗ്രസിന് 52, ആംആദ്മിക്ക് ലഭിച്ചത് ഒറ്റ സീറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഔദ്യോഗിക ഫലപ്രഖ്യാപനമെത്തി. ഇന്നു വൈകീട്ടാണ് വോട്ടെണ്ണല്‍ പൂര്‍ത്തിയായെന്ന അറിയിപ്പോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപനം നടത്തിയത്. ബി.ജെ.പി 303 സീറ്റുമായി ഒറ്റയ്ക്കു ഭൂരിപക്ഷം നേടിയപ്പോള്‍ കോണ്‍ഗ്രസിനു ലഭിച്ചത് 52 സീറ്റ് മാത്രമാണ്. ഇന്നലെയാണ് വോട്ടെണ്ണല്‍ നടന്നതെങ്കിലും ചില ബൂത്തുകളിലെ തര്‍ക്കവും വിവിപാറ്റ് എണ്ണലും കാരണം ഫലപ്രഖ്യാപനം വൈകുകയായിരുന്നു.

ഡി.എം.കെ 23 സീറ്റ് നേടിയപ്പോള്‍, തൃണമൂല്‍ കോണ്‍ഗ്രസ്, വൈ.എസ്.ആര്‍.സി.പി എന്നിവര്‍ 22 സീറ്റ് വീതം നേടി. ശിവസേന (18), ജെ.ഡി.യു (16), ബി.ജെ.ഡി (12), ബി.എസ്.പി (10) എന്നിവരാണു രണ്ടക്കം കടന്ന മറ്റ് പാര്‍ട്ടികള്‍. ബി.എസ്.പിയുമായി സഖ്യത്തില്‍ മത്സരിച്ച സമാജ്‌വാദി പാര്‍ട്ടി നേടിയത് അഞ്ച് സീറ്റ് മാത്രമാണ്. ടി.ആര്‍.എസ് ഒമ്പതും ടി.ഡി.പി മൂന്നും സീറ്റാണ് നേടിയത്. ആംആദ്മി പാര്‍ട്ടിക്ക് ലഭിച്ചതാകട്ടെ, ഒരു സീറ്റും.

സി.പി.ഐ.എമ്മിന് മൂന്നും സി.പി.ഐക്ക് രണ്ടും സീറ്റാണു ലഭിച്ചത്. സി.പി.ഐ.എമ്മിന്റെ ഒരു സീറ്റ് കേരളത്തിലും രണ്ട് സീറ്റ് തമിഴ്‌നാട്ടിലുമാണ്. സി.പി.ഐയുടെ രണ്ട് സീറ്റും തമിഴ്‌നാട്ടിലാണ്. സി.പി.ഐ കേരളത്തില്‍ നാല് സീറ്റില്‍ മത്സരിച്ചിരുന്നെങ്കിലും ഒന്നിലും ജയിക്കാനായില്ല.

ഏറ്റവുമധികം വനിതകള്‍ ലോക്സഭയിലെത്തിയതിന്റെ റെക്കോഡ് ഇതിനിടെ ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു ലഭിച്ചിരുന്നു. 14 ശതമാനം വനിതകളാണ് ഇത്തവണ ലോക്സഭയിലെത്തുക. 542 എം.പിമാരില്‍ 78 വനിതകളാണ് സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേല്‍ക്കുക. 11 വീതം വനിതാ എം.പിമാരുമായി ഉത്തര്‍പ്രദേശും ബംഗാളും മുന്നില്‍ നില്‍ക്കുന്നു. ബംഗാളില്‍ വിജയിച്ച 11 വനിതകളും തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളാണ്.

724 വനിതാ സ്ഥാനാര്‍ഥികളാണ് ഇത്തവണ ലോക്സഭയിലേക്കു ജനവിധി തേടിയത്. 54 വനിതകളുമായി കോണ്‍ഗ്രസായിരുന്നു ഒന്നാംസ്ഥാനത്ത്. ബി.ജെ.പി 53 പേരുമായി തൊട്ടുപിറകിലുണ്ടായിരുന്നു. ബംഗാളിലെ തങ്ങളുടെ 42 സ്ഥാനാര്‍ഥികളില്‍ 17 വനിതകളെ പ്രഖ്യാപിച്ച് മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് നേരത്തേ ശ്രദ്ധ നേടിയിരുന്നു. അതായത്, 41 ശതമാനം. രാജ്യത്താകെ 23 വനിതാ സ്ഥാനാര്‍ഥികളെ നിര്‍ത്താനും അവര്‍ക്കായിരുന്നു.

ബി.എസ്.പി 24 വനിതകളെയും സി.പി.ഐ.എം 10 പേരെയും സി.പി.ഐ നാലുപേരെയും എന്‍.സി.പി ഒരാളെയും മത്സരിപ്പിച്ചപ്പോള്‍ 222 വനിതകള്‍ സ്വതന്ത്രരായി തെരഞ്ഞെടുപ്പിനെ നേരിട്ടു. ഉത്തര്‍പ്രദേശില്‍ നിന്നാണ് ഏറ്റവുമധികം വനിതകള്‍ മത്സരിച്ചത്, 104 പേര്‍.

കഴിഞ്ഞതവണ 64 വനിതകളായിരുന്നു ലോക്സഭയിലെത്തിയത്. 2009-ലാകട്ടെ 52 പേരും. ആദ്യ രണ്ട് ലോക്സഭകളില്‍ 24 വനിതകള്‍ വീതമായിരുന്നു ഉണ്ടായിരുന്നത്. പാര്‍ലമെന്റില്‍ 33 ശതമാനം വനിതാ സംവരണം വേണമെന്നു നിര്‍ദേശിക്കുന്ന ബില്‍ ഇപ്പോഴും അവിടെ തീരുമാനമാകാതെ കിടക്കുമ്പോഴാണ് ക്രമാതീതമായി വനിതാ എം.പിമാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുന്നത്.

നിലവില്‍ എം.പിമാരായിരുന്ന 41 വനിതകള്‍ ഇത്തവണ മത്സരിച്ചിരുന്നു. ഇതില്‍ 27 പേര്‍ ജയം കണ്ടു. യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി, ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ മനേകാ ഗാന്ധി, ബി.ജെ.പി സ്ഥാനാര്‍ഥിയും നടിയുമായ ഹേമാ മാലിനി തുടങ്ങിയവരാണ് ഇതില്‍ പ്രമുഖര്‍. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അരലക്ഷത്തോളം വോട്ടുകള്‍ക്ക് കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ അമേഠിയില്‍ അട്ടിമറിച്ച കേന്ദ്രമന്ത്രി സ്മൃതി ഇറാനി, വര്‍ഗീയ പരാമര്‍ശങ്ങളുമായി വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന പ്രജ്ഞാ സിങ് താക്കൂര്‍ എന്നിവരുടെ വിജയങ്ങളാണ് ഇത്തവണ ഏറെ അപ്രതീക്ഷിതമായത്. ഭോപ്പാലില്‍ നിന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ ദിഗ്വിജയ് സിങ്ങിനെയാണ് പ്രജ്ഞ ആധികാരികമായി പരാജയപ്പെടുത്തിയത്.

തൂത്തുക്കുടിയില്‍ നിന്ന് ഡി.എം.കെ സ്ഥാനാര്‍ഥി കനിമൊഴി, അലഹബാദില്‍ നിന്ന് ബി.ജെ.പിയുടെ റീത്ത ബഹുഗുണ, ഹൂഗ്ലിയില്‍ നിന്നു നടിയും ബി.ജെ.പി സ്ഥാനാര്‍ഥിയുമായ ലോക്കറ്റ് ചാറ്റര്‍ജി തുടങ്ങിയവരാണു മറ്റു പ്രമുഖര്‍. കേരളത്തില്‍ നിന്ന് ഒരു വനിത മാത്രമാണ് ലോക്സഭയിലെത്തുക. ആലത്തൂരില്‍ നിന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥിയായ രമ്യാ ഹരിദാസാണ് വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചുകയറിയത്.

നാല് ട്രാന്‍സ്ജെന്‍ഡേഴ്സാണ് ഇത്തവണ മത്സരിച്ചത്. അതില്‍ മൂന്നുപേര്‍ സ്വതന്ത്രരായാണു മത്സരിച്ചത്. ആംആദ്മി പാര്‍ട്ടിയാണ് ഒരാളെ മത്സരിപ്പിച്ചത്. പക്ഷേ, നാലുപേരും പരാജയപ്പെടുകയായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more