കൊച്ചി: കൊച്ചി മേയര്‍ എം. അനില്‍ കുമാറിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു. സെപ്റ്റംബര്‍ 28 മുതലാണ് പേജ് ഹാക്ക് ചെയ്തതെന്ന് അനില്‍ കുമാര്‍ പറയുന്നു.
ഇത് സംബന്ധിച്ച പരാതി ഫേസ്ബുക്കിനും സൈബര്‍ സെല്ലിനും കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അക്കൗണ്ട് വീണ്ടെടുക്കാനുള്ള നടപടികള്‍ തുടരുകയാണ്.
ഒരു വിദേശ പൗരന്റേയും മകളുടേയും ചിത്രമാണ് നിലവില്‍ അനില്‍ കുമാറിന്റെ ഔദ്യോഗിക പേജില്‍ പ്രൊഫൈല്‍ പിക്ചറായുള്ളത്. മൈ ലവ്‌ലി ഡോട്ടര്‍ എന്ന തലക്കെട്ടോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ഒപ്പം പേജിന്റെ കവര്‍ ഫോട്ടോയും മാറിയിട്ടുണ്ട്. വിദേശ കുടുംബത്തിന്റെ ചിത്രമാണ് കവര്‍ ഫോട്ടോയായി നല്‍കിയിരിക്കുന്നത്.
മേയറുടെ ഐ.ടി ടീം പേജ് വീണ്ടെടുക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചിട്ടില്ല. ഇപ്പോള്‍ സൈബര്‍ സെല്ലിന്റെ നേതൃത്വത്തില്‍ പേജ് വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്.
അതേസമയം ഹാക്ക് ചെയ്തത് വിദേശത്തുനിന്നുള്ളവരാണെന്ന് എം. അനില്‍ കുമാര്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. വിദേശത്തു പോയി പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പരിമിതികളുണ്ടെന്നും അക്കൗണ്ട് തിരിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ തുടരകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത്തരം സംഭവങ്ങളും നേരത്തെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അതിനെ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Official account of kochi mayor hacked