മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ മുംബൈ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെച്ച സംഭവത്തില്‍ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനെ പ്രശംസിച്ച് പാരാമിലിറ്ററി ഫോഴ്‌സ്.
തന്റെ തൊഴിലിനോട് കാണിച്ച ആത്മാര്‍ത്ഥത ചൂണ്ടികാണിച്ചാണ് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനെ അഭിനന്ദിച്ചത്. ട്വിറ്ററിലൂടെയായിരുന്നു സി.ഐ.എസ്.എഫിന്റെ പ്രതികരണം.
സല്‍മാന്‍ ഖാനെ തടഞ്ഞു വെച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടുവെന്ന റിപ്പോര്‍ട്ടും പാരാമിലിറ്ററി ഫോഴ്‌സ് തള്ളി.
‘ട്വീറ്റില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ അടിസ്ഥാനരഹിതമാണ്. തൊഴിലിനോടുള്ള അത്മാര്‍ത്ഥ കണക്കിലെടുത്ത് ഉദ്യോഗസ്ഥന് പാരിതോഷികം നല്‍കും” എന്നാണ് സി.ഐ.എസ്.എഫ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
മതിയായ രേഖകളില്ലാതെ എയര്‍പോര്‍ട്ട് ടെര്‍മിനലില്‍ പ്രവേശിക്കുവാന്‍ ശ്രമിക്കവെയായിരുന്നു സല്‍മാന്‍ഖാനെ ഉദ്യോഗസ്ഥന്‍ തടഞ്ഞുവെച്ചത്. തുടര്‍ന്ന് ഇദ്ദേഹത്തോട് സെക്യുരിറ്റി ചെക്ക്പോയന്റില്‍ നിന്ന് ക്ലിയറന്‍സ് കൈപ്പറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു.
സല്‍മാന്‍ ഖാനും കത്രീന കൈഫും ‘ടൈഗര്‍ 3’ സിനിമ ഷൂട്ടിങ്ങിന്റെ ഭാഗമായി റഷ്യയിലേക്ക് പോകാന്‍ മുംബൈ എയര്‍പ്പോര്‍ട്ടില്‍ എത്തിയപ്പോഴാണ് സംഭവം നടക്കുന്നത്. സല്‍മാന്‍ ഖാനെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥന്‍ തടഞ്ഞുവെക്കുന്നതിന്റെ ഫോട്ടോകളും വീഡിയോകളും വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. എക് ദാ ടൈഗറിന്റെ മൂന്നാം ഭാഗമാണ് ‘ടൈഗര്‍ 3’. മനീഷ് ശര്‍മ്മയാണ് സിനിമയുടെ സംവിധായകന്‍.