കോഴിക്കോട്: സോഷ്യല്‍ ഓഡിറ്റുകളിലൂടെ മുന്‍സര്‍ക്കാറിന്റെ കാലത്തേതുള്‍പ്പെടെയുള്ള അഴിമതികള്‍ പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥന് സംസ്ഥാന സര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യല്‍ ഓഡിറ്റര്‍ ഡയറക്ടര്‍ സ്ഥാനം നിഷേധിച്ചതായി ആരോപണം. സോഷ്യല്‍ ഓഡിറ്റ് ഡയറക്ടര്‍ക്കുവേണ്ടി നടത്തിയ അഭിമുഖത്തില്‍ ഒന്നാം റാങ്ക് ലഭിച്ചിട്ടും സാങ്കേതിക കാരണം പറഞ്ഞ് ഇയാളെ തടയുകയായിരുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലുള്ള കിലയില്‍ അധ്യാപകനായി ജോലി നോക്കുന്ന എബി ജോര്‍ജിനാണ് യോഗ്യതയുണ്ടായിട്ടും സര്‍ക്കാര്‍ ഡയറക്ടര്‍ സ്ഥാനം നിഷേധിച്ചത്. ഡയറക്ടര്‍ സ്ഥാനം ലഭിക്കണമെങ്കില്‍ എന്‍.ഒ.സി വേണമെന്ന തരത്തില്‍ ഒറിജിനല്‍ അഡൈ്വടൈസ്‌മെന്റില്‍ ഉള്‍പ്പെടാത്ത ഒരു ക്ലോസ് ഉള്‍പ്പെടുത്തുകയും ഇതുപ്രകാരം എന്‍.ഒ.സിയ്ക്ക് അപേക്ഷ നല്‍കിയപ്പോള്‍ അത് നിഷേധിക്കുകയും ചെയ്താണ് സര്‍ക്കാര്‍ നിയമനം അട്ടിമറിച്ചതെന്ന് എബി ജോര്‍ജ് ആരോപിക്കുന്നു.
ആറുമാസംമുമ്പ് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലേക്ക് ഒരു ഡെപ്യൂട്ടേഷനായി എന്‍.ഒ.സിക്ക് അപേക്ഷിച്ചപ്പോള്‍ അഞ്ചുവര്‍ഷത്തേക്ക് ഡെപ്യൂട്ടേഷന്‍ അനുവദിച്ച അതേ തദ്ദേശ സ്വയംഭരണ വകുപ്പ് തന്നെയാണ് ഇപ്പോള്‍ തനിക്ക് എന്‍.ഒ.സി നിഷേധിച്ചിരിക്കുന്നതെന്നും എബി ജോര്‍ജ് ആരോപിക്കുന്നു.
ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ ആദ്യ നൂറുദിന പരിപാടിയുമായി ബന്ധപ്പെട്ട് 14 ജില്ലകളിലായി 28 പഞ്ചായത്തുകളുടെ സോഷ്യല്‍ ഓഡിറ്റ് നടത്തിയിരുന്നത് എബി ജോര്‍ജ് ആയിരുന്നു. പിണറായി വിജയന്‍ സര്‍ക്കാറിന്റെ കാലത്തും ഓരോ ജില്ലകളിലെയും രണ്ടു പഞ്ചായത്തുകളിലെ വീതം സോഷ്യല്‍ ഓഡിറ്റ് നടത്തിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് നിരവധി അഴിമതികള്‍ പുറത്തുകൊണ്ടുവരികയും സര്‍ക്കാര്‍ അതിന്റെ പേരില്‍ നടപടിയെടുക്കുകയും ചെയ്തിരുന്നു. അങ്ങനെയുള്ള ഒരാള്‍ ഡയറക്ടര്‍ സ്ഥാനത്തേക്ക് വരുന്നത് തടയാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഈ നീക്കം നടത്തിയതെന്നാണ് എബി ജോര്‍ജ് ആരോപിക്കുന്നത്.
കൂടാതെ കേരള സര്‍ക്കാറിനുവേണ്ടി അങ്കന്‍വാടികളുടെ സോഷ്യല്‍ ഓഡിറ്റിനായി എബിജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘം ഉണ്ടാക്കിയ മാന്വല്‍ അടുത്തിടെ സര്‍ക്കാര്‍ ഉത്തരവായി പുറത്തിറങ്ങിയിരുന്നു. ഈ പ്രവര്‍ത്തനത്തിന് മുഖ്യമന്ത്രിയുടെ സോഷ്യല്‍ ഓഡിറ്റിനുള്ള പുരസ്‌കാരം എബി ജോര്‍ജിന് ലഭിക്കുകയും ചെയ്തിരുന്നു.
സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ടുകളെ ഓഡിറ്റിനുള്ള ആദ്യ റിപ്പോര്‍ട്ടായി കണക്കാക്കി പ്രവര്‍ത്തിക്കുന്ന ഒരു രീതി കണ്‍ട്രോള്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍കൊണ്ടുവന്നിട്ടുണ്ട്. കൃത്യമായ സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ വന്നുകഴിഞ്ഞാല്‍ അത് ഗൗരവമായ പ്രശ്‌നങ്ങള്‍ക്കു വഴിവെക്കുമെന്നത് മുന്നില്‍കണ്ടാണ് സര്‍ക്കാര്‍ തന്നെ ഒഴിവാക്കിയതെന്നും എബി ജോര്‍ജ് ആരോപിക്കുന്നു.
“തൊഴിലുറപ്പ് പദ്ധതിയിലെ മൊത്തത്തിലുള്ള പ്രവര്‍ത്തനങ്ങളിലെ അഴിമതി പുറത്തുകൊണ്ടുവരാനാണ് സോഷ്യല്‍ ഓഡിറ്റ് കൊണ്ടുവരുന്നത്. അഴിമതിയില്ലാതാക്കാനും സുതാര്യത കൊണ്ടുവരാനുമുള്ള സിസ്റ്റം അഴിമതിയില്‍ കൂടി ഉണ്ടായിവരികയാണിവിടെ. ” അദ്ദേഹം ഡൂള്‍ന്യൂസിനോടു പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതി പോലുള്ള അവകാശാധിഷ്ടിത പദ്ധതികള്‍ സുതാര്യമായി നടത്തുകയെന്ന ലക്ഷ്യമിട്ടാണ് ഇത്തരം പദ്ധതികള്‍ സോഷ്യല്‍ ഓഡിറ്റിന് വിധേയമാക്കണമെന്ന് നിയമം നിഷ്‌കര്‍ഷിക്കുന്നത്. ഗുണഭോക്താക്കളെ ഗ്രാമസഭ വിളിച്ചുകൂട്ടി ജോലിയെക്കുറിച്ചും അവര്‍ക്ക് കിട്ടുന്ന കൂലിയെക്കുറിച്ചും പിഴയെ സംബന്ധിച്ചുമെല്ലാം ബോധവല്‍ക്കരിക്കുകയും അവരുടെ പരാതികള്‍ കേള്‍ക്കുകയുമൊക്കെ ചെയ്യാനുള്ള വേദിയായാണ് സോഷ്യല്‍ ഓഡിറ്റിങ്ങിനെ പരിഗണിക്കുന്നത്. ഇത്തരം പദ്ധതികളുമായി ബന്ധപ്പെട്ട അഴിമതിയും ക്രമക്കേടും പുറത്തുകൊണ്ടുവരാന്‍ സോഷ്യല്‍ ഓഡിറ്റിങ് വഴി സാധിക്കും.
ഒരു സ്വതന്ത്ര്യ സോഷ്യല്‍ ഓഡിറ്റിങ് സൊസൈറ്റിയായിരിക്കണം ഇത് ചെയ്യേണ്ടതെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്നുണ്ട്. മറ്റു പലസംസ്ഥാനങ്ങളിലും സോഷ്യല്‍ ഓഡിറ്റിങ് സൊസൈറ്റി രൂപീകരിച്ചിട്ട് ഏറെക്കാലമായി. എന്നാല്‍ കേരളത്തില്‍ ഇതുവരെ ഇത്തരമൊരു സംവിധാനം കൊണ്ടുവന്നിരുന്നില്ല. സോഷ്യല്‍ ഓഡിറ്റിങ് കമ്മിറ്റി രൂപീകരിച്ചില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് തടയുമെന്ന നിര്‍ദേശം വന്നതോടെയാണ് കേരളത്തില്‍ ഇത്തരമൊരു കമ്മിറ്റി രൂപീകരിക്കാനുള്ള നീക്കം നടക്കുന്നത്.
2015 ഡിസംബറിലാണ് സോഷ്യല്‍ ഓഡിറ്റ് സൊസൈറ്റിയുടെ ഡയറക്ടര്‍ സ്ഥാനത്തിനുവേണ്ടിയുള്ള ആദ്യ അഡൈ്വടൈസ്‌മെന്റ് പുറത്തിറങ്ങിയത്. എന്നാല്‍ 2016 ഒക്ടോബറിലാണ് ഇതിന്റെ ഇന്റര്‍വ്യൂ നടന്നത്. ചീഫ് സെക്രട്ടറി ചെയര്‍മാനും, കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ പ്രതിനിധിയും, ഓഡിറ്റര്‍ ആന്റ് അക്കൗണ്ട് ജനറലും പ്രാദേശിക സര്‍ക്കാറിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഒരു സബ്ജക്ട് എക്‌സ്‌പേര്‍ട്ടും ചേര്‍ന്നാണ് അഭിമുഖം നടത്തുന്നത്.
തുടര്‍ന്ന് തയ്യാറാക്കിയ റാങ്ക് ലിസ്റ്റ് പ്രകാരവും എബി ജോര്‍ജിന് തന്നെയായിരുന്നു ഒന്നാം റാങ്ക്. എന്നാല്‍ ഷോര്‍ട്ട് ലിസ്റ്റ് നടപടിക്രമത്തില്‍ സാങ്കേതികമായ പിഴവുണ്ടെന്ന് പറഞ്ഞ് ആ ലിസ്റ്റ് റദ്ദാക്കുകയും പുതിയ ഇന്റര്‍വ്യൂ വിളിക്കുകയുമായിരുന്നു. 2017 ഒക്ടോബര്‍ 17നാണ് അതിന്റെ ഇന്റര്‍വ്യൂ നടന്നത്.
ഇന്റര്‍വ്യൂവിന് തൊട്ടുമുമ്പായാണ് ഒറിജിനല്‍ അഡൈ്വടൈസ്‌മെന്റില്‍ ഇല്ലാത്ത എന്‍.ഒ.സി വേണമെന്ന ക്ലോസ് ഉള്‍പ്പെടുത്തിയത്. ഇതുസംബന്ധിച്ച ലെറ്റര്‍ കിട്ടിയ ഉടന്‍ തന്നെ എന്‍.ഒ.സിക്ക് അപേക്ഷ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ എന്‍.ഒ.സി പിടിച്ചുവെക്കുന്ന സമീപനമാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇത് താന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നത് തടയാന്‍ വേണ്ടിയാണെന്നാണ് എബിജോര്‍ജ് ആരോപിക്കുന്നത്.
ഇതേത്തുടര്‍ന്ന് സാങ്കേതികമായി തനിക്കു എന്‍.ഒ.സി നല്‍കേണ്ട ഉദ്യോഗസ്ഥര്‍ കൂടിയായ ഇന്റര്‍വ്യൂ ബോര്‍ഡിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും എല്‍.എസ്.ജി.ഡിയുടെയും അനുമതിയോടുകൂടിയാണ് ഇന്റര്‍വ്യൂവില്‍ പങ്കെടുത്തതെന്നും അദ്ദേഹം പറയുന്നു.