ന്യൂദൽഹി: പ്രമുഖ മാർക്സിയൻ-സാമ്പത്തിക വിദഗ്ധരായ പ്രഭാത് പട്നായികിന്റേയും ഉത്‌സ
പട്നായികിന്റേയും ഓഫീസ് ജെ.എൻ.യു അധികൃതർ അടച്ചുപൂട്ടി. ഇന്നലെ ഉച്ചയോടെയാണ് ഓഫീസ് അടച്ചു പൂട്ടിയതായി വിദ്യാർത്ഥികളുടെ ശ്രദ്ധയിൽ പെട്ടത്. രണ്ട് പേരും രാജ്യാന്തര പ്രശസ്തിയാർജ്ജിച്ച സാമ്പത്തിക ശാസ്ത്ര വിദഗ്ധരും, ദമ്പതികളുമാണ്.
സോഷ്യൽ സയൻസ് സ്കൂളിൽ കെട്ടിടത്തിലെ മൂന്നാം നിലയിലാണ് ഇവരുടെ ഓഫീസ് പ്രവർത്തിച്ചിരുന്നത്. നാൽപ്പത് വർഷത്തോളം ഇരുവരും പ്രവർത്തിച്ചിരുന്ന ഓഫീസാണ് ഇപ്പോൾ അടച്ച് പൂട്ടിയിരിക്കുന്നത്.
ഒരു മാസം മുമ്പ് വിരമിച്ച എല്ലാ അധ്യാപകരുടേയും ഓഫീസ് അടച്ച് പൂട്ടാൻ അധികൃതർ നിർദ്ദേശിച്ചിരുന്നെങ്കിലും, “എമിററ്റസ്” പദവി നേടിയ പ്രഭാത് പട്നായികിന്റേയും ഉത്‌സ
പട്നായികിന്റേയും ഓഫീസ് അടച്ച് പൂട്ടുന്ന കാര്യം വ്യക്തമാക്കിയിരുന്നില്ല. ഈ പദവിയിലുള്ള അധ്യാപകർ ഓഫീസ് ഒഴിയേണ്ടതുണ്ടോ എന്നതിൽ വ്യക്തത വരുത്താൻ ഉത്സ പട്നായിക് ജെ.എൻ.യു അഡ്മിനിസ്ട്രേഷന് കത്തെഴുതിയതായി ന്യൂസ് ക്ളിക്ക് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ അധികൃതരുടെ ഭാഗത്ത് നിന്ന് മറുപടി ഒന്നും ലഭിച്ചിട്ടില്ല.
അഞ്ച് വർഷകാലത്തോളം കേരളാ ആസൂത്രണ ബോർഡ് വൈസ് ചെയർമാനായി പ്രവർത്തിച്ചയാളാണ് പ്രഭാത് പട്നായിക്. രാജ്യാന്തരപ്രശ്സ്തരായ പട്നായക് ദമ്പതികൾ രാജ്യത്തെ മുതിർന്ന ഇടത് ചിന്തകർ കൂടിയാണ്.