മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന് ഔദ്യോഗിക തുടക്കം. ആശിര്‍വാദ് സിനിമാസിന്റെ ഒഫിഷ്യല്‍ യൂട്യുബ് ചാനല്‍ വഴി പുറത്തുവിട്ട വീഡിയോയിലാണ് മോഹന്‍ലാലും, തിരക്കഥകൃത്ത് മുരളി ഗോപിയും, പൃഥ്വിയും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും ചേര്‍ന്ന് ചിത്രത്തിന് ഔദ്യോഗിക തുടക്കമായി എന്ന് അറിയിച്ചത്.
അവകാശ വാദങ്ങള്‍ ഒന്നും തന്നെയില്ലെന്നും മുമ്പ് എമ്പുരാനെ കുറിച്ച് സംസാരിക്കാന്‍ പല തവണ കണ്ടിട്ടുണ്ടെങ്കിലും ഇന്ന് മുതല്‍ ഔദ്യോഗികമായി ചിത്രത്തിന് തുടക്കമാവുകയായാണെന്നുമാണ് പൃഥ്വിരാജ് വീഡിയോയില്‍ പറഞ്ഞത്.
‘ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒടിയന്റെ സെറ്റില്‍ വെച്ചാണ് ലുസിഫറിന് ഔദ്യോഗിക തുടക്കമായത്. ഇന്ന് ഇപ്പോള്‍ ഇവിടെ വെച്ച് എമ്പുരാന് ഔദ്യോഗികമായി തുടക്കം ആവുകയാണ്. എഴുത്ത് കഴിഞ്ഞു ഇനി അങ്ങോട്ട് അഭിനയിക്കുന്നവരുടെ ഡയിറ്റ്, ലൊക്കേഷന്‍ എന്നിവയൊക്കെ ഇനിയാണ് നോക്കുന്നത്. എപ്പോഴത്തെയും പോലെ എന്റെ ഭാഗത്ത് നിന്ന് അവകാശ വാദങ്ങള്‍ ഒന്നും തന്നെയില്ല ലാലേട്ടന്‍ അഭിനയിക്കുന്ന ഒരു ബിഗ് ബഡ്ജറ്റ് മാസ് ആക്ഷന്‍ എന്റര്‍ട്രെയിനറാണ്. അത് നിങ്ങള്‍ക്ക് ആസ്വദിക്കാന്‍ പറ്റിയാല്‍ അത് എന്നിലെ ഫിലിം മേക്കറിന്റെ വിജയവും സന്തോഷവും ആസ്വദിക്കാന്‍ പറ്റിയില്ല എങ്കില്‍ അത് എന്നിലെ ഫിലിം മേക്കറിന്റെ തോല്‍വിയാകും,’ പൃഥി പറയുന്നു.
എമ്പുരാന്‍’ എന്നത് മൂന്ന് ഭാഗങ്ങളുള്ള സീരീസിന്റെ രണ്ടാം ഇന്‍സ്റ്റാള്‍മെന്റ് ആണെന്ന് തിരക്കഥാകൃത്ത് മുരളി ഗോപി വ്യക്തമാക്കിയത്.
2019ല്‍ പുറത്തിറങ്ങിയ ലൂസിഫര്‍ 200 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടുകയും ആ വര്‍ഷത്തെ ഏറ്റവും വലിയ പണം വാരി ചിത്രമായി മാറുകയും ചെയ്തു. മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ നേതാവായി എത്തുന്ന സിനിമയില്‍ മഞ്ജു വാര്യര്‍, വിവേക് ഒബ്റോയ്, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, സംവിധായകന്‍ ഫാസില്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
Content Highlight: Offical Kick start for Most Anticipated Malayalam Movie Empuraan