ഗുഡ്ഗാവ്: ഗുഡ്ഗാവിലെ തുറസായ സ്ഥലങ്ങളില്‍ ജുമുഅ നിസ്‌കാരം അനുവദിക്കില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍.
ഗുഡ്ഗാവ് ഭരണകൂടം എല്ലാ കക്ഷികളുമായും വീണ്ടും ചര്‍ച്ച നടത്തുമെന്നും ആരുടെയും അവകാശങ്ങള്‍ പിടിച്ചെടുക്കാത്ത സൗഹാര്‍ദപരമായ ഒരു പരിഹാരം ഉണ്ടാക്കുമെന്നും അതുവരെ സ്വന്തം വീടുകളിലോ മറ്റു സ്ഥലങ്ങളിലോ പ്രാര്‍ത്ഥന നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
”പ്രശ്നം പരിഹരിക്കുന്നതിനായി പൊലീസുമായി ഞാന്‍ ചര്‍ച്ച നടത്തി. ആരാധനാലയങ്ങളില്‍ വെച്ച് ആരെങ്കിലും പ്രാര്‍ത്ഥിക്കുന്നതിന് ഞങ്ങള്‍ എതിരല്ല. അത്തരം സ്ഥലങ്ങള്‍ അതിനായി നിര്‍മിക്കപ്പെട്ടവയാണ്. പക്ഷേ, അത് പരസ്യമായി ചെയ്യുന്നത് അംഗീകരിക്കാനാവില്ല. തുറസായ സ്ഥലങ്ങളില്‍ പരസ്യമായി നമസ്‌കരിക്കുന്നതിനോട് ഒരിക്കലും യോജിക്കാനാവില്ല”ഖട്ടര്‍ പറഞ്ഞു.
അതേസമയം, തീവ്ര വലതുപക്ഷ സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് രണ്ട് മാസത്തോളമായി ഗുഡ്ഗാവില്‍ ജുമുഅ തടസപ്പെട്ടിരിക്കുകയാണ്. തുടര്‍ച്ചയായി മൂന്ന് വെള്ളിയാഴ്ച്ചകളില്‍ സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍, ‘ലാന്‍ഡ് ജിഹാദ്’ എന്നാരോപിച്ച് നിസ്‌കാരം തടസപ്പെടുത്തുകയായിരുന്നു.