| Sunday, 3rd November 2024, 4:48 pm

ദളിത് സമുദായത്തെ 'ഹരിജൻ' എന്നധിക്ഷേപിച്ച് യോഗി; രൂക്ഷ വിമർശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ദളിത് സമുദായത്തെ ഹരിജൻ എന്ന് വിളിച്ച് അധിക്ഷേപിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമർശനം.

ഒക്‌ടോബർ 31 ന് ഗോരഖ്പൂരിൽ ദീപാവലിയോടനുബന്ധിച്ചുള്ള പരിപാടിയെ അഭിസംബോധന ചെയ്യവെയാണ് യോഗിയുടെ പരാമർശം. വീടുകളിൽ ദീപം തെളിയിക്കാൻ കഴിയാത്തവരോടൊപ്പം ദീപാവലി ആഘോഷിക്കണമെന്നും താൻ ഇന്ന് രാവിലെ ഹരിജൻ ചേരിയിൽ ആയിരുന്നെന്നുമായിരുന്നു യോഗിയുടെ പരാമർശം.

‘ഇന്ന് രാവിലെ, ഞാൻ അയോധ്യയിലായിരുന്നു. അവിടെ ഒരു ഹരിജൻ ചേരിയിൽ (ഹരിജൻ ബസ്തി) പോയി ഞാൻ മധുര പലഹാരങ്ങളും മണ്ണെണ്ണ വിളക്കുകളും സമ്മാനിച്ചു. ദീപാവലിയുടെ സന്തോഷം അവരുമായി പങ്കുവെക്കുകയും അവിടെയുള്ള എല്ലാവർക്കും ആശംസകൾ അറിയിക്കുകയും ചെയ്തു,’ യോഗി പറഞ്ഞു.

1982ൽ പട്ടികജാതി വിഭാഗത്തെ ഹരിജൻ എന്ന വാക്ക് ഉപയോഗിച്ച് വിളിക്കരുതെന്ന് കേന്ദ്ര സർക്കാർ എല്ലാ സംസ്ഥാന സർക്കാരുകളോടും ആവശ്യപ്പെട്ടിരുന്നു. ഇത് നാഗിന എം.പിയും ആസാദ് സമാജ് പാർട്ടി–കാൻഷിറാം അധ്യക്ഷൻ ചന്ദ്രശേഖർ ആസാദും ആദിത്യനാഥിനെ ഓർമിപ്പിച്ചു. 2010ൽ സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം പുതിയ മാർഗനിർദേശങ്ങളിൽ ഈ വാക്ക് നിരോധിച്ചിരുന്നു.

ഇത്രയും സുപ്രധാനമായ ഭരണഘടനാ പദവി വഹിക്കുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഈ തീരുമാനങ്ങളെക്കുറിച്ച് അറിയില്ലേ? അതോ ‘ഹരിജൻ’ എന്ന വാക്കിലൂടെ പട്ടികജാതിക്കാരെ ബോധപൂർവം അപമാനിക്കുകയാണോയെന്നും ആസാദ് ചോദിച്ചു.

‘ഇത്രയും സുപ്രധാനമായ ഭരണഘടനാ പദവി വഹിക്കുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് 2010ൽ സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം പുതിയ മാർഗനിർദേശങ്ങൾ അറിയില്ലേ? അതോ ‘ഹരിജൻ’ എന്ന വാക്കിലൂടെ പട്ടികജാതിക്കാരെ മുഖ്യമന്ത്രി ബോധപൂർവം അപമാനിക്കുകയാണോ?,’ ആസാദ് പറഞ്ഞു.

‘ഹരിജൻ’ എന്ന വാക്ക് കേന്ദ്ര സർക്കാരും കോടതികളും നിരോധിച്ചിട്ടുണ്ടെന്ന് ഉത്തർപ്രദേശ് മുൻ പ്രതിപക്ഷ നേതാവും അംബേദ്കറൈറ്റ് രാഷ്ട്രീയക്കാരനുമായ സ്വാമി പ്രസാദ് മൗര്യയും പറഞ്ഞു.

Content Highlight: ‘Offensive to the Community’: Dalit Leaders, Scholars Slam Adityanath for Saying ‘Harijan’

We use cookies to give you the best possible experience. Learn more