ബെംഗളൂരു: ഐ.എസ്.എല്‍ ഒമ്പതാം പതിപ്പിലെ രണ്ടാം മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ബെംഗളൂരു എഫ്.സിക്ക് വിജയം.
ഏകപക്ഷീയമായ ഒരു ഗോളിനാണ് ബെംഗളൂരുവിന്റെ ജയം. ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരം ഗോള്‍രഹിത സമനിലയാകുമെന്ന പ്രതീക്ഷയില്‍ നില്‍ക്കുമ്പോഴാണ് 87ാം മിനിട്ടില്‍ അലന്‍ കോസ്റ്റ ബെംഗളൂരുവിന് വേണ്ടി ഗോള്‍ നേടിയത്.
53 ശതമാനം പന്തടക്കത്തിലും ആറിനെതിരെ 12 ഗോള്‍ ശ്രമം നടത്തിയിട്ടും ഒറ്റ ഗോളിന് വിജയിക്കാനായിരുന്നു ബെംഗളൂരുവിന്റെ വിധി. ആദ്യ പകുതിയുടെ തുടക്കത്തില്‍ സ്വന്തം മൈതാനത്ത് ബെംഗളൂരുവായിരുന്നു നിറഞ്ഞുകളിച്ചത്. എന്നാല്‍ പതിയെ നോര്‍ത്ത് ഈസ്റ്റും താളം കണ്ടെത്തിയതോടെ ആവേശകരമായ മത്സരമാണ് കാണാന്‍ കഴിഞ്ഞത്.
അതേസമയം, കളിയുടെ അധിക സമയത്ത് നോര്‍ത്ത് ഈസ്റ്റിന്റെ യോന്‍ ഗസ്തനാഗ മറുപടി ഗോള്‍ അടിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിധിച്ചതോടെ ഗോള്‍ അനുവദിച്ചില്ല. ജോണിന്റെ ഷോട്ട് വലയില്‍ കയറും മുമ്പ് ഓഫ്സൈഡ് പൊസിഷനിലായിരുന്ന റൊമയ്നിന്റെ കാലില്‍ തട്ടിയെന്നായിരുന്നു റഫറിയുടെ വിധിച്ചത്.
എന്നാല്‍ പന്ത് താരത്തിന്റെ കാലില്‍ തട്ടിയില്ലെന്ന് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നുവെന്നാണ് മത്സര ശേഷം നോര്‍ത്ത് ഈസ്റ്റ് ആരാധകരുടെ വദം. അതുകൊണ്ടുതന്നെ ഈ ഓഫ് സൈഡ് വിവാദം വരും ദിവസങ്ങളിലും ചര്‍ച്ചയാകാനാണ് സധ്യത.