| Thursday, 18th July 2019, 8:11 pm

കര്‍ണാടകത്തില്‍ സര്‍ക്കാരിനെ ബുദ്ധിമുട്ടിലാക്കിയത് 200, 500 വോട്ടിന് ജയിച്ചവര്‍; ഉപതെരഞ്ഞെടുപ്പ് നടന്നാല്‍ വിജയിക്കാമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വിശ്വാസ വോട്ടെടുപ്പ് നടത്താതെ കര്‍ണാടക നിയമസഭ പിരിഞ്ഞു. വിമത എം.എല്‍.എമാര്‍ കോണ്‍ഗ്രസ് നല്‍കിയ വിപ്പ് നിലനില്‍ക്കും എന്ന സ്പീക്കറുടെ നിലപാടാണ് ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കാതെ ഇരിക്കാനുള്ള പ്രധാന കാരണം. കോണ്‍ഗ്രസ്-ജനതാദള്‍ സര്‍ക്കാരിനെ ബുദ്ധിമുട്ടിലാക്കിയ വിമതര്‍ക്കൊരു പ്രത്യേകതയുണ്ട്. 10% വോട്ടുകളുടെ താഴെ ഭൂരിപക്ഷത്തിന് വിജയിച്ചവരാണ് ഇതില്‍ 11 പേരും.

കോണ്‍ഗ്രസില്‍ നിന്നും ജനതാദള്‍ എസില്‍ നിന്നുമായി 16 പേരാണ് രാജി സമര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ 13 പേരാണ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍. വിമത എം.എല്‍.എയായ രാമലിംഗ റെഡ്ഡി കോണ്‍ഗ്രസിലേക്ക് തിരികെയെത്തിയിട്ടുണ്ട്. അതേ സമയം കോണ്‍ഗ്രസ് ക്യാമ്പില്‍ ഉണ്ടായിരുന്ന ശ്രീമന്ത് സഹേബ് പാട്ടീല്‍ നിയമസഭയില്‍ നിന്ന് മുങ്ങുകയും ചെയ്തു.

പതിനാറ് വിമത എം.എല്‍.എമാരില്‍ പ്രധാനിയായ കോണ്‍ഗ്രസിന്റെ പ്രതാപ് ഗൗഡ പാട്ടീല്‍ വിജയിച്ചത് മസ്‌കി മണ്ഡലത്തില്‍ നിന്നാണ്. വെറും 213 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രതാപ് ഗൗഡ വിജയിച്ചത്. അതായത് 0.16 ശതമാനം വോട്ടിന്. ഈ മണ്ഡലത്തില്‍ ജനതാദള്‍ എസ് 11,392 വോട്ട് നേടിയിരുന്നു.

രണ്ടാമതായി ചെറിയ ഭൂരിപക്ഷത്തില്‍ വിജയിച്ചത് ഹിരേക്കൂറൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച ബി.സി പാട്ടീല്‍ ആണ്. 555 വോട്ടുകള്‍ക്കാണ് ബി.ജെ.പിയ്‌ക്കെതിരെ ബി.സി പാട്ടീല്‍ വിജയിച്ചത്. ജനതാദള്‍ എസ് ഈ മണ്ഡലത്തില്‍ നേടിയത് 3597 വോട്ടുകളാണ്.

മറ്റൊരു കോണ്‍ഗ്രസ് എം.എല്‍.എയായ ഹെബ്ബര്‍ ശിവറാം യെല്ലാപൂര്‍ മണ്ഡലത്തില്‍ നിന്നാണ് വിജയിച്ചത്. 1483 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബി.ജെ.പിക്കെതിരെ വിജയം. ജനതാദള്‍ എസ് 4.5 വോട്ടും നേടിയിരുന്നു.

വിമത പക്ഷത്തുള്ള മഹേഷ് ഇരണഗൗഡ വിജയിച്ചത് 2.331 വോട്ടുകള്‍ക്കാണ്. അത്താനി മണ്ഡലത്തില്‍ നിന്നാണ് മഹേഷ് ബി.ജെ.പിയ്‌ക്കെതിരെ വിജയിച്ചത്. 1.4 ശതമാനം വോട്ടിന്റെ ഭൂരിപക്ഷം. ജനതാദള്‍ എസ് 3,381 വോട്ടും നേടി.

യശ്വന്ത്പൂരില്‍ നിന്നുള്ള ജനതാദള്‍ എസ് എം.എല്‍.എ 3.7 ശതമാനം വോട്ടുകള്‍ക്കാണ് വിജയിച്ചത്. ഇവിടെ ബി.ജെ.പി മൂന്നാം സ്ഥാനത്താണ്. ഹുന്‍സൂര്‍ മണ്ഡലത്തിലും ഹോസക്കോട്ടെയിലും ചെറിയ ശതമാനം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിമത എം.എല്‍.എമാരുടെ വിജയം. ഇനിയും ഉണ്ട് നിരവധി എം.എല്‍.എമാര്‍ വിമത പക്ഷത്ത് 10 ശതമാനം വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചവര്‍. അഞ്ച് എം.എല്‍.എമാര്‍ മാത്രമാണ് 10 ശതമാനത്തിന് മേല്‍ ഭൂരിപക്ഷത്തിന് വിജയിച്ചത്.

നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ജനതാദള്‍ എസും വെവ്വേറേയാണ് മത്സരിച്ചത്. ഒരുമിച്ച് മത്സരിച്ചാല്‍ വിമതര്‍ രാജിവെച്ച് ഉപതെരഞ്ഞെടുപ്പ് വന്നാല്‍ ഈ മണ്ഡലങ്ങള്‍ നിലനിര്‍ത്താമെന്നാണ് കോണ്‍ഗ്രസും ജനതാദളും കരുതുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ബി.ജെ.പി ടിക്കറ്റില്‍ വിജയിച്ചു കയറാനാവുമെന്നാണ് വിമതരുടെ വിശ്വാസം.

We use cookies to give you the best possible experience. Learn more