കൊച്ചി: മോഹന്‍ലാല്‍ ചിത്രം ഒടിയനെ കുറിച്ചുള്ള ഓരോ വാര്‍ത്തയും ഏറെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. സിനിമയിലെ ഒരോ ഘടകവും ഏറ്റവും മികച്ചതായിരിക്കണമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോനും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനുമുണ്ട്.
ഇപ്പോള്‍ ഇതാ ചിത്രത്തിലെ ഗാനങ്ങളെ കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തുവിട്ട് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗായകന്‍ എം.ജി ശ്രീകുമാറും.
താന്‍ പാടിയ കണ്ണീര്‍ പൂവിനേക്കാളും സൂര്യകീരിടത്തിനേക്കാളും മുകളില്‍ നിക്കുന്ന ഗാനമാണ് ഒടിയനിലെന്നാണ് എം.ജി. ശ്രീകുമാര്‍ പറയുന്നത്. കാലത്തിനപ്പുറം നില്‍ക്കുന്ന സംഗീതമായിരിക്കും ഒടിയനിലേതെന്നാണ് ഇരുവരും പറയുന്നത്.
തികച്ചും വ്യത്യസ്തമായ രീതിയിലാണ് ഓരോ ഗാനവും ചിട്ടപ്പെടുത്തിയിരിക്കുന്നത്. കാരണം ഒടിയനോടൊപ്പം സഞ്ചരിച്ചാണ് ഓരോ ഗാനവും തയ്യാറാക്കിയിരിക്കുന്നത്. ആ കഥാപാത്രത്തെ അത്രയും ഉള്‍ക്കൊണ്ടാല്‍ മാത്രമേ ഗാനങ്ങളും അങ്ങനെ അവതരിപ്പിക്കാനാകൂ. ഒടിയനില്‍ ഇങ്ങനെ ഒരു ഗാനം ലഭിച്ചതില്‍ ജന്മം സഫലമായി കരുതുന്നു എന്നും എംജി ശ്രീകുമാര്‍ പറഞ്ഞു.
30 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ നായികയായും പ്രകാശ് രാജ് വില്ലന്‍ വേഷത്തിലുമെത്തുന്നു. 1950-നും 1990-നും ഇടയിലുള്ള കാലഘട്ടമാണ് സിനിമയില്‍ ചിത്രീകരിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവും മാധ്യമപ്രവര്‍ത്തകനുമായ ഹരികൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.