കോഴിക്കോട്: നമ്മുടെ ലാലേട്ടന് വേണ്ടിയും കേരളം കണ്ട ഏറ്റവും വലിയ സിനിമാസ്വപ്നത്തിന് വേണ്ടിയും ഒടിയന്‍ നിങ്ങള്‍ നാളെ തന്നെ കാണണമെന്ന് തിരക്കഥാകൃത്ത് ഹരികൃഷ്ണന്‍ കൊര്‍നാഥ്. ബി.ജെ.പി ഹര്‍ത്താലിനെ തുടര്‍ന്ന് റിലീസ് പ്രതിസന്ധിയിലായ ഒടിയന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിനൊപ്പം നില്‍ക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കൊണ്ട് ഫേസ് ബുക്കിലിട്ട വീഡിയോയിലാണ് ഹരികൃഷ്ണന്‍ ഇക്കാര്യം അഭ്യര്‍ത്ഥിച്ചത്.
“”ഒടിയന്‍ എന്ന ചിത്രം നാളെ വേണ്ടേ… രണ്ട് വര്‍ഷമായി കാത്തിരിക്കുന്ന ഈ സിനിമ നമ്മള്‍ കാണണം. കാത്തിരിപ്പിന്റെ ഒരു ദിവസം പോലും മാറ്റാന്‍ നമ്മള്‍ ഉദ്ദേശിക്കുന്നില്ല. നമ്മുടെ ലാലേട്ടന് വേണ്ടിയും കേരളം കണ്ട ഏറ്റവും വലിയ സിനിമാസ്വപ്നത്തിന് വേണ്ടിയും ഒടിയന്‍ നിങ്ങള്‍ നാളെ തന്നെ കാണണം. ഒടിയന് വേണ്ടി നില്‍ക്കണം – ഹരികൃഷണന്‍ വീഡിയോയിലൂടെ പ്രേക്ഷകരോട് ആവശ്യപ്പെട്ടു.
ഒടിയന് നാളെ തന്നെ തിയേറ്ററുകളില്‍ എത്തുമെന്ന് സിനിമയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വിശദീകരണം വന്നതിന് പിന്നാലെയാണ് അഭ്യര്‍ത്ഥനയുമായി തിരക്കഥാകൃത്ത് ഹരികൃഷ്ണന്‍ രംഗത്തെത്തിയത്.
മുന്‍നിശ്ചയിച്ചിരുന്നത് പോലെ തന്നെ പുലര്‍ച്ചെ 4.30 മുതല്‍ ഒടിയന്റെ എല്ലാ ഷോകളും ഉണ്ടായിരിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.
തിയേറ്റര്‍ ഓണേര്‍സും സിനിമയുടെ അണിയറ പ്രവര്‍ത്തകരും കൂടിയാലോചിച്ച ശേഷമാണ് ഇത്തരത്തില്‍ തീരുമാനം എടുത്തത്. നേരത്തെ ബി.ജെ.പി പ്രഖ്യാപിച്ച ഹര്‍ത്താലിന് എതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഇന്ന് വൈകുന്നേരത്തോടെയാണ് ബി.ജെ.പി സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. മുട്ടട സ്വദേശി വേണുഗോപാല്‍ തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തെ തുടര്‍ന്നാണ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ ആറ് വരെയാണ് ഹര്‍ത്താല്‍.
സെക്രട്ടേറിയറ്റിന് മുന്നില്‍ ബി.ജെ.പി നേതാവ് സി.കെ പത്മനാഭന്‍ നിരാഹാര സമരം കിടക്കുന്ന സമരപ്പന്തലിന് മുന്നിലാണ് ആത്മഹത്യ ശ്രമം നടത്തിയത്. ദേഹത്ത് പെട്രോള്‍ ഒഴിച്ചശേഷം സമരപ്പന്തലിന് സമീപത്തേക്ക് ഓടിയെത്തിയ ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ നിന്നായിരുന്നു അന്ത്യം. ഇയാള്‍ക്ക് 70 ശതമാനത്തോളം പൊള്ളലേറ്റതായി മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചിരുന്നു.