കോഴിക്കോട്: നാളെ ബി.ജെ.പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടെ വെട്ടിലായത് ഒടിയന്‍ സിനിമയ്ക്കായി കാത്ത് നില്‍ക്കുന്ന ലക്ഷകണക്കിന് ആരാധകരാണ്. ഇന്ന് വൈകുന്നേരത്തോടെയാണ് ബി.ജെ.പി സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
മുട്ടട സ്വദേശി വേണുഗോപാല്‍ തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തെ തുടര്‍ന്നാണ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ ആറ് വരെയാണ് ഹര്‍ത്താല്‍.സെക്രട്ടേറിയറ്റിന് മുന്നില്‍ ബി.ജെ.പി നേതാവ് സി.കെ പത്മനാഭന്‍ നിരാഹാര സമരം കിടക്കുന്ന സമരപ്പന്തലിന് മുന്നിലാണ് ആത്മഹത്യ ശ്രമം നടത്തിയത്. ദേഹത്ത് പെട്രോള്‍ ഒഴിച്ചശേഷം സമരപ്പന്തലിന് സമീപത്തേക്ക് ഓടിയെത്തിയ ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ നിന്നായിരുന്നു അന്ത്യം. ഇയാള്‍ക്ക് 70 ശതമാനത്തോളം പൊള്ളലേറ്റതായി മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചിരുന്നു.
എന്നാല്‍ ജീവിതം മടുത്തത് കൊണ്ടാണ് ആത്മഹത്യ ചെയ്യുന്നതെന്ന വേണുഗോപാലിന്റെ മൊഴി പുറത്തുവന്നിട്ടുണ്ട്. പക്ഷേ ശബരിമല വിഷയത്തില്‍ മനംനൊന്താണ് വേണുഗോപാല്‍ ആത്മഹത്യ ചെയ്തതെന്നാണ് ബി.ജെ.പി പ്രചരണം. തുടര്‍ന്നാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
ഇതോടെ നാളെ ലോക വ്യാപകമായി റിലീസ് ചെയ്യാന്‍ ഇരുന്ന ഒടിയന്റെ കേരളത്തിലെ റിലീസ് കാര്യത്തില്‍ ആശങ്കയിലായി. എന്നാല്‍ ഹര്‍ത്താല്‍ ഒന്നും വകവെയ്ക്കില്ലെന്നും നാളെ റിലീസ് എങ്ങാനും മാറ്റി വെയ്‌ക്കേണ്ടി വന്നാല്‍ ബി.ജെ.പിയുടെ അവസാന ഹര്‍ത്താലായിരിക്കുമെന്നും ആരാധകര്‍ പറയുന്നു.
തിയേറ്റര്‍ തുറന്നാല്‍ പിന്നെ സംരക്ഷണം ഫാന്‍സ് എറ്റെടുത്തോളുമെന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ വരുന്നുണ്ട്. #Stand_With_Odiyan എന്ന ഹാഷ് ടാഗ് ക്യാംപെയിനും സോഷ്യല്‍ മീഡിയയില്‍ ശക്തമാണ്.
ബി.ജെ.പിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഇതോടെ ഒടിയന്‍ ആരാധകരുടെ പ്രതിഷേധം ആരംഭിച്ചു. റിലീസിന് എന്തെങ്കിലും മാറ്റം വന്നാല്‍ ബി.ജെ.പിയുടെ അദ്യത്തേയും അവസാനത്തെയും എം.എല്‍.എ ആയിരിക്കും ഒ.രാജഗോപാല്‍ എന്നും തിയേറ്ററുകള്‍ക്ക് നേരെ എന്തെങ്കിലും പ്രതിഷേധത്തിന് മുതിര്‍ന്നാല്‍ കായികമായി നേരിടുമെന്നും ആരാധകര്‍ പറയുന്നുണ്ട്.