|

ബന്ദികളാക്കിയ കടുവകളെ വനത്തിലേക്ക് വിടും; കടുവകളുടെ എണ്ണം കൂട്ടാന്‍ റീവൈല്‍ഡിങ് പദ്ധതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭുവനേശ്വര്‍: ബന്ദികളാക്കിയ കടുവകളെ റീവൈല്‍ഡ് ചെയ്യാന്‍ റോഡ്മാപ്പ് തയ്യാറാക്കിയതായി ഒഡീഷയിലെ നന്ദന്‍കാനന്‍ മൃഗശാല അധികൃതര്‍. ഒഡീഷയിലെ വനങ്ങളില്‍ കടുവകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.

പ്രധാനമായും മനുഷ്യന്റെ ഇടപെടലുകള്‍ മൂലം കുറഞ്ഞുപോയ സസ്യ-ജന്തുജാലങ്ങളെ പുനരുല്‍പാദിപ്പിക്കാനും, ജൈവവൈവിധ്യം പ്രോത്സാഹിപ്പിക്കുന്നതിനുമായി ഉപയോഗിക്കുന്ന ഒരു സംരക്ഷണ തന്ത്രമാണ് റീവൈല്‍ഡിങ്. അന്താരാഷ്ട്ര കടുവാ ദിനത്തിലാണ് അധികൃതരുടെ ഈ തീരുമാനം.

ബന്ദികളാക്കിയ കടുവക്കുട്ടികളെ പുനരുല്‍പാദിപ്പിക്കുന്നതിന്റെ ഭാഗമായി വനത്തിലേക്ക് വിടുമെന്ന് നന്ദന്‍കാനന്‍ മൃഗശാല ഡയറക്ടര്‍ മനോജ് വി. നായര്‍ പറഞ്ഞു. എന്നാല്‍ ഇതിന് ശാസ്ത്രീയമായ പ്രക്രിയ പിന്തുടരേണ്ടതിനാല്‍ ഇതിന് ഒരു വര്‍ഷമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

16 സാധാരണ നിറമുള്ള റോയല്‍ ബംഗാള്‍ കടുവകളും, ഏഴ് വെള്ള ആര്‍.ബി.ടികളും മൂന്ന് മെലാനിസ്റ്റിക് കടുവകളും ഉള്‍പ്പെടെ 26 കടുവകളാണ് നന്ദന്‍കാനന്‍ മൃഗശാലയില്‍ ഉള്ളത്. മൃഗശാലയില്‍ ‘നന്ദന്‍’ എന്നു പേരുള്ള ഒരു കാട്ടു കടുവയുമുണ്ട്.

ബെംഗളൂരുവിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സസുമായി (എന്‍.സി.ബി.എസ്) സഹകരിച്ച് മൃഗശാലയിലെ കടുവകളുടെ ജനിതക സവിശേഷതകളെക്കുറിച്ച് ഗവേഷണം നടത്താന്‍ നന്ദന്‍കാനന്‍ മൃഗശാല പദ്ധതിയിടുന്നതായും മനോജ് വി. നായര്‍ പറഞ്ഞു.

കടുവകുട്ടികള്‍ക്ക് വന്യമായ സ്വഭാവം കൈവരിക്കാനും, പരിസ്ഥിതിയുമായി എളുപ്പത്തില്‍ പൊരുത്തപ്പെടാനും കഴിയുന്ന തരത്തില്‍ ഈ ഇനത്തിന്റെ സവിശേഷതകള്‍ അടുത്ത തലമുറയ്ക്ക് കൈമാറാന്‍ സാധിക്കും. കടുവകളുടെ കുറവുള്ള പ്രദേശങ്ങളിലേക്ക് അവരെ വിട്ടയക്കുമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ ഗവേഷണ കണ്ടെത്തലുകള്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഈ പദ്ധതി കൊണ്ടുവരുന്ന രാജ്യത്തെ ആദ്യ മൃഗശാലയാണ് നന്ദന്‍കാനനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2018ലെ സെന്‍സസ് അനുസരിച്ച്, നിലവില്‍ ഒഡീഷയില്‍ 28 കടുവകളാണുള്ളത്. ഡെബ്രിഗഡ്, സുനബേഡ വന്യജീവി സങ്കേതങ്ങളില്‍ രണ്ട് കടുവ സംരക്ഷണ കേന്ദ്രങ്ങള്‍ കൂടി കൊണ്ടുവരാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ട്.

സിമിപാല്‍ നാഷണല്‍ പാര്‍ക്കിലും സത്കോസിയ വന്യജീവി സങ്കേതത്തിലുമായി രണ്ട് കടുവാ സംരക്ഷണ കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്.

Content Highlight: Odisha zoo to release captive bred tigers in the wild