ഭുവനേശ്വർ: മതപരിവർത്തനം ആരോപിച്ച് ഒഡീഷയിൽ ആദിവാസി സ്ത്രീകളെ മരത്തിൽ കെട്ടിയിട്ട് മർദിച്ചതായി റിപ്പോർട്ട്. ഒഡീഷയിലെ ബാലസോർ ജില്ലയിലെ റെമുന പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. രണ്ട് ആദിവാസി സ്ത്രീകൾ ഒരു ഹിന്ദു യുവാവിനെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമിച്ചെന്ന് ആരോപിച്ച് ജനക്കൂട്ടം അവരെ മരത്തിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു.
നാൽപ്പത് വയസുള്ള രണ്ട് ആദിവാസി സ്ത്രീകളെ മരത്തിൽ കെട്ടിയിട്ട് മർദിക്കുകയും അവരുടെ മുഖത്ത് കേക്ക് തേക്കുകയും ചെയ്യുന്ന വീഡിയോ വൈറൽ ആയതോടെയാണ് സംഭവം പുറത്തറിയുന്നത്.
സുഭാഷിനി സിങ് , സുകാന്തി സിങ് എന്ന രണ്ട് സ്ത്രീകളെ ആൾക്കൂട്ടം മർദിച്ചതായും അവരിൽ ഒരാളുടെ മുഖത്ത് അവർ കൊണ്ടുവന്ന കേക്ക് തേച്ചതായും റെമുന പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ഇൻ ചാർജ് (ഐ.ഐ.സി) സുബാസ് മല്ലിക് സ്ഥിരീകരിച്ചു.
മതംമാറ്റം ആഘോഷിക്കാൻ സ്ത്രീകൾ കേക്ക് കൊണ്ടുവന്നതാണെന്നാണ് നാട്ടുകാരുടെ വാദം. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്), ഒഡീഷ ഫ്രീഡം ഓഫ് റിലീജിയൻസ് ആക്ട്, 1967 എന്നിവയുടെ വിവിധ വകുപ്പുകൾ പ്രകാരം രണ്ട് കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു.
ഹിന്ദു മതത്തെയും സംസ്‌കാരത്തെയും നശിപ്പിച്ചതിന് ഉത്തരവാദികൾ ആ സ്ത്രീകളാണെന്ന് പറഞ്ഞ് ഒരു കൂട്ടം പുരുഷന്മാരും സ്ത്രീകളും അവരെ വളയുന്നതായി വീഡിയോയിൽ കാണിക്കുന്നു. കൂട്ടത്തിൽ ഒരാൾ ഭാരത് മാതാ കീ ജയ്, ജയ് ശ്രീറാം എന്നീ മുദ്രാവാക്യങ്ങൾ വിളിക്കുന്നതും സ്ത്രീകൾ നിസഹായരായി നോക്കി നിൽക്കുന്നതും വീഡിയോയിൽ കാണാം.
ഹിന്ദുവായ ഗോബിന്ദ് സിങ്ങിനെ (40) സന്ദർശിക്കാൻ ഗ്രാമത്തിൽ എത്തിയതായിരുന്നു ഇരു സ്ത്രീകളും. ഗോബിന്ദ് സ്വമേധയാ ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ തയ്യാറായിരുന്നു. സ്ത്രീകളുടെ സന്ദർശനത്തെക്കുറിച്ച് എങ്ങനെയോ തീവ്ര ഹിന്ദുത്വവാദികൾ അറിഞ്ഞു. ഉടൻ തന്നെ അവർ സ്ഥലത്ത് തടിച്ചുകൂടി. രണ്ട് സ്ത്രീകളെയും മരത്തിൽ കെട്ടിയിട്ട് അവർ കൊണ്ടുവന്ന കേക്ക് സുഭാഷിനിയുടെ മുഖത്ത് തേച്ചു. മറ്റൊരു വിശ്വാസം സ്വീകരിക്കാൻ ശ്രമിച്ചതിന് ഗോബിന്ദ് സിങ്ങിനെയും ജനക്കൂട്ടം അപമാനിച്ചുവെന്ന് പൊലീസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ബാപിൻ നായക്, പിതാംബർ ബിസ്വാൾ, പ്രശാന്ത് നായക്, ബാദൽ പാണ്ഡ എന്നീ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി മല്ലിക് പറഞ്ഞു. പ്രതികൾക്കെതിരെ ചുമത്തിയ ബി.എൻ.എസ് വകുപ്പുകളിൽ പട്ടികജാതിക്കാർക്കും ഗോത്രക്കാർക്കുമെതിരായ അതിക്രമങ്ങളും തടയലും ഉൾപ്പെടുന്നു.
സംഭവത്തെ ലജ്ജാകരവും സംസ്ഥാനത്തെ ക്രമസമാധാന നിലയുടെ മോശം പ്രതിഫലനവുമാണെന്ന് ഒഡീഷ കോൺഗ്രസ് വക്താവ് അമിയ പാണ്ഡബ് വിശേഷിപ്പിച്ചു. ‘ഇതിലും ലജ്ജാകരമായ കാര്യം വേറെയില്ല, സ്ത്രീകൾക്കെതിരെ, അതും ഏറ്റവും ദുർബലരായ ആദിവാസി സ്ത്രീകൾക്കെതിരെയാണ് ഇത്തരം അതിക്രമങ്ങൾ നടക്കുന്നത്. മുഖ്യമന്ത്രി തന്നെ ആദിവാസി വിഭാഗത്തിൽ നിന്നുള്ളയാളാണെന്നും മയൂർഭഞ്ച് ജില്ലയിൽ നിന്നുള്ള നമ്മുടെ രാജ്യത്തിൻ്റെ പ്രസിഡൻ്റും ഇതേ വിഭാഗത്തിൽ നിന്നുള്ള വ്യക്തിയാണെന്നും നാം ഓർക്കേണ്ടിയിരിക്കുന്നു ,’ പാണ്ഡബ് പറഞ്ഞു.
Content Highlight: Odisha Tribal Women Tied to Tree, Beaten Up Over Religious Conversion Suspicion