ഭുവനേശ്വര്‍: ട്രെയിന്‍ അപകടം നടന്ന ഒഡിഷയിലെ ബഹനഗ ബസാര്‍ സന്ദര്‍ശിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ റെയില്‍വേ അപകടമാണിതെന്ന് മമത പറഞ്ഞു.
‘കോറമണ്ഡല്‍ വളരെ മികച്ച ട്രെയിനുകളില്‍ ഒന്നാണ്. ഞാന്‍ മൂന്ന് തവണ റെയില്‍വേ മന്ത്രിയായിട്ടുണ്ട്. 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ റെയില്‍വേ അപകടമാണിത്,’ മമത പറഞ്ഞു.
‘ഇത്തരം കേസുകളെല്ലാം റെയില്‍വേ സുരക്ഷാ കമ്മീഷനെ ഏല്‍പ്പിക്കുകയും അവര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയാണ് ചെയ്യാറ്. ഞാന്‍ അറിഞ്ഞത് അനുസരിച്ച് ട്രെയിനുകള്‍ കൂട്ടിയിടിക്കുന്നത് തടയാനുള്ള ഉപകരണം ഉണ്ടായിരുന്നില്ല. മരിച്ചവരെ നമുക്ക് തിരിച്ച് കൊണ്ട് വരാന്‍ സാധിക്കില്ല. എന്നാല്‍ നമ്മലിപ്പോള്‍ സാധാരണ നിലയിലേക്ക് എല്ലാം എത്തിക്കാനാണ് നോക്കേണ്ടത്’, മമത പറഞ്ഞു.
സംസ്ഥാനത്ത് നിന്നും 40 ഡോക്ടര്‍മാര്‍ ഇവിടെത്തിയിട്ടുണ്ടെന്നും അവര്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്നും മമത കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നും അവര്‍ പറഞ്ഞു.
‘ഇത് വലിയൊരു ട്രെയിന്‍ അപകടമാണ്. കൃത്യമായ അന്വേഷണം നടത്തേണ്ടതുണ്ട്. ഇതിന് പിന്നില്‍ എന്തൊക്കെയോ ഉണ്ട്. സത്യം പുറത്ത് വരണം. എന്തുകൊണ്ടാണ് ആന്റി കൊളിഷന്‍ സിസ്റ്റം പ്രവര്‍ത്തിക്കാത്തത്? കൃത്യമായ അന്വേഷണം വേണം,’ അപകട സ്ഥലം സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ മമത പറഞ്ഞു.
ബംഗാളില്‍ നിന്നും ട്രെയിന്‍ അപകടത്തില്‍പെട്ട് മരിച്ച ബംഗാള്‍ സ്വദേശികളുടെ കുടുംബത്തിന് 5 ലക്ഷം രൂപയും മമത പ്രഖ്യപിച്ചു. പരിക്കേറ്റവര്‍ക്ക് 1 ലക്ഷം രൂപയും അപകടത്തില്‍ ഇരയായവര്‍ക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു.
2011-12ല്‍ അന്നത്തെ റെയില്‍വേ മന്ത്രിയായിരുന്ന മമത ബാനര്‍ജിയുടെ കീഴില്‍ ട്രെയിന്‍ കൂട്ടിയിടിക്കുന്നത് തടയാനായി ആന്റി കൊളീഷന്‍ ടെക്നോളജിയായ ട്രെയിന്‍ കൊളിഷന്‍ അവോയ്ഡന്‍സ് സിസ്റ്റം വികസിപ്പിച്ചിരുന്നു. എന്നാല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ട്രെയിന്‍ കൊളിഷന്‍ അവോയ്ഡന്‍സ് സിസ്റ്റത്തെ അവഗണിച്ചുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സാകേത് പറഞ്ഞു.
അതേസമയം 16 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായിട്ടുണ്ട്. അപകടത്തില്‍ 288 പേരാണ് മരിച്ചതെന്നാണ് ഔദ്യോഗിക സ്ഥിരീകരണം.
Contenthighlight: odisha train accident: Mamatha banergee announce rs 5 lack ex gratia