| Sunday, 4th June 2023, 4:04 pm

അമിത വേഗത്തിലായിരുന്നോ ട്രെയിന്‍; കോറോമണ്ഡല്‍ ലോക്കോ പൈലറ്റിന്റെ നിര്‍ണായക മൊഴി പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബാലസോര്‍: മൂന്ന് ട്രെയിനുകളില്‍ വെച്ച് ഏറ്റവുമധികം കൂടുതല്‍ അപകടം സൃഷ്ടിച്ച കോറോമണ്ഡല്‍ ട്രെയിന്‍ ഓടിച്ചിരുന്ന ലോക്കോ പൈലറ്റിന്റെ നിര്‍ണായക മൊഴി പുറത്ത്. ട്രെയിന്‍ അമിത വേഗതയില്‍ ആയിരുന്നില്ലെന്നും സിഗ്നലുകള്‍ ഒന്നും ലംഘിച്ചിട്ടില്ലെന്നും ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ലോക്കോ പൈലറ്റ് മൊഴി നല്‍കി.

ഗ്രീന്‍ സിഗ്നല്‍ കിട്ടിയ ശേഷമാണ് ട്രെയിന്‍ നീങ്ങിയതെന്നും സിഗ്നലുകള്‍ ഒന്നും ലംഘിച്ചിട്ടില്ലെന്നും അദ്ദേഹം മൊഴി നല്‍കി. കോറോമണ്ഡല്‍ ട്രെയിനിന്റെ ലോക്കോ പൈലറ്റും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്.

സുരക്ഷാ കാരണങ്ങളാല്‍ ഇവര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ലോക്കോ പൈലറ്റിന് നെഞ്ചിനും സഹപൈലറ്റിന് കാലിനുമാണ് സാരമായി പരിക്കേറ്റിട്ടുള്ളത്. ഗുഡ്‌സ് ട്രെയിന്റേയും ഷാലിമാര്‍ എക്‌സ്പ്രസിന്റേയും ലോക്കോ പൈലറ്റുമാര്‍ക്ക് പരിക്കുകളില്ല.

അതേസമയം, ബാലസോര്‍ ട്രെയിനപകടത്തിന്റെ കാരണം സിഗ്‌നലിങ് പ്രശ്നമാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടെന്ന് റെയില്‍വേ മന്ത്രാലയം പ്രതിനിധി അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും എല്ലാ തരത്തിലും അന്വേഷണം നടത്തുന്നുണ്ടെന്നും റെയില്‍വേ ബോര്‍ഡ് അംഗം ജയ വര്‍മ്മ സിന്‍ഹ പറഞ്ഞു. പക്ഷേ ഇപ്പോള്‍ ഒന്നും ആധികാരികമായി പറയാന്‍ കഴിയില്ലെന്നും അവര്‍ വ്യക്തമാക്കി.

‘പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. അപകടസ്ഥലത്ത് കുറഞ്ഞത് രണ്ട് റെയില്‍വേ ലൈനുകളെങ്കിലും ഇന്ന് രാത്രി എട്ട് മണിക്ക് പ്രവര്‍ത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നു. ട്രെയിനുകള്‍ കുറഞ്ഞ വേഗതയില്‍ ഓടിത്തുടങ്ങുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,’ റെയില്‍വേ മന്ത്രാലയം പ്രതിനിധി അറിയിച്ചു.

ട്രെയിന്‍ ദുരന്തത്തിന് കാരണം ഇലക്ട്രോണിക് ഇന്റര്‍ലോക്കിംഗ് സംവിധാനത്തിലെ പിഴവാണെന്നാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയിരുന്നു.

ട്രെയിനിന്റ പാത നിശ്ചയിക്കല്‍, പോയിന്റ് ഓപ്പറേഷന്‍, ട്രാക്ക് നീക്കം അടക്കം സിഗ്‌നലിങ്ങുമായി ബന്ധപ്പെട്ട നിര്‍ണായക സംവിധാനമാണ് ഇലേ്രേക്ടാണിക് ഇന്റര്‍ ലോക്കിങ്. പോയിന്റ് ഓപ്പറേഷനില്‍ ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് സൈറ്റ് ഇന്‍സ്‌പെക്ഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതിലേക്കാണ് റെയില്‍വേ മന്ത്രിയും വിരല്‍ ചൂണ്ടുന്നത്.

ട്രെയിനിന്റെ ദിശ നിര്‍ണയിക്കുന്ന പോയിന്റ് സംവിധാനത്തിലുണ്ടായ പാളിച്ചയാണ് കൊറോമണ്ഡല്‍ എക്‌സ്പ്രസ് മെയിന്‍ ലൈനില്‍ നിന്ന് ലൂപ്പ് ലൈനിലേക്ക് നീങ്ങാന്‍ കാരണമായത്. 130 കിലോമീറ്റര്‍ സ്പീഡില്‍ മെയിന്‍ ലൈനിലൂടെ മുന്നോട്ടുപോകേണ്ട ട്രെയിന്‍, ലൂപ്പ് ലൈനിലേക്ക് കടന്ന് ഗുഡ്‌സ് ട്രെയിനെ ഇടിച്ചാണ് വന്‍ ദുരന്തമുണ്ടായത്.

റെയില്‍വേ സ്റ്റേഷന് ഒരു കിലോമീറ്റര്‍ മുമ്പുള്ള ഡിസ്റ്റന്‍സ് സിഗ്‌നലും, സ്റ്റേഷനിലേക്ക് കയറും മുമ്പുള്ള ഹോം സിഗ്നലും പച്ചകത്തി കിടന്നതിനാല്‍ മുമ്പോട്ട് പോകുന്നതില്‍ ലോക്കോ പൈലറ്റിന് ആശയക്കുഴപ്പവും ഉണ്ടായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlights: odisha train accident, loco pilot explains what happened really

We use cookies to give you the best possible experience. Learn more