ഒഡിഷ ട്രെയിന്‍ അപകടം; കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണം വേണം; സി.ബി.ഐ അന്വേഷണം തള്ളി 12 പ്രതിപക്ഷ പാര്‍ട്ടികള്‍
national news
ഒഡിഷ ട്രെയിന്‍ അപകടം; കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണം വേണം; സി.ബി.ഐ അന്വേഷണം തള്ളി 12 പ്രതിപക്ഷ പാര്‍ട്ടികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th June 2023, 11:22 am

ഭുവനേശ്വര്‍: ബാലസോര്‍ ട്രെയിന്‍ അപകടത്തില്‍ സി.ബി.ഐ അന്വേഷണം തള്ളി പ്രതിപക്ഷ പാര്‍ട്ടികള്‍. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്നും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് രാജി വെക്കണമെന്നും 12 പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

കോണ്‍ഗ്രസ്, സി.പി.ഐ, സി.പി.ഐ(എം.എല്‍) ലിബറേഷന്‍, സി.പി.ഐ(എം.എല്‍) റെഡ്സ്റ്റാര്‍, സി.പി.ഐ.എം, ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക്, സമാജ്‌വാദി പാര്‍ട്ടി, ആര്‍.ജെ.ഡി, എന്‍.സി.പി, ആര്‍.പി.ഐ, എ.എ.പി എന്നീ പാര്‍ട്ടികള്‍ സംയുക്ത യോഗം ചേര്‍ന്ന് സി.ബി.ഐ അന്വേഷണം തള്ളികൊണ്ട് പ്രമേയം പാസാക്കി. കേസില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.

അതേസമയം, ഒഡിഷയില്‍ ഭരണത്തിലിരിക്കുന്ന ബി.ജെ.ഡി സി.ബി.ഐ അന്വേഷണം സ്വാഗതം ചെയ്തു.

‘സി.ബി.ഐ അന്വേഷണം നടത്തുന്നതില്‍ പ്രശ്‌നമില്ല. യഥാര്‍ത്ഥ കുറ്റവാളിയെ പിടികൂടണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്,’ മുതിര്‍ന്ന ബി.ജെ.ഡി നേതാവും ഒഡിഷ മന്ത്രിയുമായ പ്രമീള മല്ലിക് പറഞ്ഞു.

അതിനിടെ റെയില്‍വേ മന്ത്രാലയത്തിന്റെ അനാസ്ഥ മൂലമാണ് അപകടം നടന്നതെന്നാരോപിച്ച് ഒഡിഷ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശരത് പട്ടനായക് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ രാജി ആവശ്യപ്പെട്ടു. ‘275 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ ഉത്തരവാദികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അശ്വിനി വൈഷ്ണവുമാണ്,’ അദ്ദേഹം പറഞ്ഞു.

സുരക്ഷാ സംവിധാനത്തിലെ വീഴ്ചയാണ് ദുരന്തത്തിന് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. ട്രെയിന്‍ അപകടത്തെ കുറിച്ച് വൈഷ്ണവ് പരസ്പര വിരുദ്ധമായി പ്രസ്താവനകള്‍ നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

‘അപകടത്തിന് കാരണക്കാരായവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് ഞായറാഴ്ച രാവിലെ അദ്ദേഹം പറഞ്ഞത്. എന്നാല്‍ അതേ ദിവസം വൈകിട്ട് തന്നെ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചു,’ പട്ടനായക് പറഞ്ഞു.

തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തരുതെന്ന് പറഞ്ഞ അദ്ദേഹം മരിച്ചവരുടെ കുടുംബത്തിന് ജോലി നല്‍കണമെന്നും ആവശ്യപ്പെട്ടു. മന്ത്രാലയത്തെ ഉത്തരവാദിത്തമില്ലാതെ നയിച്ചതിന് വൈഷ്ണവ് രാജിവെക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബിജയ് പട്‌നായികും പറഞ്ഞു.

എന്നാല്‍, അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ സി.ബി.ഐ ആണ് കൂടുതല്‍ നല്ലതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് മന്‍മോഹന്‍ സമല്‍ പറഞ്ഞു.

Content Highlight: Odisha train accident; 12 Parties reject cbi probe