പ്രളയ ബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഒഡീഷയില്‍ നിന്നും 240 അംഗ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സംഘം
Kerala Flood
പ്രളയ ബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഒഡീഷയില്‍ നിന്നും 240 അംഗ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സംഘം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 19th August 2018, 8:52 am

തിരുവനന്തപുരം: പത്തനംതിട്ട, ആലപ്പുഴ, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലെ രക്ഷാപ്രവര്‍ത്തനത്തിനായി ഒഡീഷയില്‍ നിന്നുള്ള 240 അംഗ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സംഘം തിരുവനന്തപുരത്തെത്തി. ഇവര്‍ 120 പേരുള്ള രണ്ടു സംഘങ്ങളായി പ്രളയ ബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.

ശനിയാഴ്ച വൈകിട്ട് ആറു മണിയോടെയാണ് 30 അംഗങ്ങളടങ്ങുന്ന എട്ടു ബറ്റാലിയന്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സംഘം രണ്ടു വിമാനങ്ങളിലായി എത്തിയത്. ഇവര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു.

അതേസമയം, സംസ്ഥാനത്തെ പ്രളയക്കെടുതിയില്‍ ഇന്നലെ മാത്രം രക്ഷപ്പെടുത്തിയത് ഇരുപതിനായിരം പേരെയെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്നലെ ഉച്ചക്ക് 12 മണിവരെയുള്ള കണക്കാണിത്. രക്ഷാപ്രവര്‍ത്തനത്തില്‍ ഇതുവരെ 900 എയര്‍ ലിഫ്റ്റ് നടത്തിയിട്ടുണ്ട്.

Read:  പ്രളയം: കേരളത്തിന് മൂകാംബിക ക്ഷേത്ര ട്രെസ്റ്റിന്റെ ഒരു കോടി സഹായം

നാല് ലക്ഷത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിച്ചു. 169 എന്‍.ഡി.ആര്‍.എഫ് ഗ്രൂപ്പും അഞ്ച് കോളം ബി.എസ്.എഫും 23 ആര്‍മി ഗ്രൂപ്പും എന്‍ജിനീയറിങ് വിഭാഗവും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി രംഗത്തുണ്ട്. 22 ഹെലികോപ്റ്ററുകളും 84 നേവി ബോട്ടുകളും 35 കോസ്റ്റ് ഗാര്‍ഡ് ബോട്ടുകളും സഹായത്തിനെത്തിയിട്ടുണ്ട്.

കേരള ഫയര്‍ ഫോഴ്‌സിന്റെ 59 ബോട്ടും തമിഴ്‌നാട് ഫയര്‍ഫോഴ്‌സിന്റെ 16 ബോട്ടുകളും സംസ്ഥാനത്തെ രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. കൂടാതെ ഒഡീഷയില്‍നിന്ന് 75 റബ്ബര്‍ ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്.

3,200 ഫയര്‍ഫോഴ്‌സ് സേനാംഗങ്ങളും 40,000 പോലീസ് സേനാംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നു. മത്സ്യത്തൊഴിലാളികളും ബോട്ടുടമകളും സന്നദ്ധസംഘടനകളും 500 ലധികം ബോട്ടുകളുമായി രക്ഷാപ്രവര്‍ത്തനവുമായി സഹകരിക്കുന്നു.