| Wednesday, 7th April 2021, 7:41 pm

വാക്‌സിന്‍ ക്ഷാമം; ഒഡിഷയില്‍ 600-ഓളം വാക്‌സിനേഷന്‍ സെന്ററുകള്‍ അടച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭുവനേശ്വര്‍: വാക്‌സിന്‍ ദൗര്‍ലഭ്യത്തെ തുടര്‍ന്ന് 600-ഓളം വാക്‌സിനേഷന്‍ സെന്ററുകള്‍ അടച്ചുപൂട്ടാന്‍ ഒഡിഷ സര്‍ക്കാര്‍. 1472 വാക്‌സിനേഷന്‍ സെന്ററുകളായിരുന്നു ദിവസങ്ങള്‍ക്ക് മുന്‍പ് സംസ്ഥാനത്ത് പ്രവര്‍ത്തനമാരംഭിച്ചിരുന്നത്.

എന്നാല്‍ വാക്‌സിന്‍ അപര്യാപ്തത നേരിട്ടതോടെ ചൊവ്വാഴ്ച ഇത് 1103 ആയും ബുധനാഴ്ചയോടെ 800 ആയും കുറഞ്ഞു.

‘ഞങ്ങള്‍ക്ക് മറ്റ് മാര്‍ഗമില്ല. എല്ലാ ജില്ലകളിലേയും ചില വാക്‌സിനേഷന്‍ സെന്ററുകള്‍ അടക്കുകയാണ്. വാക്‌സിന്‍ എത്തിച്ചേര്‍ന്നാല്‍ മാത്രമെ ഇനി തുറക്കൂ’, കുടുംബക്ഷേമ ഡയറക്ടര്‍ ഡോ. ബിജയ് പനിഗ്രഹി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

1.26 ലക്ഷം കൊവാക്‌സിന്‍ ഡോസ് സംസ്ഥാനത്തുണ്ടെന്നും കൊവിഷീല്‍ഡിനാണ് ദൗര്‍ലഭ്യം അനുഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒഡിഷ കേന്ദ്രത്തോട് 15 ലക്ഷം ഡോസ് വാക്‌സിനായിരുന്നു ആവശ്യപ്പെട്ടത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ 3.5 ലക്ഷം ഡോസ് മാത്രമാണ് അനുവദിച്ചത്.

വാക്‌സിന്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ കത്തിന് കേന്ദ്രം ഇതുവരെ മറുപടി നല്‍കിയിട്ടില്ല.

അതേസമയം വാക്സിന്‍ ക്ഷാമമില്ലെന്ന് കേന്ദ്രആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍ പറഞ്ഞു. കൊവിഡ് വാക്സിന്‍ ക്ഷാമമുണ്ടെന്ന് മഹാരാഷ്ട്രയും ആന്ധ്രപ്രദേശും  അറിയിച്ചതിനെത്തുടര്‍ന്നാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. ഓരോ സംസ്ഥാനത്തിനും  വേണ്ട വാക്സിന്‍ ലഭിക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.

മുംബൈ നഗരത്തിലെ വാക്‌സിന്‍ സ്റ്റോക്ക് അവസാനിച്ചുകൊണ്ടിരിക്കുയാണെന്നും ഒരുലക്ഷത്തിനടുത്ത് കൊവിഷീല്‍ഡ് വാക്‌സിന്‍ മാത്രമാണ് ഇനി ശേഷിക്കുന്നതെന്നും മുംബൈ മേയര്‍ കിഷോറി പെഡ്‌നേക്കര്‍ അഭിപ്രായപ്പെട്ടിരുന്നു.

14 ലക്ഷം കൊവിഡ് വാക്സിന്റെ സ്റ്റോക്ക് മാത്രമേ സംസ്ഥാനത്തുള്ളുവെന്നും മൂന്ന് ദിവസത്തേക്ക് മാത്രമേ അത് തികയുകയുള്ളുവെന്നും മഹാരാഷ്ട്ര സര്‍ക്കാരും നേരത്തെ കേന്ദ്രത്തെ അറിയിച്ചിരുന്നു.

പിന്നാലെ ആന്ധ്രാപ്രദേശും വാക്‌സിന്‍ ക്ഷാമത്തിലുള്ള ആശങ്കയറിയിച്ച് രംഗത്തെത്തി. 3.7 ലക്ഷം വാക്‌സിന്‍ ഡോസുകള്‍ മാത്രമാണ് സംസ്ഥാനത്തുള്ളതെന്നായിരുന്നു ആന്ധ്ര സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിരുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Odisha shuts over 600 vaccination centres due to shortage of Covid vaccines

We use cookies to give you the best possible experience. Learn more