'റേപ്പ് ചെയ്യപ്പെട്ടാലേ ഇനി ഞങ്ങള്‍ക്ക് പെനാല്‍റ്റി തരൂ എന്നുണ്ടോ'; വിവാദ പരാമര്‍ശം നടത്തിയ കോച്ചിനെ പുറത്താക്കി ഒഡിഷ ഫുട്‌ബോള്‍ ക്ലബ്
Sports
'റേപ്പ് ചെയ്യപ്പെട്ടാലേ ഇനി ഞങ്ങള്‍ക്ക് പെനാല്‍റ്റി തരൂ എന്നുണ്ടോ'; വിവാദ പരാമര്‍ശം നടത്തിയ കോച്ചിനെ പുറത്താക്കി ഒഡിഷ ഫുട്‌ബോള്‍ ക്ലബ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 2nd February 2021, 7:06 pm

ഭുവനേശ്വര്‍: പീഡനത്തെ കുറിച്ചുള്ള മനുഷ്യത്വരഹിതമായ പരാമര്‍ശം നടത്തിയ കോച്ചിനെ പുറത്താക്കി ഒഡിഷ ഫുട്‌ബോള്‍ ടീം. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒഡിഷ പരാജയപ്പെട്ടതിന് പിന്നാലെ നടന്ന അഭിമുഖത്തിലായിരുന്നു ഇംഗ്ലണ്ടില്‍ നിന്നുള്ള ടീമിന്റെ ഹെഡ് കോച്ച് സ്റ്റുവര്‍ട്ട് ബാക്‌സ്റ്റര്‍ പീഡനത്തെ കുറിച്ച് പരാമര്‍ശം നടത്തിയത്.

ഒഡിഷയും ജംഷഡ്പൂരും തമ്മില്‍ നടന്ന മാച്ചില്‍ 1-0ത്തിന് ഒഡിഷ തോല്‍ക്കുകയായിരുന്നു. തുടര്‍ന്ന് റഫറിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സ്റ്റുവര്‍ട്ട് ബാക്സ്റ്റര്‍ രംഗത്തെത്തി. പെനാല്‍റ്റി കിട്ടണമെങ്കില്‍ ഇനി എന്റെ കളിക്കാര്‍ പീഡിപ്പിക്കപ്പെടേണ്ടി വരുമെന്നാണോ എന്നായിരുന്നു സ്റ്റുവര്‍ട്ട് അഭിമുഖത്തില്‍ പറഞ്ഞത്.

സംഭവം വിവാദമായതോടെ ഉടനടി നടപടിയുമായിം ടീം മാനേജ്‌മെന്റ് രംഗത്തെത്തി. ബാക്സ്റ്ററിന്റെ വാക്കുകള്‍ തങ്ങളെ ഞെട്ടിച്ചുവെന്നും ഏത് സാഹചര്യത്തിലായാലും ക്ലബിന്റെ മൂല്യങ്ങള്‍ പ്രതിഫലിക്കാത്ത ഇത്തരം കമന്റുകള്‍ ഒരു കാരണവശാലും അംഗീക്കാനാവില്ലെന്നും ടീം അറിയിച്ചു. ബാക്സ്റ്ററിനെ പുറത്താക്കിയെന്ന് അറിയിച്ചുകൊണ്ട് പുറത്തുവിട്ട് ഔദ്യോഗിക പ്രസ്താവനയിലാണ് ടീം പ്രതികരണം അറിയിച്ചത്.

ബാക്സ്റ്ററിന്റെ പ്രസ്താവന അറപ്പുളവാക്കുന്നതും ആരെയും രോഷാകുലരാക്കുന്നതാണെന്നാണ് ടീം ഉടമ രോഹന്‍ ശര്‍മ പ്രതികരിച്ചത്.

ബാക്സ്റ്റര്‍ ഉടന്‍ തന്നെ ഇംഗ്ലണ്ടിലേക്ക് തിരിച്ചു പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ദക്ഷിണാഫ്രിക്കയുടെയും ഫിന്‍ലാന്റിന്റെയും ദേശീയ ഫുട്‌ബോള്‍ ടീമിന്റെ കോച്ചായിരുന്ന ബാക്‌സ്റ്റര്‍ കഴിഞ്ഞ ജൂണിലാണ് ഒഡിഷ ടീമിന്റെ കോച്ചായെത്തുന്നത്. ബാക്‌സ്റ്ററുമായുള്ള രണ്ട് വര്‍ഷത്തെ കരാറും ഇപ്പോള്‍ ഒഡിഷ എഫ്.സി റദ്ദാക്കി.

നിലവില്‍ സൂപ്പര്‍ ലീഗ് പോയിന്റ് നിലയില്‍ ഏറ്റവും അവസാനത്തിലാണ് ഒഡിഷയുടെ സ്ഥാനം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Odisha sack head coach Stuart Baxter over rape comment