| Monday, 16th September 2024, 4:16 pm

ബീഫ് പാകം ചെയ്ത ഏഴ് വിദ്യാര്‍ത്ഥികളെ പുറത്താക്കി ഒഡീഷയിലെ ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭുവനേശ്വര്‍: ഒഡീഷയില്‍ ബീഫ് പാകം ചെയ്തതിന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി. ബീഫ് പാകം ചെയ്ത ഏഴ് വിദ്യാര്‍ത്ഥികളെ ബെര്‍ഹാംപൂരിലുള്ള പരാല മഹാരാജ ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജില്‍ നിന്ന് പുറത്താക്കി.

പുറത്താക്കിയതിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ക്ക് 2000 രൂപയും പിഴയും ചുമത്തി. നിരോധനം ഏര്‍പ്പെടുത്തിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ത്ഥികളെ പുറത്താക്കിയത്.

കഴിഞ്ഞ ബുധനാഴ്ച (സെപ്റ്റംബര്‍ 11)നാണ് വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലില്‍ ബീഫ് പാകം ചെയ്തത്. തുടര്‍ന്ന് ഹോസ്റ്റലിലെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ വിവരം പ്രിന്‍സിപ്പാളിനെ അറിയിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് വിദ്യാര്‍ത്ഥികളെ പുറത്താക്കിക്കൊണ്ട് പ്രിന്‍സിപ്പാള്‍ ഉത്തരവിറക്കിയത്.

അതേസമയം ബീഫ് പാകം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ പ്രതിഷേധവുമായി ബജ്രംഗ് ദള്‍, വി.എച്ച്.പി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ബീഫ് പാകം ചെയ്തതില്‍ വി.എച്ച്.പി ഗോപാല്‍പൂര്‍ ഘടകം പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലില്‍ ബീഫ് പാകം ചെയ്ത് കഴിക്കുകയും മറ്റുള്ളവര്‍ക്ക് നല്‍കിയെന്നുമാണ് പരാതി. ഇതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കോളേജ് നടപടിയെടുത്തത്.

അതേസമയം സംഭവം വിവാദമായതോടെ കോളേജ് അധികൃതര്‍ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. തുടര്‍ന്ന് നടപടിയില്‍ പ്രിന്‍സിപ്പാള്‍ വിശദീകരണം നല്‍കുകയും ചെയ്തു.

വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ അന്വേഷണം നടത്തിയതിന് ശേഷമാണ് തങ്ങള്‍ നടപടി എടുത്തത്. കോളേജിന്റെ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് വിദ്യാര്‍ത്ഥികളെ പുറത്താക്കിയത്. വിവരം വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ടെന്നുമാണ് പ്രിന്‍സിപ്പാള്‍ പറഞ്ഞത്.

നിലവില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കോളേജിനും ഹോസ്റ്റലിനും സമീപത്തായി അധികൃതര്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

Content Highlight: Odisha’s Government Engineering College expelled seven students for cooking beef

We use cookies to give you the best possible experience. Learn more