| Sunday, 10th November 2024, 8:26 am

ചര്‍ച്ചയായി ഒഡീഷ പൊലീസിന്റെ ക്രിയേറ്റിവിറ്റി; സമൂഹമാധ്യമത്തില്‍ പങ്കുവെച്ച പ്രതികളുടെ മുഖം മറച്ചത് ഇമോജിയുപയോഗിച്ച്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭുവനേശ്വര്‍: രണ്ട് പേരെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ പ്രതികളുടെ ചിത്രം ഇമോജി ഉപയോഗിച്ച് മറച്ച് സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച ഒഡീഷ പൊലീസിനെ ട്രോളി സൈബര്‍ ലോകം. ഒഡീഷയിലെ ബെര്‍ഹാംപൂര്‍ പൊലീസ് എക്‌സില് പങ്കുവെച്ച ചിത്രത്തിലാണ് കൗതുകകരമായ കാഴ്ച്ചയുള്ളത്.

പിതാവിനെയും മകനെയും ആക്രമിച്ച നാല് പ്രതികളെ ഗോല്‍പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു എന്ന അടിക്കുറിപ്പോടെ ലോക്കപ്പിന് സമീപം നില്‍ക്കുന്ന പ്രതികളുടെ ഫോട്ടോയാണ് ബെഹാംപൂര്‍ എസ്.പിയുടെ എക്‌സ് അക്കൗണ്ടിലൂടെ പങ്കുവെച്ചത്. ഈ പോസ്റ്റ് ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചിരി പടര്‍ത്തുന്നത്.

സാധാരണഗതിയില് ഇത്തരത്തില്‍ പ്രതികളുടെ മുഖം സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പങ്കുവെക്കുമ്പോള്‍ പ്രതികളുടെ മുഖം ബ്ലര്‍ ചെയ്യാറാണ് പതിവ്. എന്നാല്‍ ഈ പോസ്റ്റില്‍ പതിവിന് വിപരീതമായി വിവിധ ഭാവങ്ങളിലുള്ള ഇമോജികള്‍ ഉപയോഗിച്ചാണ് പ്രതികളുടെ മുഖം മറച്ചിരിക്കുന്നത്.

ഒരു പ്രതിയുട മുഖം മറയ്ക്കാന്‍ സങ്കടം നിറഞ്ഞ ഇമോജി ഉയോഗിച്ചപ്പോള്‍ മറ്റെയാളുടെ നിരാശ നിറഞ്ഞതും മൂന്നാമത്തെയാളുടേത് അതീവ ദുഖത്തില്‍ ഉള്ളതും നാലാമന്റേത് നിരാശ നിറഞ്ഞതുമായ ഇമോജിയുമാണ് ഉപയോഗിച്ചിരിക്കുന്നത്.

ഈ പോസ്റ്റിന് താഴെ വന്ന കമന്റുകളും ഏറെ രസകരമാണ്. ഇത്രയും വൈകാരിക മുഖങ്ങള്‍ ഉള്ള പ്രതികള്‍ ആരെയെങ്കിലും ആക്രമിക്കുമെന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ല എന്ന് ഒരു എക്‌സ് ഉപയോക്താവ് പറഞ്ഞപ്പോള്‍ കുറ്റകൃത്യത്തെ ഓര്‍ത്ത് സങ്കടപ്പെടണോ അതോ പൊലീസിന്റെ തന്ത്രപ്രധാനമായ നീക്കം കണ്ട് ചിരിക്കണോ എന്നാണ് മറ്റൊരു ഉപയോക്താവ് ചോദിക്കുന്നത്.

മറ്റൊരാള്‍ തന്നെ എപ്പോഴെങ്കിലും അറസ്റ്റ് ചെയ്താല്‍ വിയര്‍ത്ത് തുടുത്ത മുഖം കാണിക്കുന്ന ഇമോജി പൊലീസ് ഉപയോഗിക്കണമെന്ന് കമന്റ് ബോക്‌സ് വഴി അപേക്ഷിച്ചിട്ടുണ്ട്.

എന്നാല്‍ ബെര്‍ഹാപൂര്‍ പൊലീസ് ഇത്തരം തമാശകളില്‍ ഏര്‍പ്പെടുന്നത് ആദ്യമായിട്ടല്ല എന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പൊലീസ് ഈ അക്കൗണ്ട് വഴി ഒക്ടോബറില്‍ പങ്കുവെച്ച മറ്റൊരു പോസ്റ്റില്‍ ചൂതാട്ടത്തിനിടെ അറസ്റ്റിലായ ഒമ്പത് പ്രതികളുടെ ചിത്രവും ഇത്തരത്തില്‍ വ്യത്യസ്തമായ ഇമോജികള്‍ ഉപയോഗിച്ച് മറച്ചിരിക്കുന്നത് കാണാം.

Content Highlight:  Odisha’s Berhampur Police’s Arrest Post gone Viral for using Emoji’s to hide culprits face

We use cookies to give you the best possible experience. Learn more