ഭുവനേശ്വർ: ഹോസ്റ്റലിലെ മോശം ഭക്ഷണവും അധ്യാപകരുടെ ശാരീരിക മാനസിക ആക്രമണങ്ങൾക്കെതിരെയും പ്രതിഷേധിച്ച് ഒഡിഷയിലെ ആദിവാസി വിദ്യാർത്ഥികൾ. ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലെ ഒരു സർക്കാർ റെസിഡൻഷ്യൽ സ്കൂളിലെ 100ലധികം ആദിവാസി വിദ്യാർത്ഥികളാണ് പ്രതിഷേധിച്ചത്. പ്രതിഷേധാത്മകമായി വിദ്യാർത്ഥികൾ നടന്നത് 20 കിലോമീറ്ററിലധികം.
രാത്രി മുഴുവൻ കാൽനടയായി ജില്ലാ ആസ്ഥാനമായ ബാരിപാഡയിലെത്തി തങ്ങൾ നേരിടുന്ന മനുഷ്യത്വരഹിതമായ സാഹചര്യങ്ങൾക്കെതിരെ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. പട്ടികജാതി, പട്ടികവർഗ വികസനം, ന്യൂനപക്ഷ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് നടത്തുന്ന ബാസിപിത ഗവൺമെന്റ് ഹൈസ്‌കൂളിലെ എട്ട് ,ഒമ്പത് ക്ലാസുകളിലെ വിദ്യാർത്ഥികളാണ് പ്രതിഷേധിച്ചത്.
സംഭവം അറിഞ്ഞയുടനെ ജില്ലാ കളക്ടർ ഹേമകാന്ത റേ ഉടൻ തന്നെ വിദ്യാർത്ഥികളെ സന്ദർശിച്ചു. ഹോസ്റ്റലിൽ മോശം ഭക്ഷണമാണ് നൽകുന്നതെന്നും സ്കൂളിൽ അധ്യാപകർ ശാരീരികമായി ഉപദ്രവിക്കുകയാണെന്നും വിദ്യാർത്ഥികൾ പരാതിപ്പെട്ടു. പിന്നാലെ ഡി.സി, സ്കൂളിൽ പോയി വിദ്യാർത്ഥികൾ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ചു.
വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ യഥാർത്ഥമാണെന്നും അവ പരിഹരിക്കുന്നതിന് ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് (എ.ഡി.എം) നേത്രാനന്ദ മല്ലിക് പറഞ്ഞു. പിന്നീട് ജില്ലാ ഭരണകൂടം വിദ്യാർത്ഥികളുടെ മടക്കയാത്രയ്ക്കായി ഒരു ബസ് ഏർപ്പാട് ചെയ്ത നൽകുകയും ചെയ്തു.
Content Highlight: Odisha: Over 100 tribal students on night-long protest march