| Monday, 8th July 2024, 2:24 pm

ഹത്രാസിന് പിന്നാലെ പുരി; തിക്കിലും തിരക്കിലും പെട്ട് ഒരു മരണം, നിരവധിപേർക്ക് പരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പുരി: ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രക്കിടെ തിരക്കിൽപെട്ട് ഒരാൾ മരിക്കുകയും നിരവധിപേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. വാർഷിക ഉത്സവത്തിനിടെയാണ് അപകടം ഉണ്ടായത്. ഉത്സവവുമായി ബന്ധപ്പെട്ട പ്രധാന ദേവന്റെ വിഗ്രഹം എഴുന്നുള്ളിക്കവെയുണ്ടായ തിരക്കാണ് അപകട കാരണം.

300ൽ അധികം ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് പുരിയിലെ ഡോക്ടർ പറഞ്ഞു.

‘300 ൽ അധികം ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അവരിൽ പലരെയും ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. പലരുടെയും ആരോഗ്യനില തൃപ്തികരമാണ്,’ പുരിയിലെ ഡോക്ടർ പ്രശാന്ത് കുമാർ പട്നായിക് പറഞ്ഞു.

ബാലംഗീർ ജില്ലയിൽ നിന്നുള്ള വ്യക്തിയാണ് മരണപ്പെട്ടതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തിരക്കിൽപെട്ട് കുഴഞ്ഞ് വീണ ഇയാളെ പുരി ജില്ലാ ഹെഡ്ക്വാട്ടേഴ്‌സ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

‘ആശുപത്രികളിൽ അടിസ്ഥാനസൗകര്യങ്ങൾ ഉണ്ടോയെന്ന് ഞാൻ നേരിട്ട് പോയി അന്വേഷിക്കുകയും പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകാൻ ആരോഗ്യപ്രവർത്തകർക്ക് നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്,’ സംസ്ഥാന ആരോഗ്യ മന്ത്രി മുകേഷ് മഹാലിംഗ് പറഞ്ഞു.

Also read: ഹത്രാസ് അപകടത്തിന്റെ കുറ്റം സ്ത്രീകൾക്ക്; ‘പാദസേവ ചെയ്ത് വീട്ടിലിരുന്നെങ്കിൽ അപകടമുണ്ടാകില്ലായിരുന്നു’

മരിച്ച വ്യക്തിയുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായവും പരിക്കേറ്റവർക്ക് സൗജന്യ ചികിത്സയും മുഖ്യമന്ത്രി മോഹൻ ചരൺ മാജി പ്രഖ്യാപിച്ചു.

അതേസമയം രഥം വലിക്കാൻ വൻതോതിൽ ജനങ്ങൾ തടിച്ചുകൂടിയിരുന്നതായി പൊലീസ് മേധാവി പറഞ്ഞു. രഥങ്ങൾ വലിക്കാൻ വലിയ തോതിലുള്ള ജനങ്ങളുടെ തള്ളിക്കയറ്റമായിരുന്നു ഉണ്ടായിരുന്നത്. സാധാരണയിലും കൂടുതൽ ആളുകൾ ഇത്തവണ ഉണ്ടായിട്ടുണ്ട്,’ പുരി പൊലീസ് സൂപ്രണ്ട് പിനാക് മിശ്ര പറഞ്ഞു.

പുരി ജഗന്നാഥ ക്ഷേത്രത്തിൽ വാർഷിക ഉത്സവത്തോടനുബന്ധിച്ച് നാല് ദേവന്മാരുടെ വിഗ്രഹങ്ങൾ രഥത്തിൽ സ്ഥാപിക്കുകയും ഭക്തർ അത് വലിക്കുകയും ചെയ്യും.

ഉത്തർപ്രദേശിലെ ഹത്രാസിൽ 121 പേർ മരണപ്പെട്ട അപകടം നടന്ന് അഞ്ച് ദിവസത്തിന് പിന്നാലെയാണ് പുരിയിൽ അപകടം നടന്നത്. ഹത്രാസിൽ ഭോലേ ബാബ എന്നറിയപ്പെടുന്ന നാരായൺ ശങ്കർ ഹരി വിളിച്ച് ചേർത്ത പരിപാടിയിൽ തിരക്കിൽപെട്ട് ആളുകൾ മരിക്കുകയായിരുന്നു. ഏകദേശം രണ്ടര ലക്ഷം ആളുകളായിരുന്നു ഭോലേ ബാബയുടെ പരിപാടിയിൽ പങ്കെടുത്തത്.

Content Highlight: Odisha, One dies of suffocation, several hurt in stampede-like situation at Puri’s Rath Yatra

We use cookies to give you the best possible experience. Learn more