| Saturday, 16th June 2018, 4:10 pm

പ്രധാനമന്ത്രി നല്‍കിയ വാഗ്ദാനം ഓര്‍മ്മിപ്പിക്കാന്‍ യുവാവ് നടന്നത് 1350 കിലോമീറ്റര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആഗ്ര: പ്രധാനമന്ത്രി നരേന്ദ്ര മോദി വര്‍ഷങ്ങള്‍ക്കു മുന്‍പ് തങ്ങള്‍ക്കു നല്‍കിയ വാഗ്ദാനം ഓര്‍മ്മിപ്പിക്കാന്‍ ഒഡീഷ സ്വദേശിയായ യുവാവ് നടന്നത് 1350 കിലോമീറ്റര്‍. റൂര്‍ക്കേലയില്‍ നിന്നുള്ള മുക്തികാന്ത ബിസ്വാള്‍ ആണ് ഗ്രാമവാസികള്‍ക്ക് പ്രധാനമന്ത്രി 2015ല്‍ നല്‍കിയ വാഗ്ദാനം ഓര്‍മിപ്പിക്കാനായി ദല്‍ഹി വരെ കാല്‍നടയായി പോകാന്‍ ശ്രമിക്കുന്നത്.

ഏപ്രിലില്‍ യാത്രയാരംഭിച്ച ബിസ്വാള്‍ 1,350 കിലോമീറ്റര്‍ താണ്ടി ആഗ്രയിലെത്തിയപ്പോള്‍ ദേശീയപാതയില്‍ തലകറങ്ങി വീഴുകയായിരുന്നു. സുഖം പ്രാപിച്ചതിനു ശേഷം കാല്‍നടയായിത്തന്നെ യാത്ര തുടരുമെന്ന് ആശുപത്രിയില്‍ ചികിത്സയിലുള്ള ബിസ്വാള്‍ പറയുന്നു.

2015ല്‍ ഒഡീഷ സന്ദര്‍ശിച്ചപ്പോഴാണ് ഇസ്പത് ജനറല്‍ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് സൂപ്പര്‍ സ്‌പെഷ്യല്‍റ്റി ആക്കി മാറ്റുമെന്ന് മോദി ഗ്രാമീണര്‍ക്ക് വാക്കു നല്‍കിയത്. നാളിത്രയായിട്ടും ഗ്രാമത്തിലെ അവസ്ഥയ്ക്ക് മാറ്റമൊന്നും ഉണ്ടായില്ലെന്നും, ശരിയായ ആരോഗ്യ സംരക്ഷണം ലഭിക്കാത്തതിനാല്‍ ഗ്രാമവാസികള്‍ കഷ്ടതയനുഭവിക്കുകയാണെന്നും വിഗ്രഹങ്ങള്‍ നിര്‍മിക്കുന്ന തൊഴില്‍ ചെയ്തു ജീവിക്കുന്ന ബിസ്വാള്‍ പറയുന്നു.


Also Read:തുരുത്തി ബൈപ്പാസ് ഭൂമി ഏറ്റെടുക്കല്‍; പി.കെ.എസ് വാദങ്ങള്‍ പച്ചക്കള്ളമെന്ന് വിവരാവകാശ രേഖ


“2015 മുതല്‍ എന്റെ ഗ്രാമത്തിലെയാളുകള്‍ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങള്‍ക്കും അടിസ്ഥാനസൗകര്യ വികസനത്തിനുമായി കാത്തിരിക്കുകയാണ്. ഇസ്പത് ജനറലാശുപത്രി നവീകരിക്കാമെന്നും റൂര്‍ക്കേലയില്‍ ബ്രാഹ്മണി പാലത്തിന്റെ പ്രവൃത്തി പൂര്‍ത്തീകരിക്കുമെന്നും പ്രധാനമന്ത്രി ഞങ്ങള്‍ക്കു വാക്കു തന്നതാണ്. അദ്ദേഹത്തെ നേരില്‍ക്കണ്ട് വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ആവശ്യപ്പെടുക എന്നതാണെന്റെ ലക്ഷ്യം.” ബിസ്വാള്‍ മാധ്യമങ്ങളോടു പറഞ്ഞു.

“റൂര്‍ക്കേലയുടെ ജീവരേഖയാണ് ഇസ്പത് ജനറലാശുപത്രി. അതിദയനീയമാണ് അവിടുത്തെ അവസ്ഥ. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒന്നും ചെയ്തിട്ടില്ലെങ്കിലും, പ്രധാനമന്ത്രി ഇനിയെങ്കിലും വിഷയത്തില്‍ ഇടപെടും എന്നു തന്നെയാണ് പ്രതീക്ഷ.” ബിസ്വാള്‍ മാധ്യമങ്ങളോടു പറഞ്ഞു.

ഗ്രാമീണര്‍ സഹിക്കുന്ന ബുദ്ധിമുട്ടുകളാണ് തന്നെ കിലോമീറ്ററുകളോളം നടത്തിച്ചത്. കൂടെ കൊണ്ടു നടക്കുന്ന ദേശീയപതാകയാണ് തന്റെ പ്രചോദനമെന്നും ബിസ്വാള്‍ പറയുന്നു.

We use cookies to give you the best possible experience. Learn more