മയൂര്‍ഭഞ്ച്: കള്ളക്കേസില്‍ കുടുക്കി ജയിലിടച്ച് സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ആദിവാസി യുവാവ് മാതാപിതാക്കളെ ചുമലിലേറ്റി 40 കിലോമീറ്റര്‍ നടന്നു. ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലെ മൊറോദ സ്വദേശിയാണ് അധികൃതര്‍ തന്റെ ജീവിതം തകര്‍ത്തതില്‍ പ്രതിഷേധിച്ച് മാതാപിതാക്കളെയുമെടുത്ത് നടന്നത്.
2009ല്‍ മൊറോദ പൊലീസ് തന്റെ പേരില്‍ വ്യാജകേസ് ചുമത്തിയിരുന്നുവെന്നും ആ കേസില്‍ 18 ദിവസം തടവില്‍ കഴിയേണ്ടി വന്നുവെന്നുമാണ് കാര്‍ത്തിക് സിങ്ങ് പറയുന്നത്. അന്ന് ചുമത്തിയ കേസ് ഇതുവരെ പിന്‍വലിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ നാട്ടുകാരില്‍ നിന്നു അവഗണന നേരിടുകയാണെന്നും യുവാവ് പറയുന്നു.
“തങ്ങള്‍ക്ക് പണം ലഭിക്കുന്നതിനായുള്ള വരുമാന മാര്‍ഗങ്ങള്‍ ഒന്നുമില്ല. ഗ്രാമത്തിലെ ആരും തന്നെ എന്നെ പണിക്ക് വിളിക്കുന്നുമില്ല. അച്ഛനും അമ്മയ്ക്കും പ്രായമായതിനാല്‍ ഇവരെ ഇവിടെ ഉപേക്ഷിച്ച് ദൂരെയെവിടെയും പോകാനും കഴിയില്ല.” കാര്‍ത്തിക് പറയുന്നു.
ഉന്നത വിദ്യാഭ്യാസം നേടിയിട്ടും ഏഴു വര്‍ഷം മുന്നേ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള ഈ കേസുള്ളതിനാല്‍ നല്ല ജോലി ഒന്നും ലഭിക്കുന്നില്ലെന്നും കല്ല്യാണവും നടക്കുന്നില്ലെന്നും കാര്‍ത്തിക് പറഞ്ഞു.
മൊറോദ പൊലീസ് നിരപരാധികള്‍ക്കെതിരെ ഇത്തരത്തില്‍ കേസ് ചുമത്തുന്നത് പതിവാണെന്ന് അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ പ്രഭുദാന്‍ മറണ്ടി പറഞ്ഞു. ഇതിന്റെ ഭവിഷത്ത് അനുഭവിക്കേണ്ടി വരുന്നത് ഇതുപോലുള്ള നിരപരാധികള്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹിക പ്രവര്‍ത്തകനായ കുമാര്‍ പാത്രയും കാര്‍ത്തിക്കിന്റെ ജീവിതം ദുരിതമായി മാറിയിരിക്കുകയാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. “അയാള്‍ കടബാധ്യതയിലാണ്. മാതാപിതാക്കള്‍ക്ക് ഭക്ഷണം കണ്ടെത്താന്‍ വരെ അയാള്‍ക്ക് കഴിയുന്നില്ല.” കുമാര്‍ പറഞ്ഞു.
വീഡിയോ
#WATCH: Tribal man in Odisha”s Mayurbhanj travels 40 kms on foot carrying his parents seeking justice in an alleged fake case against him. pic.twitter.com/ULn6KGLLba
— ANI (@ANI) September 1, 2017