ഭുവനേശ്വര്‍: പൊതുപരിപാടിക്കിടെ വെടിയേറ്റ ഒഡിഷ ആരോഗ്യമന്ത്രി നബ കിഷോര്‍ ദാസ് അന്തരിച്ചു. ഗുരുതരമായി പരിക്കേറ്റ് ഭുവനേശ്വറിലെ ആശുപത്രിയില്‍ ചികിത്സക്കിടെയാണ് അന്ത്യം. ബിജു ജനതാദള്‍ നേതാവുമായ നബ കിഷോര്‍ ദാസിന് ഞായറാഴ്ച ഉച്ചക്ക് ഒരു മണിയോടെ ബ്രജരാജ് നഗറില്‍വെച്ചായിരുന്നു വെടിയേറ്റത്.
ജാര്‍സുഗുഡ ജില്ലിയില്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ ഒരു പൊലീസുകാരന്‍ വെടിവെക്കുകയായിരുന്നു. എ.എസ്.ഐ. ഗോപാല്‍ ദാസാണ് മന്ത്രിയെ വെടിവെച്ചത്.
രണ്ട് വെടിയുണ്ടകളാണ് ഇദ്ദേഹത്തിന്റെ നെഞ്ചില്‍ തറച്ചത്.
ഇതിലൊന്ന് ഹൃദയത്തിലും ഇടത് ശ്വാസകോശത്തിലും ഗുരുതരമായ പരിക്കുണ്ടാക്കിയതായി ആശുപത്രി അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.
ആക്രമണത്തിന് പിന്നിലുള്ള കാരണം ഇതുവരെ പുറത്തുവന്നിട്ടില്ല. സംഭവത്തില്‍ സുരക്ഷാ വീഴ്ച ആരോപിച്ച് പ്രദേശത്ത് ബി.ജെ.ഡി പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു.
Content Highlight: Odisha Health Minister Naba Kishore Das has passed away who was shot during a public event