ഭുവനേശ്വർ: ഒഡീഷയിൽ ആദ്യ ബി.ജെ.പി സർക്കാർ അധികാരമേറ്റതിന് പിന്നാലെ, ഗ്രഹാം സ്റ്റെയിൻസ് കേസിൽ ശിക്ഷാമോചന ഹരജി സമർപ്പിച്ച് പ്രതി ദാരാ സിങ്. ഹരജിയിൽ ആറ് മാസത്തിനകം മറുപടി നൽകണമെന്ന് സുപ്രീം കോടതി ഒഡീഷ സർക്കാരിനോട് ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്വി.എൻ. ഭട്ടി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർദേശം.
ഓസ്‌ട്രേലിയൻ മിഷനറി ഗ്രഹാം സ്റ്റെയിൻസിനെയും പ്രായപൂർത്തിയാകാത്ത രണ്ട് മക്കളെയും ചുട്ടു കൊന്ന കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന പ്രതിയാണ് ദാരാ സിങ്. ജീവപര്യന്തം തടവുകാരെ അകാലത്തിൽ മോചിപ്പിക്കുന്നതിനുള്ള 2022 ലെ മാർഗ്ഗനിർദേശങ്ങൾക്കനുസൃതമായി തൻ്റെ കേസ് പരിഗണിക്കാൻ ഒഡീഷ സർക്കാരിന് നിർദേശം നൽകണമെന്നാണ് ഹരജിയിലെ ആവശ്യം.
രാജ്യത്തെ തന്നെ നടുക്കിയ കൊലപാതക കേസുകളിലൊന്നാണ് ഗ്രഹാം സ്റ്റെയിൻസിന്റേയും കുട്ടികളുടെയും. 1999 ജനുവരി 22-ന് ഗോത്രവർഗക്കാരുടെ ആധിപത്യമുള്ള കിയോഞ്ജറിലെ മനോഹർപൂർ ഗ്രാമത്തിൽ നടന്ന ഈ ദാരുണമായ കൊലപാതകങ്ങൾ അന്താരാഷ്ട്ര പ്രതിഷേധം ഉയർത്തിയിരുന്നു.
സ്റ്റെയിൻസും മക്കളായ ഫിലിപ്പും (10), തിമോത്തിയും (6) ഉറങ്ങുകയായിരുന്ന വാഹനത്തിന് നേരെ ബജ്‌റംഗ്ദൾ പ്രവർത്തകനായ ദാരയുടെ നേതൃത്വത്തിലുള്ള സംഘം തീയിടുകയായിരുന്നു. മതപരിവർത്തനം ആരോപിച്ചായിരുന്നു ഈ ക്രൂരത.
അതേസമയം സിങിന്റെ ഹരജിക്കെതിരെ പ്രതിപക്ഷം ശക്തമായ വിമർശനവുമായി രംഗത്തു വന്നിട്ടുണ്ട്.
‘ഹരജിയുടെ സമയം സംശയാസ്പദമാണ്. വർഷങ്ങളോളം അയാൾ ജയിലിലായിരുന്നു. അപ്പോഴൊന്നും ഇങ്ങനെയൊരു നീക്കമുണ്ടായിരുന്നില്ല. എന്നാൽ, സംസ്ഥാനത്ത് ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെയാണ് ഇപ്പോൾ ഈ ഹരജി പൊടുന്നനെ ഉയർന്നുവന്നിരിക്കുന്നത്.
പുതിയ സർക്കാരിന് ദാരയോട് അനുഭാവമുണ്ടെന്നും അതിൽ നിന്ന് അനുകൂലമായ പ്രതികരണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം ഹരജി നൽകിയതെന്നുമുള്ള സംശയം ഉണ്ട്,’ മയൂർഭഞ്ച് സ്വദേശിയായ മുൻ ബിജു ജനതാദൾ (ബി.ജെ.ഡി) എം.എൽ.എ രാജ്കിഷോർ ദാസ് പറഞ്ഞു.
ഹരജി കൊടുത്തിരിക്കുന്ന സമയം തീർത്തും സംശയാസ്പദമാണെന്ന് ജയ്പൂരിലെ കോൺഗ്രസ് എം.എൽ.എ താരാ പ്രസാദ് വഹ്നിപതിയും പറഞ്ഞു.
ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി, നേരത്തെ ഒഡീഷ നിയമസഭയിൽ പ്രതിപക്ഷ ചീഫ് വിപ്പായിരുന്ന സമയത്ത് സിങ്ങിനെ ജയിൽ മോചിതനാക്കണമെന്ന ആവശ്യത്തിന് പിന്തുണ നൽകിയിരുന്നു. മോചനം അവശ്യപ്പെട്ട് അന്ന് മാജി ധർണ നടത്തിയിരുന്നു. ഇക്കാര്യങ്ങളെല്ലാം പറഞ്ഞുകൊണ്ട് ശക്തമായ വിമർശനങ്ങളാണ് നിലവിൽ പ്രതിപക്ഷം ഹരജിക്കെതിരെ ഉന്നയിക്കുന്നത്.
സ്റ്റെയിൻസ് കേസിന് പുറമേ, 1999 ഓഗസ്റ്റിൽ മയൂർഭഞ്ച് ജില്ലയിലെ പാഡിയബേഡ ഗ്രാമത്തിൽ നിന്നുള്ള എസ്.കെ. റഹ്മാൻ എന്ന മുസ്‌ലിം വ്യാപാരിയെ കൊലപ്പെടുത്തിയ കേസിലും ജമുബാനി ഗ്രാമത്തിൽ വെച്ച് 35 കാരനായ കത്തോലിക്ക പുരോഹിതൻ അരുൾ ദോസിനെ കൊലപ്പെടുത്തിയ കേസിലും ദാര കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിരുന്നു.
2022 ഏപ്രിൽ 19 ലെ നയത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ള യോഗ്യതാ കാലയളവിനേക്കാൾ കൂടുതൽ (14 വർഷത്തെ തടവ്) തടവ് ഇതിനകം അനുഭവിച്ചിട്ടുണ്ടെന്നും കൂടാതെ 24 വർഷത്തിലധികം യഥാർത്ഥ തടവ് (മോചനം കൂടാതെ) അനുഭവിച്ചിട്ടുണ്ടെന്നും സിങ് പറഞ്ഞു.
Content Highlight: Odisha: Graham Staines Murder Convict Dara Singh’s Remission Plea Sparks Conflict