ഭുവനേശ്വര്‍: ഒഡീഷയില്‍ നിന്നും ഹരിയാനയിലേക്ക് ഹെലികോപ്റ്റര്‍ യാത്ര നടത്തിയതിന് 46 ലക്ഷം രൂപയുടെ ബില്‍ എഴുതിയെടുത്ത ഗവര്‍ണര്‍ ഗണേഷി ലാലിനോട് വിശദീകരണം തേടി സര്‍ക്കാര്‍.
മുഖ്യമന്ത്രി സി.എം നവീന്‍ പട്‌നായികിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഡിപാര്‍ട്‌മെന്റാണ് ഗവര്‍ണറുടെ ഓഫീസിലേക്ക് വിശദീകരണം ആവശ്യപ്പെട്ട് കത്തയച്ചത്.
ദല്‍ഹിയിലേക്കുള്ള റൗണ്ട് ട്രിപ്പിനായി ചാര്‍ട്ടേഡ് ജെറ്റ് ഉപയോഗിച്ചെന്നും കഴിഞ്ഞ മാസം അവസാനം സിര്‍സ സന്ദര്‍ശിക്കാനായി ഹെലികോപ്റ്റര്‍ ഉപയോഗിച്ചതിന്റേയും ബില്ലായിട്ടായിരുന്നു 46 ലക്ഷം രൂപ എഴുതിയെടുത്തത്.
ചാര്‍ട്ടേഡ് ജെറ്റ് യാത്രയ്ക്ക് 41.8 ലക്ഷം രൂപയും സിര്‍സയിലേക്കുള്ള ഹെലികോപ്റ്റര്‍ യാത്രയ്ക്ക് 5 ലക്ഷം രൂപയുമായിരുന്നു ചിലവാക്കിയതായി കാണിച്ചത്.
ഗവര്‍ണറുടെ യാത്രയ്ക്കായി ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്തതിന്റെ കാരണവും വിമാനത്തിന്റെ ഷെഡ്യൂളില്‍ മാറ്റം വരുത്താനുള്ള കാരണവും എന്താണെന്നും ഇക്കാര്യത്തില്‍ കോംപിറ്റന്റ് അതോറിറ്റിയുടെ അനുമതി ലഭിച്ചിരുന്നോയെന്നും കത്തില്‍ ചോദിച്ചിട്ടുണ്ട്.
എന്നാല്‍ സംസ്ഥാനത്തിന് പുറത്തുള്ള ഗവര്‍ണറുടെ യാത്രയ്ക്ക് പ്രോട്ടോക്കോള്‍ പാലിക്കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ രാജ്ഭവനോ ഗവര്‍ണറുടെ ഓഫീസോ ഇതുവരെ പ്രതികരണമൊന്നും നല്‍കിയിട്ടില്ല. ഇക്കഴിഞ്ഞ മെയിലാണ് ഗണേഷി ലാല്‍ ഒഡീഷ ഗവര്‍ണറായി ചുമതലയേറ്റത്.