| Saturday, 13th July 2024, 4:07 pm

ആഡംബര കാർ അയച്ച് കൊടുത്തില്ല; രാജ്ഭവൻ ജീവനക്കാരനെ ആക്രമിച്ച് ഒഡിഷ ഗവർണറുടെ മകൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭുവനേശ്വർ: ആഡംബര കാർ അയച്ചില്ലെന്നാരോപിച്ച് രാജ്ഭവൻ ജീവനക്കാരനെ ഒഡിഷ ഗവർണറുടെ മകൻ ആക്രമിച്ചതായി പരാതി.
ഗവർണർ രഘുബർ ദാസിന്റെ മകൻ ലളിത് കുമാറാണ് ജീവനക്കാരനെ ആക്രമിച്ചത്. പുരി റെയിൽവേ സ്റ്റേഷനിൽ നിന്ന് കൊണ്ടുപോകാൻ ആഡംബര കാർ അയച്ചില്ലെന്നാരോപിച്ചായിരുന്നു മർദനം.

സെക്രട്ടറിയേറ്റിലെ ഗാർഹിക വിഭാഗത്തിലെ അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ ആയ ബൈക്കുണ്ഠ പ്രധാനാണ് ആക്രമണത്തിനിരയായത്‌.
ജൂലൈ 7 ന് രാത്രി ദാസിൻ്റെ മകൻ ലളിത് കുമാറും മറ്റ് അഞ്ച് പേരും ചേർന്ന് തന്നെ തല്ലുകയും ചവിട്ടുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.

അദ്ദേഹത്തിന്റെ ഭാര്യ സായൂജ് പ്രധാൻ ആണ് പരാതിയുമായി ആദ്യം മുന്നോട്ടെത്തിയത്.

‘ഗവർണറുടെ മകനെ കൂട്ടിക്കൊണ്ടുപോകാൻ ആഡംബര വാഹനം അയച്ചില്ലെന്നാരോപിച്ച് അവർ എന്റെ ഭർത്താവിനെ മർദിക്കുകയായിരുന്നു,’ അവർ പറഞ്ഞു.

തന്റെ ഭർത്താവിനെ ആക്രമിച്ച സംഭവത്തിൽ നിയമ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ വിഷയത്തെ സംബന്ധിച്ച് രാജ്ഭവനിൽ നിന്നോ പൊലീസിൽ നിന്നോ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും ഉണ്ടായിട്ടില്ല.

പ്രധാൻ ഗവർണറുടെ സെക്രട്ടറിക്ക് രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. പക്ഷേ പരാതിക്ക് ഇതുവരെയും പ്രതികരണം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

‘പരാതി നൽകിയിട്ടും ഇത് വരെയും പ്രതികരണം ഒന്നും ലഭിച്ചിട്ടില്ല. രാജ്ഭവൻ അധികൃതരോ പ്രിൻസിപ്പൽ സെക്രട്ടറി ശാശ്വത് മിശ്രയുടെയോ പ്രതികരണം ഇതുവരെയും ലഭിച്ചിട്ടില്ല,’ പ്രധാൻ പറഞ്ഞു. ഒഡിഷയിലെ സീ ബീച്ച് പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടുണ്ട്.

രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനം ഉള്ളതിനാൽ താമസ ഒരുക്കങ്ങളുടെ മേൽനോട്ടം വഹിക്കാൻ തന്നെയായിരുന്നു നിയമിച്ചിരുന്നതെന്നും ജൂലൈ ഏഴിന് രാത്രി 11 .45 ഓടെ താൻ ഓഫീസിൽ മുറിയിൽ ഇരിക്കുമ്പോൾ ഗവർണറുടെ സ്വകാര്യ പാചകക്കാരൻ തന്നെ കാണണമെന്ന് പറഞ്ഞതായെന്നും അദ്ദേഹം പറഞ്ഞു.

‘ഗവർണറുടെ സ്വകാര്യ പാചകക്കാരനെ കാണാൻ ചെന്നപ്പോൾ അവിടെ ഗവർണറുടെ മകൻ ലളിത് കുമാർ ഉണ്ടായിരുന്നു. എന്നെ കണ്ടതും അദ്ദേഹം മോശമായ ഭാഷയിൽ ശകാരിക്കാൻ തുടങ്ങി അതിനെതിരെ പ്രതികരിച്ചപ്പോൾ അവർ എന്നെ തല്ലാൻ തുടങ്ങി. സെക്യൂരിറ്റി ജീവനക്കാരും അവിടെയുണ്ടായിരുന്ന മറ്റെല്ലാവരും എന്നെ ആക്രമിക്കുന്നത് നോക്കി നിന്നു. മുഖത്തടിക്കുകയും ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും ചവിട്ടുകയും ചെയ്തു,’ അദ്ദേഹം പറഞ്ഞു.

ലളിത് കുമാർ തന്നെ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും പ്രധാൻ ആവശ്യപ്പെട്ടു.

Content Highlight: Odisha Governor’s son accused of assault on Raj Bhavan official for not sending luxury car to pick him up

We use cookies to give you the best possible experience. Learn more