ഒഡിഷക്ക് തകര്‍പ്പന്‍ ജയം; ഛേത്രിക്കും കൂട്ടര്‍ക്കും കണ്ണുനീര്‍
Indian Super League
ഒഡിഷക്ക് തകര്‍പ്പന്‍ ജയം; ഛേത്രിക്കും കൂട്ടര്‍ക്കും കണ്ണുനീര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 1st November 2023, 9:05 am

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒഡിഷ എഫ്.സിക്ക് ആവേശകരമായ വിജയം. ബംഗളൂരു എഫ്.സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഒഡിഷ തകര്‍ത്തത്. ഒഡിഷ എഫ്.സിയുടെ തട്ടകമായ കലിങ്ക സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-3-3 എന്ന ഫോര്‍മേഷനിലാണ് ഇരുടീമും കളത്തിലിറങ്ങിയത്.

മത്സരത്തിന്റെ എട്ടാം മിനിട്ടില്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയാണ് ആദ്യ ഗോള്‍ നേടിയത്. പെനാല്‍ട്ടി ബോക്‌സില്‍ നിന്നും ഛേത്രി ലക്ഷ്യം കാണുകയായിരുന്നു.

18ാം മിനിട്ടില്‍ ആര്‍. വില്യംസിലൂടെ സന്ദര്‍ശകര്‍ രണ്ടാം ഗോള്‍ നേടി. ഒഡിഷ എഫ്.സിയുടെ പ്രതിരോധത്തെ വിള്ളലേല്‍പ്പിച്ചുകൊണ്ടുള്ള ക്രോസില്‍ നിന്നും താരം ഗോള്‍ നേടുകയായിരുന്നു.

എന്നാല്‍ 23ാം മിനിട്ടില്‍ ലാലിതാതാങ്ക ക്വാവ്‌റിങ്ങിലൂടെ ഒഡിഷ മറുപടി ഗോള്‍ നേടി. പെനാല്‍ട്ടി ബോക്‌സിന് പുറത്ത് നിന്നും ഒരു മികച്ച ലോങ്ങ് റേഞ്ചറിലൂടെ താരം ഗോള്‍ നേടുകയായിരുന്നു.

45ാം മിനിട്ടില്‍ ഐസക് വന്‌ലാലുറുഅറ്റ്‌ഫെല നേടിയ ഗോളിലൂടെ ഒഡിഷ മത്സരത്തില്‍ ഒപ്പം പിടിച്ചു. പെനാല്‍ട്ടി ബോക്‌സിനുള്ളില്‍ നിന്നുമുള്ള കൂട്ടപൊരിച്ചിലില്‍ നിന്നും താരം ഗോള്‍ നേടുകയായിരുന്നു. ഒടുവില്‍ ആദ്യപകുതി പിന്നിടുമ്പോള്‍ 2-2 എന്ന നിലയില്‍ ഇരു ടീമും സമനിലയില്‍ പിരിയുകയായിരുന്നു.

52ാം മിനിട്ടില്‍ ബംഗളുരു താരം നയൊറം റോഷന്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ ടീം പിന്നീടുള്ള നിമിഷങ്ങളില്‍ പത്ത് പെരുമായാണ് കളിച്ചത്.

60ാം മിനിട്ടില്‍ ഒഡിഷ അമെയ് റണാവെഡിലൂടെ വിജയഗോള്‍ നേടി. പെനാല്‍ട്ടി ബോക്‌സില്‍ നിന്നും താരം ഗോള്‍ നേടുകയായിരുന്നു. മത്സരത്തിലേക്ക് തിരിച്ചു വരാന്‍ പിന്നീട് മികച്ച മുന്നേറ്റങ്ങള്‍ ബംഗളൂരു നടത്തിയെങ്കിലും ഒഡിഷയുടെ പ്രതിരോധം ഉറച്ചു നില്‍ക്കുകയായിരുന്നു.

ഒടുവില്‍ ഫൈനല്‍ മുഴങ്ങുമ്പോള്‍ ഒഡീഷ സ്വന്തം മണ്ണില്‍ അവിസ്മരണീയമായ വിജയം സ്വന്തമാക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിനോടേറ്റ തോല്‍വിയില്‍ നിന്നുള്ള തിരിച്ചുവരവും കൂടിയായിരുന്നു ഒഡിഷയുടേത്.

ജയത്തോടെ അഞ്ച് മത്സരങ്ങളില്‍ നിന്നും രണ്ടു വിജയവും ഒരു സമനിലയും രണ്ട് തോല്‍വിയും അടക്കം ഏഴ് പോയിന്റുമായി ആറാം സ്ഥാനത്താണ് ഒഡീഷ.

അതേസമയം ബംഗളൂരു എഫ്.സി അഞ്ച് മത്സരങ്ങളില്‍ നിന്നും ഒരു വിജയവും ഒരു സമനിലയും മൂന്ന് തോല്‍വിയുമടക്കം നാല് പോയിന്റുമായി പത്താം സ്ഥാനത്താണ്.

Content Highlight: Odisha FC won against Bangaluru FC in ISL.