| Saturday, 4th November 2023, 8:12 am

ഒറ്റ ഗോളില്‍ നോര്‍ത്ത് ഈസ്റ്റ് വീണു; ഒഡിഷ മുന്നേറുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒഡിഷ എഫ്.സിക്ക് ജയം. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഒഡിഷ കീഴടക്കിയത്.

ഒഡിഷയുടെ തട്ടകമായ കലിങ്ക സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-2-3-1 എന്ന ഫോര്‍മേഷനിലാണ് ഇരു ടീമും അണിനിരന്നത്.

മത്സരത്തിന്റെ 37ാം മിനിട്ടില്‍ ഡിഗോ മൗറീഷ്യസാണ് വിജയഗോള്‍ നേടിയത്. നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡ് ഗോള്‍ കീപ്പര്‍ മിച്ചു പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ വരുത്തിയ പിഴവില്‍ നിന്നുമായിരുന്നു മൗറീഷ്യസ് ഗോള്‍ നേടിയത്. ഗോള്‍ കീപ്പറുടെ റീബൗണ്ട് പിടിച്ചെടുത്ത താരം പെനാല്‍ട്ടി ബോക്‌സില്‍ നിന്നും ലക്ഷ്യം കാണുകയായിരുന്നു.

മറുപടി ഗോളിനായി നോര്‍ത്ത് ഈസ്റ്റ് നിരന്തരം മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഒഡിഷ പ്രതിരോധത്തിൽ ഉറച്ചുനില്‍ക്കുകയായിരുന്നു. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ഒഡിഷ സ്വന്തം ആരാധകരുടെ മുന്നില്‍ മികച്ച വിജയം സ്വന്തമാക്കുകയായിരുന്നു.

ഒഡിഷയുടെ തുടര്‍ച്ചയായ രണ്ടാം വിജയമായിരുന്നു ഇത്. കഴിഞ്ഞ മത്സരത്തില്‍ ബംഗളുരുവിനെയാണ് ഒഡിഷ തോല്‍പ്പിച്ചത്.

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് കഴിഞ്ഞ മത്സരത്തില്‍ ജംഷദ്പൂര്‍ എഫ്.സിയെ തോല്‍പിച്ച ആത്മവിശ്വാസവുമായാണ് ഒഡിഷക്കെതിരെ കളത്തിലിറങ്ങിയത്. എന്നാല്‍ കഴിഞ്ഞ മത്സരത്തിലെ പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതെ പോയതാണ് നോര്‍ത്ത് ഈസ്റ്റിന് തിരിച്ചടിയായത്.

ജയത്തോടെ ആറ് മത്സരങ്ങളില്‍ നിന്നും പത്ത് പോയിന്റുമായി നാലാം സ്ഥാനത്താണ് ഒഡിഷ. അതേസമയം അത്ര തന്നെ മത്സരങ്ങളില്‍ നിന്നും എട്ട് പോയിന്റുമായി ആറാം സ്ഥാനത്താണ് നോര്‍ത്ത് ഈസ്റ്റ്.

നവംബര്‍ ഏഴിന് എ.എഫ്.സി കപ്പില്‍ ഒഡിഷ മാസിയയെ നേരിടും. ഐ.എസ്.എല്ലില്‍ നവംബര്‍ 26ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ബംഗളുരു എഫ്.സിയെയും നേരിടും.

Content Highlight: Odisha fc beat Nort east united fc in ISL.

We use cookies to give you the best possible experience. Learn more