ഈ സീസണില്‍ തകര്‍പ്പന്‍ പ്രകടനമാണ് അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസി കാഴ്ചവെക്കുന്നത്. നിലവില്‍ താരം ബൂട്ടുകെട്ടുന്ന ക്ലബ്ബായ പാരീസ് സെന്റ് ഷെര്‍മാങ്ങുമായുള്ള കരാര്‍ അവസാനിക്കാനിരിക്കെ താരത്തെ സൈന്‍ ചെയ്യിക്കാന്‍ നിരവധി ക്ലബ്ബുകള്‍ രംഗത്തെത്തിയിട്ടുണ്ട്.
മെസി സൗദി അറേബ്യന്‍ ക്ലബ്ബിലേക്ക് വരണമെന്നും താരത്തോടൊപ്പം കളിക്കണമെന്നത് അതിയായ ആഗ്രഹമാണെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ അല്‍ ഹിലാലിന്റെ നൈജീരിയന്‍ താരം ഓഡിയോന്‍ ഇഗാലോ.
മെസിക്കൊപ്പം കളിക്കാന്‍ കഴിയുന്നത് വലിയ ബഹുമതിയാണെന്നും താരത്തെ പോലൊരു ലെജന്‍ഡിനൊപ്പം സമയം ചിലവിടാനാകുന്നത് വലിയ കാര്യമാണെന്നും ഇഗാലോ പറഞ്ഞു. സ്‌കൈ സപോര്‍ട്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
‘മെസിയെ ഞങ്ങള്‍ അല്‍ ഹിലാലിലേക്ക് സ്വാഗതം ചെയ്യുന്നു. എത്രയും പെട്ടെന്ന് അത് യാഥാര്‍ത്ഥ്യമാകുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. മെസിക്കൊപ്പം കളിക്കുകയെന്നത് ലോകത്തുള്ള എല്ലാ താരങ്ങളുടെയും ഉള്ളിലുള്ള സുന്ദര സ്വപ്‌നമാണ്.
അദ്ദേഹത്തിന്റെ സാന്നിധ്യം എന്നെ മികച്ച കളിക്കാരനാക്കുകയും അല്‍ ഹിലാലിനായി കൂടുതല്‍ സ്‌കോര്‍ ചെയ്യാന്‍ സഹായിക്കുകയും ചെയ്യും. അദ്ദേഹത്തിന്റെ വരവ് ക്ലബ്ബിനെ ഉന്നതിയിലെത്തിക്കുകയും രാജ്യത്തെ ഫുട്‌ബോള്‍ മെച്ചപ്പെടുത്തുകയും ചെയ്യും.
അദ്ദേഹം അല്‍ ഹിലാലിലേക്ക് വരുന്നത് ഗംഭീര അനുഭവമായിരിക്കും. നമുക്ക് നോക്കാം കാര്യങ്ങള്‍ എങ്ങനെയൊക്കെയാകുമെന്ന്,’ ഇഗാലോ പറഞ്ഞു.
ഖത്തര്‍ ലോകകപ്പിന് ശേഷം ലയണല്‍ മെസിയുടെ ട്രാന്‍സ്ഫര്‍ വിഷയത്തില്‍ അഭ്യൂഹങ്ങള്‍ വ്യാപകമായിരിക്കുകയാണ്. മെസി പി.എസ്.ജിയില്‍ തുടരുമോ എന്നുള്ള കാര്യത്തില്‍ അന്തിമ തീരുമാനം പുറത്തുവന്നിട്ടില്ല.
അതേസമയം മെസി ബാഴ്‌സയിലേക്ക് തന്നെ മടങ്ങുമെന്നും അല്ലെങ്കില്‍ റൊണാള്‍ഡോയെ പോലെ സൗദി അറേബ്യന്‍ ക്ലബ്ബിലേക്ക് ചേക്കേറുമെന്നും അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.
മെസി ഇതുവരെ വിഷയത്തില്‍ തന്റെ പ്രതികരണം അറിയിച്ചിട്ടില്ല. താരത്തിന്റെ വാക്കുകള്‍ക്ക് അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകര്‍.