സൗദി പ്രോ ലീഗില്‍ ചിരവൈരികളായ അല്‍ ഹിലാലിനോട് എതിരില്ലാത്ത രണ്ട് ഗോളിന്റെ തോല്‍വി ഏറ്റുവാങ്ങിയതിന്റെ നടുക്കത്തിലാണ് അല്‍ നസര്‍. പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനം ലക്ഷ്യം വെച്ച് മുന്നേറുന്ന അല്‍ നസറിന് ഈ തോല്‍വി നല്‍കുന്ന തിരിച്ചടി ചെറുതല്ല.
കിങ് ഫഹദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തിലായിരുന്നു അല്‍ നസറിന് ഞെട്ടിപ്പിക്കുന്ന തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നത്.
പെനാല്‍ട്ടിയിലൂടെയായിരുന്നു അല്‍ ഹിലാല്‍ രണ്ട് ഗോളും വലയിലാക്കിയത്. 42ാം മിനിട്ടിലും 62ാം മിനിട്ടിലും ലഭിച്ച പെനാല്‍ട്ടി ഓഡിയണ്‍ ഇഗാലോ പിഴവേതും കൂടാതെ വലയിലെത്തിച്ചപ്പോള്‍ സീസണിലെ മൂന്നാം തോല്‍വിയാണ് അല്‍ നസറിന് വഴങ്ങേണ്ടി വന്നത്.
റൊണാള്‍ഡോയെ മറികടന്ന് ഗോളടിച്ചുകൂട്ടിയ ഇഗാലോ ആരെന്നറിയാനുള്ള ആരാധകരുടെ തെരച്ചില്‍ ചെന്നെത്തി നിന്നത് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലാണ്. റൊണാള്‍ഡോയുടെ രണ്ടാം വരവിന് മുമ്പ് മുന്നേറ്റ നിരയിലെ പ്രധാനിയായിരുന്നു ഇഗാലോ.
ഷാങ്ഹായ് ഷെന്‍ഹ്വയില്‍ നിന്നും 2019-20 സീസണിലാണ് മാഞ്ചസ്റ്റര്‍ ഇഗാലോയെ സൈന്‍ ചെയ്യുന്നത്. സ്‌റ്റോപ് – ഗാപ് സ്‌ട്രൈക്കറുടെ റോളിലാണ് ടീം ഇഗാലോയെ അവതരിപ്പിച്ചത്. ഒരു വര്‍ഷത്തിലധികം ടീമിലുണ്ടായിട്ടും താരത്തിന് വെറും 23 മത്സരം മാത്രമാണ് കളിക്കാന്‍ സാധിച്ചത്, നേടിയതാകട്ടെ അഞ്ച് ഗോളും.
ഒരു വര്‍ഷം മാഞ്ചസ്റ്ററില്‍ ചെലവിട്ട ശേഷം താരം വീണ്ടും ഷാങ്ഹായിലേക്ക് മാറുകയായിരുന്നു.
ടീമിന്റെ മുന്നേറ്റ നിരയിലേക്ക് ഒരു താരം അത്യാവശ്യമാണതിനാല്‍ റെഡ് ഡെവിള്‍സ് റൊണാള്‍ഡോയെ യുവന്റസില്‍ നിന്നും രണ്ട് വര്‍ഷത്തെ കരാറില്‍ ടീമിലെത്തിക്കുകയായിരുന്നു. യുണൈറ്റഡിനൊപ്പമുള്ള സെക്കന്‍ഡ് റണ്‍ താരത്തെ സംബന്ധിച്ച് മറക്കാന്‍ ശ്രമിക്കുന്നതാണെങ്കിലും 2021-22 സീസണില്‍ താരം നേടിയ 24 ഗോളുകള്‍ എന്നും ആരാധകരെ സംബന്ധിച്ച് സ്‌പെഷ്യലായിരിക്കും.
അതേസമയം, സൗദി പ്രോ ലീഗില്‍ അല്‍ നസറിന്റെ അഞ്ചാം തോല്‍വിയാണിത്. മത്സരം വിജയിക്കാന്‍ സാധിച്ചിരുന്നുവെങ്കില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനുള്ള സാധ്യത കൂടിയാണ് ഈ തോല്‍വിയോടെ ഇല്ലാതായത്.
24 മത്സരത്തില്‍ നിന്നും 16 വിജയവും അഞ്ച് സമനിലയും മൂന്ന് തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് അല്‍ നസര്‍. 23 മത്സരത്തില്‍ നിന്നും 17 വിജയവും അഞ്ച് സമനിലയും ഒരു തോല്‍വിയുമായി അല്‍ ഇതിഹാദാണ് പട്ടികയിലെ ഒന്നാം സ്ഥാനക്കാര്‍.
കിങ് കപ് ഓഫ് ചാമ്പ്യന്‍സിന്റെ സെമി ഫൈനല്‍ മത്സരത്തിലാണ് അല്‍ നസര്‍ ഇനി കളിക്കുക. ഏപ്രില്‍ 24ന് എസ്.എം.സി സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ അല്‍ വെദയാണ് എതിരാളികള്‍.
Content Highlight: Odion Ighalo score 2 goals against Al Nassr