ഇന്ത്യയും ന്യൂസിലാന്റും ഓസ്‌ട്രേലിയയുമില്ലാതെ വേള്‍ഡ് ഒ.ഡി.ഐ ഇലവന്‍ 2021; ടീമില്‍ 2 ശ്രീലങ്കന്‍ താരങ്ങളും
DSport
ഇന്ത്യയും ന്യൂസിലാന്റും ഓസ്‌ട്രേലിയയുമില്ലാതെ വേള്‍ഡ് ഒ.ഡി.ഐ ഇലവന്‍ 2021; ടീമില്‍ 2 ശ്രീലങ്കന്‍ താരങ്ങളും
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 19th December 2021, 7:15 pm

ഏകദിന ക്രിക്കറ്റിനെ സംബന്ധിച്ച് അത്ര നല്ല വര്‍ഷമായിരുന്നില്ല 2021. ട്വന്റി-20 ലോകകപ്പും ടെസ്റ്റ് മത്സരങ്ങളുമായിരുന്നു 2021നെ സംബന്ധിച്ച് ഓര്‍ക്കാനുണ്ടായിരുന്നത്.

ഏകദിന ക്രിക്കറ്റിലെ പല മികച്ച ടീമുകള്‍ക്കും ഇതേ അവസ്ഥ തന്നെയാണ് പറയാനുള്ളത്. 2021ല്‍ 15 മത്സരങ്ങള്‍ കളിച്ച ശ്രീലങ്കയ്ക്ക് 11 കളിയിലും തോല്‍വിയായിരുന്നു ഫലം. 12 മത്സരങ്ങള്‍ കളിച്ച ബംഗ്ലാദേശിന് ജയിക്കാനായത് 8 മത്സരത്തിലാണ്.

അടുത്ത വര്‍ഷം നടക്കാനുള്ള ഏകദിന ലേകകപ്പിന് മുന്നോടിയായി ഈ വര്‍ഷത്തെ വേള്‍ഡ് ഇലവന്റെ ലൈനപ്പ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

ക്രിക്കറ്റ് ലോകത്തെ മികച്ച ടീമുകളായ ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും ന്യൂസിലാന്റിന്റെയും ഒറ്റ താരങ്ങള്‍ പോലുമില്ലാതെയാണ് 2021 വേള്‍ഡ് ഇലവന്റെ പ്രഖ്യാപനം.

ബംഗ്ലാദേശിന്റെ 4 താരങ്ങളും ശ്രീലങ്കയുടെ 2 താരങ്ങളും ടീമിലുണ്ട്. 2021ല്‍ കളിച്ച 15 മത്സരങ്ങളില്‍ 11ലും തോറ്റ ശ്രീലങ്കയില്‍ നിന്നുമാണ് 2 താരങ്ങള്‍ വേള്‍ഡ് ഇലവനില്‍ ഇടം പിടിച്ചത് എന്നതാണ് അത്ഭുതപ്പെടുത്തുന്ന വസ്തുത.

പാക് നായകന്‍ ബാബര്‍ അസമാണ് വേള്‍ഡ് ഇലവന്റെയും നായകന്‍. ദക്ഷിണാഫ്രിക്കന്‍ താരമായ ജന്നേമാന്‍ മലനാണ് ബാബറിനൊപ്പം ഓപ്പണറായി തെരഞ്ഞെടുക്കപ്പെട്ടത്.

ടീമിന്റെ മധ്യനിരയില്‍ കരുത്താവുന്നത് ബംഗ്ലാദേശ് കടുവകളാണ്. ബംഗ്ലാ താരങ്ങളായ തമീം ഇഖ്ബാലും മുഷ്ഫിഖര്‍ റഹീമും ടീമിന്റെ മിഡ് ഓര്‍ഡറില്‍ ബാറ്റേന്തും. ഇവര്‍ക്ക് പുറമെ പാക് താരം ഫഖര്‍ സമാനും ദക്ഷിണാഫ്രിക്കന്‍ താരം റാസി വാന്‍ ഡെര്‍ ഡുസെനും വേള്‍ഡ് ഇലവന്‍ ടീമിന്റെ മധ്യനിരയുടെ കരുത്താവും.

2 ഓള്‍ റൗണ്ടര്‍മാരാണ് ടീമിലുള്ളത്. ബംഗ്ലാദേശിന്റെ എക്കാലത്തേയും മികച്ച താരമായ ഷാകിബ് അല്‍ ഹസനും ശ്രീലങ്കന്‍ താരമായ വാഹിന്ദു ഹസരങ്കയും ഓള്‍ റൗണ്ടര്‍മാരായി ടീമില്‍ ഇടം നേടിയത്.

വേള്‍ഡ് ഇലവന്റെ ബോളിംഗ് ഡിപ്പാര്‍ട്ട്‌മെന്റിന് കരുത്താവുന്നത് ശ്രീലങ്കയുടെ വിശ്വസ്തനായ ദുഷ്മാന്ത ചമീരയും ബംഗ്ലാദേശിന്റെ മുസ്താഫിസുര്‍ റഹ്മാനും സൗത്ത് ആഫ്രിക്കന്‍ ഇടംകയ്യന്‍ സ്പിന്നര്‍ തബാരിസ് ഷംസിയുമാണ്.

വേള്‍ഡ് ഇലവന്‍

ബാബര്‍ അസം (പാകിസ്ഥാന്‍) – ക്യാപ്റ്റന്‍

ജന്നേമാന്‍ മലന്‍ (ദക്ഷിണാഫ്രിക്ക)

തമീം ഇഖ്ബാല്‍ (ബംഗ്ലാദേശ്)

ഫഖര്‍ സമാന്‍ (പാകിസ്ഥാന്‍)

റാസി വാന്‍ ഡെര്‍ ഡുസെന്‍ (ദക്ഷിണാഫ്രിക്ക)

മുഷ്ഫിഖര്‍ റഹീം (ബംഗ്ലാദേശ്) – വിക്കറ്റ് കീപ്പര്‍

വാഹിന്ദു ഹസരങ്ക (ശ്രീലങ്ക) – ഓള്‍ റൗണ്ടര്‍

ഷാകിബ് അല്‍ ഹസന്‍ (ബംഗ്ലാദേശ്) – ഓള്‍ റൗണ്ടര്‍

ദുഷ്മാന്ത ചമീര (ശ്രീലങ്ക)

മുസ്താഫിസുര്‍ റഹ്മാന്‍ (ബംഗ്ലാദേശ്)

തബാരിസ് ഷംസി (ദക്ഷിണാഫ്രിക്ക)