| Sunday, 24th December 2023, 9:52 am

ഒരു ലക്ഷം റണ്‍സടിച്ച് ബാറ്റര്‍മാര്‍, അതിലധികം പന്തെറിഞ്ഞ് ബൗളര്‍മാര്‍; കണക്കുകളിങ്ങനെ

സ്പോര്‍ട്സ് ഡെസ്‌ക്

2023 ക്രിക്കറ്റ് കലണ്ടര്‍ അവസാനത്തിലേക്കടുക്കുകയാണ്. ഇന്ത്യ – സൗത്ത് ആഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരവും പാകിസ്ഥാനെതിരെ നടക്കുന്ന ഓസ്‌ട്രേലിയയുടെ ബോക്‌സിങ് ഡേ ടെസ്റ്റുമടക്കം വളരെ കുറച്ച് മത്സരങ്ങളാണ് ഈ വര്‍ഷം ഇനി ബാക്കിയുള്ളത്.

ഈ വര്‍ഷത്തെ ഏകദിന മത്സരങ്ങളെല്ലാം ഇതിനോടകം തന്നെ അവസാനിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന ന്യൂസിലാന്‍ഡ് – ബംഗ്ലാദേശ് ഏകദിന പരമ്പരയിലെ സീരീസ് ഡിസൈഡര്‍ മത്സരമായിരുന്നു ഈ വര്‍ഷത്തെ അവസാന ഏകദിന മത്സരം.

2023 കലണ്ടര്‍ ഇയറില്‍ പല ഏകദിന റെക്കോഡുകളും പിറന്നിരുന്നു. ഒരു കലണ്ടര്‍ ഇയറിലെ ഏറ്റവുമധികം മാച്ച്, ഏറ്റവുമധികം റണ്‍സ്, ഏറ്റവുമധികം വിക്കറ്റ് തുടങ്ങി പല റെക്കോഡുകളാണ് 2023ല്‍ പിറവിയെടുത്തത്.

2023ല്‍ 218 ഏകദിന മത്സരങ്ങളാണ് നടന്നത്. ഒരു കലണ്ടര്‍ ഇയറിലെ ഏറ്റവുമധികം മത്സരങ്ങളുടെ റെക്കോഡാണിത്. ചരിത്രത്തിലാദ്യമായിട്ടാണ് ഒരു കലണ്ടര്‍ ഇയറില്‍ 200+ മത്സരങ്ങള്‍ നടന്നത് എന്നതും എടുത്തുപറയേണ്ട പ്രത്യേകതയാണ്.

ചരിത്രത്തിലാദ്യമായി ഒരു വര്‍ഷത്തില്‍ ബാറ്റര്‍മാര്‍ ചേര്‍ന്ന് ഒരു ലക്ഷത്തിലധികം റണ്‍സ് നേടുകയും ചെയ്തിരുന്നു. 1,02,185 റണ്‍സാണ് ബാറ്റര്‍മാര്‍ ചേര്‍ന്ന് അടിച്ചുകൂട്ടിയത്.

ബാറ്റര്‍മാര്‍ റെക്കോഡിട്ടപ്പോള്‍ ബൗളര്‍മാരും നിരാശരാക്കിയില്ല. പന്തെറിഞ്ഞതിന്റെയും വിക്കറ്റ് വീഴ്ത്തിയതിന്റെയും ഇരട്ട റെക്കോഡുകളുമായാണ് ബൗളര്‍മാര്‍ തിളങ്ങിയത്.

ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവുമധികം പന്തെറിഞ്ഞതിന്റെ റെക്കോഡാണ് ഇതില്‍ ആദ്യത്തേത്. 1,10,622 ഡെലിവെറികളാണ് ബൗളര്‍മാര്‍ എറിഞ്ഞുതീര്‍ത്തത്. ചരിത്രത്തിലാദ്യമായാണ് ഒരു വര്‍ഷത്തില്‍ ബൗളര്‍മാര്‍ ചേര്‍ന്ന് ഒരു ലക്ഷത്തിലധികം പന്തുകളെറിയുന്നത്.

ചരിത്രത്തിലാദ്യമായി 3,000+ വിക്കറ്റ് വീഴ്ത്തിയും ബൗളര്‍മാര്‍ റെക്കോഡിട്ടു. 3,306 വിക്കറ്റുകളാണ് ബൗളര്‍മാര്‍ ചേര്‍ന്ന് എറിഞ്ഞിട്ടത്.

ഒരു കലണ്ടര്‍ ഇയറിലെ ഏറ്റവും മികച്ച റണ്‍ റേറ്റിന്റെ റെക്കോഡും ഈ വര്‍ഷം തന്നെയാണ് പിറവിയെടുത്തത്. 5.54 ആണ് ഈ വര്‍ഷത്തെ ഏകദിന റണ്‍ റേറ്റ്.

Content Highlight: ODI records of 2023

We use cookies to give you the best possible experience. Learn more